- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലയാളുകൾക്ക് എന്തുകൊണ്ട് കോവിഡ് ബാധിച്ചാലും ഒന്നും സംഭവിക്കുന്നില്ല ? ചിലർ മറ്റു രോഗങ്ങൾ ഇല്ലെങ്കിൽ പോലും മരിക്കുന്നത് എന്തുകൊണ്ട് ? കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കണ്ടുപിടുത്തവുമായി ആസ്ട്രേലിയൻ ശാസ്ത്രജ്ഞർ
ഈ നൂറ്റാണ്ടിലെ മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഒന്ന് എന്നുതന്നെ പറയാവുന്ന ഒരു നേട്ടമാണ് യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ശാസ്ത്രജ്ഞർ കൈവരിച്ചിരിക്കുന്നത്. കോവിഡിനെ തടയുകയും വൈറസിനെതിരായി സ്വാഭാവികമായ പ്രതിരോധം തീർക്കുകയും ചെയ്യുന്ന ശ്വാസകോശത്തിലെ ഒരു പ്രോട്ടീനെയാണ് അവർ കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവികമായി തന്നെ ഉണ്ടാകുന്ന എൽ ആർ ആർ സി 15 എന്ന ഈ പ്രോട്ടീൻ ഒരു വെല്ക്രോ പോലെ വൈറസുമായി പറ്റിപ്പിടിക്കുകയാണ് ചെയ്യുന്നത്.
അങ്ങനെ അത് കോവിഡ് കണികകളെ മനുഷ്യകോശവുമായി ഒട്ടിയിരിക്കുന്നതിൽ നിന്നും തടയുകയും രോഗബാധയെ തടയുകയും ചെയ്യും. ചിലർക്ക് ഈ രോഗം വളരെ ഗുരുതരമാകുന്നതെന്തുകൊണ്ടെന്നും ചിലരിൽ വളരെ ദുർബലമായ ലക്ഷണങ്ങൾ മാത്രം കാണപ്പെടുന്നു എന്നും ഉള്ള സംശയങ്ങൾ ദൂരീകരിക്കുകയാണ് ഈ കണ്ടുപിടുത്തം. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതു വരെ എൽ ആർ ആർ സി 15 ഉണ്ടെന്ന് കണ്ടെത്താൻ ആയില്ല. എന്നാൽ, വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗബാധക്ക് മുൻപായി ഇത് പ്രത്യക്ഷപ്പെടുന്നു.
ശരീരത്തിന്റെ കോവിഡിനെ നേരിടുവാനുള്ള കഴിവിനെ ഈ പ്രോട്ടീൻ കൂടുതൽ സജീവമാക്കുന്നു. കോവിഡിനെ തുരത്താനുള്ള പുതിയ മരുന്നുകൾ വികസിപ്പിക്കുവാൻ ഈ കണ്ടെത്തൽ ഉപകാരപ്പെടുമെന്നാണ് ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞർ പറയുന്നത്. ഈ പ്രോട്ടീൻ ആവശ്യത്തിന് ഉദ്പാദിപ്പിക്കപ്പെടാതെ; പോയതാണ് ചിലർ ഈ രോഗം മൂലം മരണപ്പെടാൻ കാരണമായതെന്നാണ് ഇപ്പോൾ ഇവർ വിശ്വസിക്കുന്നത്.
എൽ ആർ ആർ സി 15 ന് വെണ്ടി രക്ത സാമ്പിളുകൾ പരിശോധിച്ച് ലണ്ടനിൽ നടത്തിയ മറ്റൊരു പഠനത്തിലും ഈ കണ്ടെത്തലിനെ പിന്താങ്ങുന്ന രീതിയിൽ ഉള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഗുരുതരമായ കോവിഡ് ബാധിച്ചവരുടെ രക്തത്തിൽ ഈ പ്രോട്ടീന്റെ അളവ്, ദുർബലമായ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചവരിൽ ഉണ്ടായിരുന്നവരുടേതിനെക്കാൾ കുറവായിരുന്നു എന്നാണ് ഈ പഠനത്തിൽ കണ്ടെത്തിയത്. എൽ ആർ ആർ സി 15 ഉപയോഗിച്ച് ഇപ്പോൾ കോവിഡിനെതിരെ രണ്ട് ചികിത്സാ രീതികൾ വികസിപ്പിക്കുകയാണെന്ന് ഗവേഷകർ അറിയിച്ചു.
എല്ലാത്തരം വകഭേദങ്ങൾക്ക് എതിരെയും ഫലവത്താകുന്ന ഈ ചികിത്സാരീതികളിൽ ആദ്യത്തേതിൽ മൂക്കിലൂടെയായിരിക്കും ചികിത്സ ആരംഭിക്കുക. കൂടുതൽ ഗുരുതരമായ രോഗം ബാധിച്ചവർക്കുള്ള രണ്ടാമത്തെ രീതിയിൽ നേരിട്ട് ശ്വാസകോശത്തെയായിരിക്കും ചികിത്സിക്കുക. തികച്ചും സ്വതന്ത്രമായ ഗവേഷണങ്ങൾ നടത്തിയ മൂന്ന് സംഘങ്ങളാണ് ഈ പ്രോട്ടെനും കോവിഡുമായുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഗവേഷണ സംഘത്തിനു പുറമെ യു കെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകരും അമേരിക്കയിലെ യേൽ ആൻഡ് ബ്രൗൺ യൂണിവേഴ്സിറ്റി ഗവേഷകരും ഇത് കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്