- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്ഷികളിൽ നിന്നും മൃഗങ്ങളിലേക്ക് പടർന്നു കഴിഞ്ഞു; ഇനി ഏതു നിമിഷവും മനുഷ്യരിലെത്താം; മനുഷ്യകുലത്തിന് അടുത്ത വിനയാകാൻ പക്ഷിപ്പനി എത്തുന്നുവെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
കോവിഡിന്റെ ആക്രമണം തീർത്ത ദുരിതങ്ങളിൽ നിന്നും ഇനിയും പൂർണ്ണമായും കരകയറാത്ത മനുഷ്യകുലത്തിന് മറ്റൊരു ദുരിതവുമായി പക്ഷിപ്പനി എത്തുന്നു എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഇതിനു കാരണമാകുന്ന വൈറസ് പക്ഷികളിൽ നിന്നും സസ്തനികളിലേക്ക് കടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. നീർനായ, കുറുക്കൻ എന്നീ മൃഗങ്ങളിലാണ് ഇപ്പോൾ പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച് 5 എൻ 1 എന്ന വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്നലെ നടന്ന ഒരു വെർച്ച്വൽ സമ്മേളനത്തിനിടയിലാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗെബ്രെയേസുസ്, എല്ലാ രാജ്യങ്ങളോടും സസ്തനികളെ സസൂക്ഷ്മം നിരീക്ഷക്കണം എന്ന് ആവശ്യപ്പെട്ടത്. മൃഗങ്ങളിൽ നിന്നും വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത തീരെ കുറവാണെന്ന് പറഞ്ഞ ടെഡ്രോ പക്ഷെ അത്തരമൊരു സാധ്യത തള്ളിക്കളയാനും ആകില്ലെന്ന് പറഞ്ഞു.
യു കെയിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ പക്ഷിപ്പനി വ്യാപനം സസ്തനികളെയും ബാധിച്ചു എന്ന റിപ്പോർട്ട് വന്നതിന് തൊട്ടു പിന്നാലെയാണ് ഈ മുന്നറിയിപ്പ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വടക്ക് പടിഞ്ഞാറൻ സ്പെയിനിലും കഴിഞ്ഞ മാസം നീർനായ്ക്കൾക്കിടയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എച്ച് 5 എൻ 1 ന്റെ സാന്നിദ്ധ്യം നേരത്തെ മനുഷ്യരിലും റിപ്പൊർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും അത് വളരെ വിരളമായിരുന്നു. മാത്രമല്ല, രോഗബാധയുള്ള, ജീവനുള്ളതോ മരിച്ചതോ ആയ പക്ഷികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ വന്നതായിരുന്നു അതെന്നും കണ്ടെത്തിയിരുന്നു.
മനുഷ്യരേയോ സസ്തനികളേയോ ഈ വൈറസ് അത്രയെളുപ്പത്തിൽ ബാധിക്കുകയില്ല. എന്നാൽ, ഇപ്പോൾ സസ്തനികളെ ബാധിച്ചു തുടങ്ങി എന്ന റിപ്പോർട്ട് ഏറെ ആശങ്ക പരത്തുന്നതാണ്. വൈറസിന് മ്യുട്ടേഷൻ സംഭവിച്ചോ എന്നതാണ് ഏറ്റവുമധികം ആശങ്ക ഉയർത്തുന്ന സംശയം. ഈ മ്യുട്ടേഷൻ വഴി അവ മനുഷ്യ ശരീരത്തെ ബാധിക്കുന്നതിനുള്ള കഴിവും നേടിയിരിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
ഇപ്പോൾ നീർനായയിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് അപകടകരമായ ഒന്നാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു. രണ്ട് വ്യത്യസ്ത വൈറസുകൾ തമ്മിൽ ജനിതക ഘടനകൾ കൈമാറി പുതിയ സങ്കരയിനം വൈറസുകൾ ഉണ്ടാകാൻ ഇടയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 2009-ൽ ലോകത്തെയാകെ വിറപ്പിച്ച സ്വൈൻ ഫ്ളൂ അത്തരത്തിലുള്ള സങ്കരയിനം വൈറസ് മൂലമുണ്ടായതാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, കോവിഡ് കാലത്തും ഇത്തരത്തിൽ വൈറസുകൾ റീകോമ്പിനേഷനിലൂടെ പുതിയ വകഭേദങ്ങളെ സൃഷ്ടിക്കുന്നതും നമ്മൾ കണ്ടതാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഡെൽറ്റയുടെയും ഓമിക്രോണിന്റെയും റീകോമ്പിനേഷൻ ഫ്രാൻസിൽ കണ്ടെത്തിയിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ലോകവ്യാപകമായ ഒരു മഹാവ്യാധിയായി മാറാൻ സാധ്യതയുള്ള ഒന്നാണ് പക്ഷിപ്പനി എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ