- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനിയും തലവേദനയുമായി ആദ്യ ദിനങ്ങൾ; പൊടുന്നനെ ആന്തരികാവയവങ്ങൾ ഓരോന്നായി പ്രവർത്തനം നിർത്തും; ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നും കാമറൂണിലേക്ക് പടർന്ന് മാർബർഗ് വൈറസ്; അടുത്ത മഹാമാരിയെ കണ്ട് ഭയന്ന് ലോകം
സമയത്തിനെതിരെ ഓടുകയാണ് ശാസ്ത്രലോകം, ലോകത്തെ മറ്റൊരു മഹാമാരിയിൽ നിന്നും രക്ഷിക്കാൻ. എബോളയേക്കാൾ മാരകമായ ഒരു വൈറസിന്റെ സാന്നിദ്ധ്യം ഭൂമിയിൽ സ്ഥിരീകരിച്ചതോടെ അതിനെ പ്രതിരോധിക്കാൻ കെൽപുള്ള വാക്സിൻ അത്യാവശ്യമായി വന്നിരിക്കുന്നു. അതാണ് ഇപ്പോൾ ശാസ്ത്ര ലോകത്തെ പ്രധാന ചർച്ചാ വിഷയവും. മദ്ധ്യ അമേരിക്കയിൽ കണ്ടെത്തിയ മാർബർഗ് വൈറസണ് ഇപ്പോൾ ലോകത്തെ ഭയപ്പെടുത്തുന്നത്.
ആദ്യം ഒരു സാധാരണ ജലദോഷമായി തുടങ്ങി പൊടുന്നനെ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന ഈ രോഗം ബാധിച്ചാൽ, ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും, വിവിധ ഭാഗങ്ങളിലൂടെ രക്തസ്രാവം ഉണ്ടാവുകയും ചെയ്യും. രോഗം ബാധിച്ച പത്തുപേരിൽ ഒൻപത് പേരും മരണപ്പെടും എന്നതാണ് ഇതിനെ ഏറ്റവും ഭയാനകമാക്കുന്നത്.
മാർബർഗ് എന്ന ഈ വൈറസ് ബാധിച്ചെന്നു കരുതപ്പെടുന്ന 16 പേരിൽ ഒൻപത് പേർ മരിച്ചതോടെയാണ് ഇക്വിറ്റോറിയൽ ഗിനിയയിൽ പടരുന്ന ഈ രോഗം ലോക ശ്രദ്ധയാകർഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് അയൽരാജ്യമായ കാമറൂണിലും സ്ഥിരീകരിച്ചു. കാമറൂണിൽ രോഗം സ്ഥിരീകരിക്കപ്പെട്ട രണ്ടുപേരും ഇക്വിറ്റോറിയൽ ഗിനിയയിലേക്ക് യാത്ര ചെയ്യാത്തവരാണെന്ന വസ്തുത, ഈ രോഗത്തിന്റെ വ്യാപനം കണക്കുകൂട്ടിയതിലും അപ്പുറമാണെന്ന് തെളിയിക്കുന്നു.
എബോളയുടേതിനു സമാനമായ, രക്തസ്രാവത്തോടു കൂടിയ പനി തന്നെയാണ് മാർബർഗ് ബാധയിലും ഉണ്ടാകുന്നത്. ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് ദിവസങ്ങളോളം, ചിലപ്പോൾ ആഴ്‌ച്ചകളോളം സുഖസുഷുപ്തിയിൽ ആണ്ട ശേഷം പ്രവർത്തനം ആരംഭിക്കുമ്പോൾ ശരീരത്തിനകത്ത് വീക്കം ഉണ്ടാവുകയും രക്തം കട്ടപിടിക്കുകയുമൊക്കെ ചെയ്യും. ഇത് ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിലേക്ക് നയിക്കും.
രോഗബാധിതനായ ഒരു വ്യക്തിയുടെ ശാരീരത്തിലെ മുറിവിലോ അല്ലെങ്കിൽ കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിലെ മ്യുക്കസ് സ്തരവുമായോ അടുത്ത സമ്പർക്കം പുലർത്തുമ്പോഴാണ് രോഗം പടരുക. രക്തം അതുപോലെ മൂത്രം, ഉമിനീര്, വിയർപ്പ്, മലം, ഛർദ്ദി, മുലപ്പാൽ, ശുക്ലം തുടങ്ങിയ ശരീര സ്രവങ്ങൾ എന്നിവയിലൂടെയാണ് മാർബർഗ് പടരുക. രോഗബാധിതനോ അല്ലെങ്കിൽ രോഗം ബാധിച്ച് മരിച്ചതോ ആയ വ്യക്തിയുടെ ശരീര സ്രവങ്ങളുമായി സമ്പർക്കം ഉണ്ടായാൽ ഇത് പടരും.
ഒരിക്കൽ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്നാഴ്‌ച്ച വരെ കഴിഞ്ഞതിനു ശേഷമായിരിക്കും മാർബർഗ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. എന്നാൽ, ആദ്യ ലക്ഷണങ്ങൾക്ക് ശേഷം ഗുരുതര ലക്ഷണങ്ങളിലേക്കുള്ള മാറ്റം അതിവേഗതയിലായിരിക്കും. ശരീരാരോഗ്യം അതിവേഗം ക്ഷയിച്ചു തുടങ്ങും. ശരീരത്തിൽ പ്രവേശിച്ചാൽ ഈ വൈറസ് ആദ്യം ലക്ഷ്യം വയ്ക്കുന്നത് പ്രതിരോധ കോശങ്ങളെയായിരിക്കും. അവയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിലൂടെ ശ്വേത രക്താണുക്കളെ സജീവമാക്കാൻ ശരീരത്തിന് കഴിയാതെ വരുന്നു. ഇത് വൈറസിന് പെറ്റുപെരുകാൻ അവസരമൊരുക്കുന്നു.
ഇതിന്റെ ആദ്യ ലക്ഷണങ്ങൾ സാധാരണ ജലദോഷം, പനി, തലവേദന എന്നിവയൊക്കെ ആയിരിക്കും. ഇവയെല്ലാം മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയതിനാൽ, തുടക്കത്തിൽ ഇത് കണ്ടുപിടിക്കാൻ ഏറെ ക്ലേശകരമാണ്. രണ്ടാം ഘട്ടത്തിലേക്ക് കടന്നാൽ പിന്നെ ചികിത്സിച്ചാലും ഏറെ ഫലം ലഭിക്കുകയുമില്ല. മഞ്ഞപ്പിത്തം, കൂടെക്കൂടെ ഓക്കാനം വരിക, വയറു വേദന, തൊണ്ടയടപ്പ് എന്നിവയും ആദ്യ ദിനങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ലക്ഷണങ്ങളാണ്.
സാധാരണയായി രോഗബാധയുണ്ടായി അഞ്ചാം ദിവസം ഇത് ആന്തരികാവയവങ്ങളെ ബാധിച്ചു തുടങ്ങും. ഓർഗൻ ഫേസ് എന്നാണ് ഈ ഘട്ടത്തെ വൈദ്യശാസ്ത്രം വിളിക്കുന്നത്. ഇതോടെയായിരിക്കും ദുരിതങ്ങൾ കൂടുക.. ആന്തരിക രക്ത്സ്രാവം മനുഷ്യന്റെ രൂപം തന്നെ മാറ്റിക്കളയും. ഈ കാലയളവിൽ ഉയർന്ന ശരീരോഷ്മാവും അനുഭവപ്പെടും. ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് എട്ടോ ഒൻപതോ ദിവസങ്ങൾക്കുള്ളിൽ രോഗി മരണമടയുന്നതായാണ് കാണപ്പെടുന്നത്.
പിന്നെയും രോഗി ജീവനോടെ ഇരിക്കുകയാണെങ്കിൽ, രണ്ടാം ഓർഗൻ ഫേസിലേക്ക് കടക്കും. ഡിമെൻഷ്യ ബാധിക്കാൻ ഇടയുള്ള ഈ ഘട്ടത്തിൽ രോഗി പൂർണ്ണമായും ബോധരഹിതനാകാനും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച ലോകാരോഗ്യ സംഘടന ഈ രോഗത്തെ കുറിച്ച് കൂടുതൽ വിശദമായ ചർച്ചകൾക്കായി ഒരു അടിയന്തര യോഗം കൂടിയിരുന്നു.
ഈ വൈറസിനെ ചെറുക്കാനുള്ള ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. അതുപോലെ ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും സമയമെടുക്കും. എന്നാൽ, അതിന് മാസങ്ങൾ മതിയാകില്ലെന്നും വർഷങ്ങൾ എടുത്തേക്കാമെന്നുമാണ് ചില വിദഗ്ദ്ധർ പറയുന്നത്. എന്നാൽ, റീഹൈഡ്രേഷൻ, ചില ലക്ഷണങ്ങൾക്കുള്ള മരുന്നുകൾ എന്നിവ കൊണ്ട് മരണ നിരക്ക് കുറക്കാൻ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.