- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് താരം ബ്രൂസ് വില്ലീസിനും ഡിമെൻഷ്യ സ്ഥിരീകരിച്ചതോടെ ഈ ചികിത്സയില്ലാത്ത രോഗത്തിന്റെ പുതിയ ലക്ഷണങ്ങളും വൈറലായി; തെറ്റായി പാർക്ക് ചെയ്യുന്നതും പതിവില്ലാതെ തെറി വിളിക്കുന്നതും വരെ ഡിമെൻഷ്യാ രോഗ ലക്ഷണങ്ങൾ
ലോകമാകമാനമായി ലക്ഷക്കണക്കിന് ആളുകളെ ഒരു ശാപം പോലെ ഗ്രസിച്ച ക്രൂരമായ രോഗം. ഓർമ്മകൾ ഇല്ലാത്ത ലോകത്ത് ജീവിക്കാൻ വിധിക്കപ്പെട്ട നിസ്സഹായരുടെ നീറുന്ന വേദനകൾക്ക് ഇനിയും ഒരു പരിഹാരം കണ്ടെത്താനായിട്ടില്ല. എന്നിട്ടും സന്നദ്ധ സേവന സംഘടനകൾ ഒന്നും തന്നെ പൊതുജനങ്ങൾക്കിടയിൽ ഡിമെൻഷ്യ എന്ന മാരക രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളെ കുറിച്ച് അവബോധം ഉണർത്താൻ ആവശ്യമായത്ര നടപടികൾ സ്വീകരിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരമായ വസ്തുത.
പ്രശസ്ത ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് ഈ മാരക രോഗത്തിന്റെ പിടിയിലാണെന്ന വാർത്ത പുറത്തു വരുമ്പോൾ ഇതിന്റെ ചില വിചിത്രമായ ലക്ഷണങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കാം. പെരുമാറ്റ രീതികൾ, ഭാഷ എന്നിവയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഫ്രണ്ടോടെമ്പൊറൽ ഡിമെൻഷ്യ ആണ് താരത്തെ ബാധിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള ഡിമെൻഷ്യകളിൽ തീരെ വിരളമായ ഒരിനമാണിത്. ലോകത്തിലെ മൊത്തം ഡിമെൻഷ്യ രോഗികളുടെ എണ്ണം എടുത്താൽ പരമാവധി 2 ശതമാനം പേർക്ക് മാത്രമായിരിക്കും ഇത്തരത്തിലുള്ള ഡിമെൻഷ്യ ഉള്ളത്.
ഏറ്റവും വ്യാപകമായി ഉള്ളത് അൽഷിമേഴ്സ് എന്ന വിഭാഗത്തിലുള്ള ഡിമെൻഷ്യയാണ്. മൊത്തം ഡിമെൻഷ്യ രോഗികളിൽ നാലിൽ മൂന്ന് പേർക്കും ഈ ഇനം ഡിമെൻഷ്യയാണ് ബാധിക്കുന്നത്. അപരിചിതർക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ തന്നെ പണം നൽകാൻ തുടങ്ങുന്നത് അൽഷിമേഴ്സിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. യു എസ് സിയും ഇസ്രയേലിലെ ബാർ ഇയാൻ യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.
തരം താണ തമാശകൾ ആസ്വദിക്കാൻ തുടങ്ങുന്നത് ഈ രോഗത്തിന്റെ മറ്റൊരു പ്രാഥമിക ലക്ഷണമാകാം എന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞർ പറയുന്നു. അല്പം ദ്വയാർത്ഥ പ്രയോഗങ്ങൾ ഉള്ള തമാശകളായിരിക്കും ഇവർ കൂടുതലായി ആസ്വദിക്കുക എന്നും അൽഷമേഴ്സ് ബാധിച്ച 48 പേരിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. സന്ദർഭത്തിനും സാഹചര്യത്തിനും അനുസൃതമായി വസ്ത്രം ധരിക്കാൻ പരാജയപ്പെടുന്നതും ഈ രോഗത്തിന്റെ മറ്റൊരു ലക്ഷണമായി വിലയിരുത്തപ്പെടുന്നു.
യു കെയിലെ സോഷ്യോളജി ഓഫ് ഹെൽത്ത് ആൻഡ് ഇൽനെസ്സ് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. അതുപോലെ കാർ നേരാംവണ്ണം പാർക്ക് ചെയ്തിട്ടില്ലെങ്കിൽ ഓർമ്മിക്കുക, ആ വ്യക്തി അധികം വൈകാതെ ഡിമെൻഷ്യയുടെ ഇരയാകുവാൻ പോവുകയാണ്. സെയിന്റ് ലൂയിസിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഡിമെൻഷ്യയും ഡ്രൈവിങ് രീതികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്തിയത്.
അതുപോലെ സന്ദർഭം നോക്കാതെ അശ്ലീല ഭാഷകൾ ഉപയോഗിക്കുന്നതും ഈ രോഗത്തിന്റെ ഒരു പ്രാഥമിക ലക്ഷണമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
മറുനാടന് ഡെസ്ക്