- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിവർ സിറോസിസും കാൻസറും സ്ട്രോക്കും മാത്രമല്ല, മദ്യപാനം അറുപതോളം രോഗങ്ങൾക്ക് കാരണമാകും; വാതവും തിമിരവും ഒടിവുകളും വരെ മദ്യപാനത്തിലൂടെ സംഭവിക്കാം; മദ്യത്തെ ജീവിതത്തിൽ നിന്നും പടിപടിയായി ഒഴിവാക്കേണ്ടത് ഇക്കാരണങ്ങളാൽ
മദ്യപാനം ആരോഗ്യത്തിന് വളരെയധികം മോശമാണെന്നും എന്നാൽ ഒരു നിശ്ചിത അളവ് വരെ കഴിക്കുന്നത് നല്ലതാണെന്നും എല്ലാം പൊതുവേ എല്ലാവരും പറയാറുണ്ട്. ഇതു ശരിവച്ചും തെറ്റാണെന്നു ചൂണ്ടിക്കാട്ടിയും നിരവധി പഠന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. എന്നാൽ മദ്യപാനം നിങ്ങളുടെ ശരീരത്തിൽ 60 രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് സൂചിപ്പിക്കുകയാണ് ഒരു പുതിയ പഠന റിപ്പോർട്ട്. ലിവർ സിറോസിസും കാൻസറും സ്ട്രോക്കും മാത്രമല്ല, മറ്റനേകം രോഗങ്ങൾ മദ്യപാനത്തിലൂടെ മനുഷ്യൻ വരുത്തി വെക്കുമെന്നാണ് പുതിയ റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അരലക്ഷത്തോളം പുരുഷന്മാരിൽ നടത്തിയ പഠനമാണിത്. ഇതിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ സന്ധിവാതവും തിമിരവും പോലും സംഭവിക്കുമെന്നാണ് കണ്ടെത്തൽ. ശ്വാസകോശ അർബുദം, രക്തചംക്രമണ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് പഠനത്തിൽ മദ്യവുമായി ഇതുവരെ ബന്ധമില്ലാത്ത അസുഖങ്ങൾ.
ലോകത്താകമാനം ഓരോ വർഷവും സംഭവിക്കുന്ന മൂന്നു മില്യൺ മരണങ്ങൾക്ക് പിന്നിലെ കാരണം അമിതമായ മദ്യപാനം ആണെന്ന് കണക്കാക്കപ്പെടുന്നു. സ്ത്രീകളും പുരുഷന്മാരും ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം കുടിക്കരുതെന്നാണ് എൻഎച്ച്എസ് ഉപദേശിക്കുന്നത്. എന്നാൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് മദ്യം കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ്. എന്നിരുന്നാലും, ഇത് പലപ്പോഴും ചർച്ചാവിഷയമാകുന്ന കാര്യമാണ്.
ദിവസവും ഒരു ഗ്ലാസ് വൈനോ പൈന്റ് ബിയറോ കഴിക്കുന്നത് പല രോഗങ്ങളെയും അകറ്റുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പീക്കിങ് യൂണിവേഴ്‌സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെയും അക്കാദമിക് വിദഗ്ധരുമായി ചേർന്നാണ് ഓക്‌സ്‌ഫോർഡിലെ ഗവേഷകർ ഈ പഠനം നടത്തിയത്.
ശരാശരി 52 വയസ്സുള്ള, 512,000-ത്തിലധികം പേരുടെ ആരോഗ്യ വിവരങ്ങൾ അടങ്ങിയ ഒരു ചൈനീസ് ഡാറ്റാബേസാണ് പഠനത്തിനായി ഉപയോഗിച്ചത്. അവരുടെ മദ്യപാന രീതികളെക്കുറിച്ചുള്ള വിശദാംശങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാരിൽ മൂന്നിലൊന്ന് പേർ പതിവായി മദ്യം കഴിക്കുന്നവരാണ്. കുറഞ്ഞത് ആഴ്ചയിൽ ഒരിക്കലെങ്കിലും അവർ കഴിക്കും. എന്നാൽ സ്ത്രീകൾക്കിടയിൽ നിരക്ക് വെറും രണ്ട് ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾ ഒരു നിയ്ന്ത്രിത ഗ്രൂപ്പാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
207 വ്യത്യസ്ത രോഗങ്ങൾ മനുഷ്യശരീരത്തെ ബാധിക്കുന്നതിൽ മദ്യത്തിന്റെ പങ്ക് വിലയിരുത്തുവാൻ 12 വർഷത്തെ ആശുപത്രി രേഖകളും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വിദഗ്ദ്ധർ വിശകലനം ചെയ്തു. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ അനുസരിച്ച് മദ്യപാനം ചൈനയിലെ പുരുഷന്മാരിൽ 60 രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തിയത്.
മദ്യപാനവുമായി ബന്ധപ്പെട്ട കരൾ, കുടൽ, മലാശയ അർബുദം എന്നിങ്ങനെ ലോകാരോഗ്യ സംഘടന മുമ്പ് കണ്ടെത്തിയ 28 രോഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, സന്ധിവാതം, തിമിരം, ചില ഒടിവുകൾ, ആമാശയത്തിലെ അൾസർ എന്നിങ്ങനെ മുമ്പ് സ്ഥാപിച്ചിട്ടില്ലാത്ത 33 എണ്ണവും ഇതിലുണ്ട്. ദിവസേനയുള്ള മദ്യപാനം, അല്ലെങ്കിൽ ഭക്ഷണസമയത്തുള്ള മദ്യപാനം തുടങ്ങിയവ ലിവർ സിറോസിസ് ഉൾപ്പെടെയുള്ള ചില രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ഇടയ്ക്കിടെ മാത്രം മദ്യപിക്കുന്ന പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, പതിവായി മദ്യം കഴിക്കുന്ന പുരുഷന്മാർക്ക് ഏതെങ്കിലും രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ലോകമെമ്പാടുമുള്ള ജനസംഖ്യയിൽ മദ്യപാനം രോഗസാധ്യതയിൽ സ്വാധീനം ചെലുത്തുമെന്ന് പഠനം തെളിയിക്കുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ