ദിവസവും തികച്ചും വ്യത്യസ്തമായ ഭക്ഷണം കഴിക്കണം എന്നു തന്നെയാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ രീതിയിലുള്ള പാചകങ്ങളും നമ്മൾ ശ്രമിക്കാറുണ്ട്. എന്നാൽ, ഓരോ ഭക്ഷണ പദാർത്ഥം കഴിക്കുന്നതിനു മുൻപും അത് എങ്ങനെ നമ്മുടെ ശരീരത്തെ ബാധിക്കും എന്ന് ചിന്തിക്കാറുണ്ടോ ? വളരെ കുറച്ചുപേർ മാത്രം ആഹാരം ശരീരത്തിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്ന് നോക്കാറുള്ളു.

എന്നാൽ, ഇപ്പോൾ ശാസ്ത്രജ്ഞർ പറയുന്നത് നിങ്ങൾ കഴിക്കുന്ന ഭക്ഷണം ശാരീരികമായ ആരോഗ്യത്തെ മാത്രമല്ല, ബൗദ്ധിക ആരോഗ്യത്തെയും സ്വാധീനിക്കുന്നു എന്നാണ്. അതായത് ഭക്ഷണ പദാർത്ഥങ്ങൾക്ക് നമൂടെ മസ്തിഷ്‌കത്തെയും സ്വാധീനിക്കാൻ കഴിയുമെന്ന് ചുരുക്കം. മാത്രമല്ല, മാനസികാരോഗ്യത്തെയും ഭക്ഷണം സ്വാധീനിക്കും.

ലോക പ്രശസ്ത ബുദ്ധി പരീക്ഷകനായ ജെയിംസ് ഫ്ളിൻ പറയുന്നത് ലോകത്തിലെ വികസിത രാജ്യങ്ങളിലെ ജനതയുടെ ഐ ക്യു നിലവാരം 1990 കൾക്ക് ശേഷം താഴോട്ട് പോകുന്നു എന്നാണ്. നിരവധി പതിറ്റാണ്ടുകൾ ഇത് ക്രമമായി ഉയരുകയായിരുന്നു അതിന് മുൻപ് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ 2018-ലെ റിപ്പോർട്ടിൽ പറയുന്നത് യു കെയിലെ ഐ ക്യൂ നിലവാരം തീരെ താഴ്ന്നു എന്നാണ്.

ഐ ക്യൂ അതിന്റെ പാരമ്യതയിൽ എത്തിയതാണെങ്കിൽ പിന്നെ ആ ഗ്രാഫ് തിരശ്ചീനമായി പോകുന്നതായിരിക്കും കാണാൻ കഴിയുക. എന്നാൽ ഇവിടെ അത് താഴോട്ട് വരികയാണ്. അതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 30 വർഷമായി ഇതാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അമിതമായി സംസ്‌കരിക്കപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ തന്നെയാണ് ഇതിനു കാരണം എന്ന് അദ്ദേഹം പറയുന്നു.

ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ നിശ്ചയമായും നാലു നിയമങ്ങൾ അനുസരിക്കണമെന്ന് അദ്ദേഹം പറയുന്നു. അവ താഴെ കൊടുത്തിരിക്കുന്നു.
* നിങ്ങളുടെ മുത്തശ്ശി ഭക്ഷണമായി പരിഗണിക്കാത്തതൊന്നും ഭക്ഷിക്കരുത്.
* അഞ്ചിൽ കൂടുതൽ ചേരുവകൾ ഉള്ള ഒരു ഭക്ഷണ പദാർത്ഥവും വാങ്ങരുത്.
* ആദ്യ മൂന്ന് ചേരുവകളിൽ ഒന്ന് പഞ്ചസാരയാണെങ്കിൽ ആ ഭക്ഷണം കഴിക്കരുത്.
* ഒരു ഭക്ഷണ പദാർത്ഥത്തെ കുറിച്ച് പറയാൻ നിങ്ങൾക്ക് ആവില്ലെങ്കിൽ അത് കഴിക്കരുത്.

പോഷകാഹാരങ്ങളിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുടെ ഒരു കൂട്ടായ്മ അടിസ്ഥാനപരമായി ഭക്ഷണ പദാർത്ഥങ്ങളെ നാലായാണ് തിരിച്ചിരിക്കുന്നത് എൻ ഒ വി എ (നോവ) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ എൻ എന്ന അക്ഷരം സൂചിപ്പിക്കുന്നത് നാച്ചുറൽ എന്ന പദത്തെയാണ്. യാതോരു വിധ സംസ്‌കരണത്തിനും വിധേയമാകാത്ത സ്വാഭാവിക ഭക്ഷണ പദാർത്ഥങ്ങൾ ആണിവ. ഭക്ഷണ യോഗ്യമായ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

രണ്ടാമത്തേത് ഓബ്റ്റെയ്ൻഡ് ഫുഡ് എന്ന വിഭാഗത്തിൽ പെടുന്നവ ആദ്യ വിഭാഗത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങളാണ്. പഞ്ചസാര, ശർക്കര തേൻ എന്നിവയൊക്കെ ഈ വിഭാഗത്തിൽ പെടുന്നു. സസ്യ എണ്ണകൾ, വെണ്ണ, നെയ്യ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മൂന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നവ പാചകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങളാണ്. അതായത് ഗ്രൂപ്പ് രണ്ടിൽ പെടുന്നവ ഗ്രൂപ്പ് ഒന്നിൽ പെടുന്ന ഭക്ഷണ പദാർത്ഥങ്ങളുമായി കൂട്ടിക്കലർത്തി ഉണ്ടാക്കുന്നവ.

നാലാമത്തേതാണ് ഏറ്റവും അപകടകാരികളായ, അമിതമായി സംസ്‌കരണം ചെയ്യപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ. അനാരോഗ്യകരമായ കൊഴുപ്പ്, രിഫൈൻഡ് സ്റ്റാർക്ക്, എന്നിവയെല്ലാം ഇതിൽ ഉണ്ടാകും. ഏതു സമയത്തും എവിടെ വെച്ചും കഴിക്കാവുന്ന രീതിയിലുള്ള ഈ ഭക്ഷണ പദാർത്ഥങ്ങൾ ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കുവാനും കഴിയുന്നവയാണ്. ഇത്തരം ഉദ്പന്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ അഞ്ചോ അതിലധികമോ ചേരുവകൾ ഇതിൽ ചേർക്കും.

അമേരിക്കയാണ് ഇത്തരം ഭക്ഷണ പദാർത്ഥങ്ങളുടെ ഉപഭോഗത്തിൽ മുന്നിട്ട് നിൽക്കുന്നത്. തൊട്ടുപിന്നിലായി ബ്രിട്ടനും ഉണ്ട്. ഡെമൻഷിയ പോലുള്ള രോഗങ്ങൾ ധാരാളമായി ഉണ്ടാകുന്നത് ഇതിന്റെ ഉപയോഗം മൂലമാണ് എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.