- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകാരോഗ്യ സംഘടന ഭയക്കുന്നത് ഈ ഒൻപത് രോഗങ്ങളെ; കോവിഡിനേക്കാൾ നാശം വിതക്കാൻ ഒരുങ്ങി ഇവർ; ലോകം ആശങ്കയോടെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നത് ഈ മാരക രോഗങ്ങളെ; ഈ മഹാമാരികൾ നമ്മളെ എങ്ങനെ ബാധിക്കും?
കോവിഡിന്റെ ഇരുണ്ടകാലങ്ങൾ ചരിത്രമായി മാറിയതോടെ, അത് ഒരു അടിയന്തര പ്രാധാന്യം അർഹിക്കുന്ന ആരോഗ്യ പ്രശ്നമല്ലാതായി മാറിക്കഴിഞ്ഞു. എന്നാൽ, മറ്റൊരു മഹാമാരി നമ്മളെ കാത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യകുലത്തിന് അത്യധികം ഭീഷണി ആയേക്കുമെന്ന് ഭയക്കുന്ന ഒൻപത് രോഗകാരികളെ ലോകാരോഗ്യ സംഘടന അതി സൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഇവ മൂലമുണ്ടാകുന്ന മഹാമാരികൾ കണ്ടെത്താനുള്ള പരിശോധനകൾ, ചികിത്സാ മാർഗ്ഗങ്ങൾ, വാക്സിനുകൾ എന്നിവ കണ്ടെത്താനുള്ള ഗവേഷണങ്ങളും അതിവേഗം നടക്കുന്നുണ്ട്.
എന്നാൽ, ഒരു പ്രധാന ഭീഷണി അധികൃതർ ഒഴിവാക്കി, പക്ഷിപ്പനി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗം പടർന്ന് പിടിക്കുന്ന പക്ഷിപ്പനി അധികം വൈകാതെ മനുഷ്യരിലേക്കും പടർന്നേക്കാം എന്ന് ചില കോണുകളിൽ നിന്നും മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട് എന്നതും ഓർക്കണം. നിലവിൽ, ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അത്രവേഗം പടർന്ന് പിടിക്കുകയില്ലെങ്കിലും ഇതിന്റെ രോഗകാരികൾക്ക് മ്യുട്ടേഷൻ അഥവാ ഉൽപരിവർത്തനം സംഭവിച്ചാൽ ഒരുപക്ഷെ സ്ഥിതി ഗുരുതരമായേക്കാം.
ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നടത്തിയ ഒരു പഠനത്തിൽ പുറത്ത് വന്നത് ഇത് പിടിപെടുന്ന 20 പേരിൽ ഒരാൾ വീതം മരിക്കും എന്നായിരുന്നു. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് മാത്രമായിട്ടാണ് ഈ കണക്ക് എന്നും അതല്ലാതെ ഒരു പ്രവചനം അല്ലെന്നും അധികൃതർ പറയുന്നു.അതേസമയം, ഒരു പ്രതിസന്ധി സൃഷ്ടിക്കാൻ കെല്പുള്ള ഒൻപത് പകർച്ച വ്യാധികളെ ലോകാരോഗ്യ സംഘടന ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.
അടുത്ത മഹാമാരിക്ക് ഏറ്റവും അധികം സാധ്യത ഒരുക്കുന്നത് രൂപഭേദം വന്ന ഇൻഫ്ളുവൻസ ആയിരിക്കും എന്നാണ് ശാസ്ത്രജ്ഞർപറയുന്നത്. എന്നാൽ, ഏറ്റവുമധികം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരൻ നമ്മുടെ കോവിഡ് തന്നെയാണ്. 2020-ൽ ലോകഥ്റ്റെ നിശ്ചലമാക്കിയ ഇതിനെ ഇനിയും പൂർണ്ണമായും ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാൻ ആയിട്ടില്ല. ഏത് നിമിഷവും വർദ്ധിച്ച ശക്തിയോടെ ഇത് വീണ്ടും ആഞ്ഞടിച്ചേക്കം എന്ന് കരുതുന്നവർ ശാസ്ത്രലോകത്ത് കുറവല്ല.
ക്രിമിയൻ- കോംഗോ ഹെമോറജിക് പനിയാണ് ലിസ്റ്റിലെ അടുത്ത പേരുകാരൻ. 40 ശതമാനം വരെ മരണനിരക്കുള്ള ഈ രോഗം സാധാരണയായി മനുഷ്യന്റെ ശരീര സ്രവങ്ങളിലൂടെയാണ് പകരുക. വൃത്തിയാക്കാത്ത ആശുപ്ത്രി ഉപകരണങ്ങളിലൂടെയും ഇത് പകരാം. എബോളക്ക് സമാനമായ പേശീ വേദന , ഉദര വേദന, തൊണ്ടയിൽ അസ്വസ്ഥത, ഛർദ്ദി തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങൾ. കിലപ്പോൾ അതിവേഗം ഉയരുന്ന ശരീര താപനില, കഴുത്ത് വേദന, പുറം വേദന തുടങ്ങിയവയും അനുഭവപ്പെടാം. ഇന്നലെ നമീബിയയിൽ ഒരു വ്യക്തി ഈ രോഗം മൂലം മരണമടഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്.
എബോള വൈറസ് രോഗവും മാർബർഗ് വൈറസ് രോഗവും
ശരീരാവയവങ്ങളും രക്തക്കുഴലുകളും പ്രവർത്തന രഹിതമാകുന്ന ഈ രണ്ട് രോഗങ്ങളും ബാധിച്ചവരിൽ പകുതി പേരുടെ ജീവൻ എടുക്കാൻ മാത്രം മാരകമായവയാണ്. രോഗബാധയുള്ള വ്യക്തിയെ സ്പരിശിക്കുക വഴിയും, ശരീര സ്രവങ്ങളിലൂടെയും ഇത് പകരാം. ഇതിൽ മാർബർഗ് ആണ് ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ഭീകരനായ രോഗകാരി. ബാധിച്ചവരിൽ 88 ശതമാനം പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. മാത്രമല്ല, മുഖം കുഴിഞ്ഞും കണ്ണുകൾ ഉന്തിയുമൊക്കെ രോഗികൾക്ക് വികൃത രൂപം ഉണ്ടാവുകയും ചെയ്യും.
എലികളിൽ നിന്നും പകരുന്ന ലാസ്സാ പനിയാണ് മറ്റൊന്ന്. ഈ രോഗം ബാധിച്ചവരിൽ 80 ശതമാനം പേരും ലക്ഷണം പ്രദർശിപ്പിക്കുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അതേസമയം മരണനിരക്ക് വെറും 1 ശതമാനം മാത്രമേയുള്ളു. നൈജീരിയയിലെ ഒരു സ്ഥിരം പകർച്ച വ്യാധിയായ ഈ പനി ഇപ്പോൾ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. യു കെ യിൽ ഇതുവരെ 11 പേരിലാണ് ഈ രോഗം കണ്ടെത്തിയത്.
മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം (മേർസ്) അതുപോലെ സീവിയർ അക്യുട്ട് റെസ്പിരേറ്ററി സിൻഡ്രം (സാർസ്) എന്നിവയാണ് ഭയക്കേണ്ട മറ്റ് രണ്ട് രോഗങ്ങൾ. ഒട്ടക പനി എന്നുകൂടി അറിയപ്പെടുന്ന മേർസ് വളരെ വിരളമാനെങ്കിലും അതി കഠിനമായ ശ്വാസോച്ഛസ പ്രശ്നങ്ങൾക്ക് വഴി തെളിക്കും. ഒട്ടകങ്ങളിലാണ് ഇതിന് കാരണമാകുന്ന വൈറസുകൾ ഉള്ളത് എന്നാണ് അനുമാനിക്കുന്നത്. പനി, ചുമ, ശ്വാസ തടസ്സം, അതിസാരം, ഛർദ്ദി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
അതുപോലെ തന്നെ ഭാവിയിൽ ഭയക്കേണ്ട രണ്ട് രോഗങ്ങൾ ആയിട്ടാണ് നിപ്പയേയും ഹെനിപവൈറൽ രോഗത്തേയും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. അതുപോലെ തന്നെ ഭയക്കേണ്ട മറ്റൊന്നാണ് സബ് സഹാറൻ ആഫ്രിക്കയിലെ വളർത്ത് മൃഗങ്ങളിൽ കണ്ടു വരുന്ന റിഫ്റ്റ് വാലി ഫീവർ എന്നയിനം പനി. രോഗബാധയേറ്റ മൃഗങ്ങളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയിൽ കൂടി ഇത് മനുഷ്യരിലേക്കും വ്യാപിക്കാം. പനി, ജലദോഷം, മേലുവേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. എന്നാൽ, ഇതുവരെ ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടില്ല.
ആർ എൻ എ വൈറസ് വിഭാഗത്തിൽ പെടുന്ന സിക്ക വൈറസ് ആണ് ഭയക്കേണ്ട മറ്റൊരു രോഗകാരി. പെൺ കൊതുകുകളുടെ ദംശനത്തിലൂടെയാണ് ഇത് പടരുന്നത്. വളരെ വിരളമായി രോഗ ബാധിതരായ വ്യക്തികളുമായി നടത്തുന്ന ലൈംഗിക ബന്ധത്തിലൂടെയും ഇത് വ്യാപിക്കാം.
എന്നാൽ, ഇതിനേക്കാൾ ഒക്കെ പ്രാധാന്യം, ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താത്ത ഒരു രോഗകാരി മൂലം ഉണ്ടാകാവുന്ന ഡിസീസ് എക്സ് എന്ന രോഗമാണ്. ഇതിനെയാണ് ലോകാരോഗ്യ സംഘടന ഏറ്റവും അധികം ഭയക്കുന്നതും. നിലവിൽ ഒരു സാങ്കല്പിക രോഗം എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഇതിനെ മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾക്കാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന ഒരുങ്ങുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ