- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി ബാധിച്ചു; ഒരു പെൺകുട്ടി ദാരുണമായി മരിച്ചു; വളർത്ത് മൃഗങ്ങളിൽ നിന്നും മനുഷ്യനിലെക്ക് പടർന്ന പക്ഷിപ്പനി മഹാദുരിതം വിതയ്ക്കുമെന്ന ആശങ്ക വീണ്ടും പങ്കുവച്ച് വിദഗ്ദ്ധർ
ലോകത്തെ ദുരിതത്തിലാഴ്‌ത്താൻ മറ്റൊരു മഹാമാരി കൂടി എത്തിയേക്കുമെന്ന ആശങ്കകൾക്ക് കനം വർദ്ധിപ്പിച്ചുകൊണ്ട് കംബോഡിയയിൽ 11 പേർക്ക് കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച് 5 എൻ1 അഥവാ പക്ഷിപ്പനി ഉണ്ടെന്ന് സംശയിക്കപ്പെടുന്ന മറ്റൊരാൾ നിരീക്ഷണത്തിലാണ്. ബുധനാഴ്‌ച്ച ഈ മാരകരോഗം ബാധിച്ച് 11 വയസ്സുള്ള ഒരു പെൺകുട്ടികൂടി മരണപ്പെട്ടതോടെ, പതിറ്റാണ്ടുകളിൽ ഇതാദ്യമായി വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ തുടങ്ങി എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടവരിൽ നാലുപേർ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങി എന്നാണ് പ്രാദേശിക പത്രമായ ഖെമർ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വരാനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. ഈ രോഗം ബാധിച്ചവരിൽ പലരും തമ്മിൽ തമ്മിൽ അറ്റുത്ത സമ്പർക്കം പുലർത്തിയിരുന്നു എന്നത് രോഗകാരിയായ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരാൻ തുടങ്ങി എന്ന സംശയത്തെ ബലപ്പെടുത്തുന്നു എന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർ പറയുന്നത്.
ഈ രോഗം കണ്ടെത്തിയതിനു ശേഷം ഇതുവരെ 870 മനുഷ്യരിൽ മാത്രമാണ് ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, ഇതിൽ പകുതിയോളം പേർ മരണമടഞ്ഞു എന്നത് ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. അതേസമയം ലോകമാകമാനമായി 200 മില്യൺ പക്ഷികളാണ് ഈ രോഗം ബാധിച്ച് കൊല്ലപ്പെട്ടിട്ടുള്ളത്. അടുത്ത കാലത്തായിട്ടാണ് ഈ രോഗം നീർനായ്, കടൽ സിംഹം തുടങ്ങിയ സസ്തനികളിൽ കണ്ടെത്തിയത്.
രോഗം വ്യാപിക്കുന്നു എന്നതിലേറെ ആശങ്കപ്പെടുത്തുന്നത് അത് വ്യാപിക്കുന്ന മാർഗ്ഗമാണെന്ന് ജോൺ ഹോപ്കിൻസ്‌ഹോസ്പിറ്റലിലെ ഇമ്മ്യുണോളജിസ്റ്റ് ഡോ. ആർതർ കാസഡേവാൽ പറയുന്നു. പക്ഷികളിൽ നിന്നാണോ മനുഷ്യരിൽ നിന്നാണോ രോഗം പകർന്നത് എന്നതാണ് ഇപ്പോൾ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരിൽ നിന്നല്ല ഇത് പകർന്നത് എന്ന് പ്രത്യാശിക്കാം എന്നായിരുന്നു ബ്രിട്ടനിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധൻ ഡോ. എറിക് ഫീഗൽ പറഞ്ഞത്.
പക്ഷിപ്പനി എന്ന് വിളിക്കുന്ന എച്ച്5 എൻ1 ആദ്യമായി കോഴികളിൽ കണ്ടെത്തിയത് 1959-ൽ സ്‌കോട്ട്ലാൻഡിൽ ആയിരുന്നു. പിന്നീട് 1996-ൽ ഇത് ചൈനയിലും ഹോങ്കോംഗിലും കണ്ടെത്തി.. 1997- ൽ ആയിരുന്നു ഇതാദ്യമായി മനുഷ്യനിൽ കണ്ടെത്തിയത്. എച്ച്5 എൻ 1 വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത് വിരളമാണെങ്കിലും, അസാധ്യമായ ഒന്നല്ല.. 1997-ൽ ഹോങ്കോംഗിൽ 18 പേർക്ക് രോഗം ബാധിച്ചത് മനുഷ്യരിൽ കൂടി ആയിരുന്നെന്ന് അന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അത് ഒരു മഹാമാരിയായി വളരാതെ ചെറിയൊരു വിഭാഗം ആളുകളിൽ ഒതുങ്ങുകയായിരുന്നു.
അതേസമയം, ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കാൻ തുടങ്ങിയാൽ അതിന്റെ അന്തിമഫലം എന്താവും എന്ന വിഷയത്തിൽ വിദഗ്ദ്ധർ പഠനം ആരംഭിച്ചു കഴിഞ്ഞു. അത്തരമൊരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് അതിനെ തടയുന്നതിനുള്ള തയ്യാറെടുപ്പുകൾക്കും മുന്നൊരുക്കങ്ങൾക്കും, ആസൂത്രണത്തിനുമായി വിവിധ മാതൃകകൾ തയ്യാറാക്കുകയാണെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ