ലുക്കേമിയ അഥവാ രക്താർബുദം ബാധിച്ച് തങ്ങളുടെ 16 വയസ്സുകാരനായ മകൻ മരണമടഞ്ഞതായി മാതാപിതാക്കൾ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് 24 മണിക്കൂറുകൾക്കകമായിരുന്നു മരണം. ഇതോടെ, കാൻസർ ബാധിച്ചാൽ ഇത്രവേഗത്തിൽ മരണമടയുമോ എന്ന സംശയം പല കോണുകളിൽ നിന്നായി ഉയർന്നിരിക്കുകയാണ്.

കെയ്ൽ ലിംബർ എന്ന 16 കാരന് ബാസ്‌കറ്റ് ബോൾ കളിക്കുന്നതിനിടയിൽ നടുവേദന അനുഭവപ്പെട്ടിരുന്നു. ഈ മാസം ആദ്യമായിരുന്നു ഇത്. എന്നാൽ, അധികനാൾ കഴിയുന്നതിനു മുൻപ് തന്നെ എഴുന്നേറ്റ് നടക്കാനാകാത്ത വിധം ഗുരുതരാവസ്ഥയിലായി ഈ കൗമാരക്കാരൻ. അതിനു മുൻപായി ഒരു വിധത്തിലുള്ള ലക്ഷണങ്ങളും കാണിച്ചിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

കാൻസർ ബാധ കണ്ടെത്തിയപ്പോഴേക്കും ഈ കൗമാരക്കാരന്റെ പല അവയവങ്ങളും പ്രവർത്തന രഹിതമായി കഴിഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇയാൾ മരണമടയുകയും ചെയ്തു. രക്താർബുദം ബാധിച്ചവർ ഒരുപക്ഷെ മണിക്കൂറുകൾക്കുള്ളിൽ മരണമടയാം എന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റി മേധാവി ഡോക്ടർ ആരിഫ് കമാൽ പറയുന്നത്.

അവസാന സ്റ്റേജ് എത്തുന്നത് വരെ ഒരുപക്ഷെ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുകയില്ല എന്നതും., ഇത് വ്യാപിക്കുന്നത് അതിവേഗമാണ് എന്നതുമാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. നേരത്തേ 79 കാരനായ ജെറി സ്പ്രിംഗർ പാൻക്രിയാറ്റിക് കാൻസർ സ്ഥിരീകരിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ മരണമടഞ്ഞിരുന്നു. എന്നാൽ, ഇവിടെ കെയ്ൽ മരണമടഞ്ഞത് 24 മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു.

കാൻസർ, ശക്തിപ്രാപിക്കുന്നതിനും വ്യാപിക്കാൻ തുടങ്ങുന്നതിനും വളരെ മുൻപ് തന്നെ മനുഷ്യനിൽ ബാധിക്കും എന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡാറ്റകൾ പറയുന്നത്. ഇത് വ്യാപിക്കുന്നതിന് മുൻപേ കണ്ടെത്താൻ കഴിഞ്ഞാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞേക്കും. ഇവിടെ കെയ്ലിനെ ബാധിച്ചത് ഏത് തരം രക്താർബുദം ആണെന്ന് വ്യക്തമായിട്ടില്ല.

പ്രധാനമായും രണ്ടു തരം രക്താർബുദങ്ങളാണുള്ളത്, അക്യുട്ട് മെയ്ലോയ്ഡ് ലുക്കേമിയ (എ എം എൽ), അക്യുട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കേമിയ (എ എൽ എൽ) എന്നിവ. ഇവ രണ്ടുമാണ് ചെറുപ്പക്കാരിൽ കൂടുതലായി കണ്ടുവരുന്നത്. ഈ തരം കാൻസറുകളിൽ രക്തത്തിലെ ശ്വേത രക്താണുക്കൾ ക്രമാതീതമായി വളരുകയും പിന്നീട് രക്തവാഹിനികളിലും മറ്റ് പ്രധാന ആന്തരികാവയവങ്ങളിലും പടരുകയുമാണ് ചെയ്യുക.

സാധാരണയായി ഇത്തരത്തിലുള്ള അർബുദം വരുന്നവർക്ക് ശാരീരിക ക്ഷീണം വളരെയേറെ അനുഭവപ്പെടും. മാത്രമല്ല പതിവലധികം ഉറങ്ങാനുള്ള പ്രവണത കാണിക്കുകയും ചെയ്യും. ചിലർക്ക് ശരീരഭാഗം നഷ്ടപ്പെടാനും ഇടയുണ്ട്.