ന്ന് കേരളത്തിൽ ചൂടേറിയ ചർച്ചക്ക് വഴിയൊരുക്കുന്ന ഒരു വിഷയമാണ് അവയവം മാറ്റിവയ്ക്കൽ. മസ്തിഷ്‌ക്ക മരണത്തെ തുടർന്ന് മരിച്ച വ്യക്തിയുടെ അവയവം മറ്റു രോഗികളിൽ വെച്ചു പിടിപ്പിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന്റെ അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് ഇന്ത്യൻ വംശജനായ ഒരു കൗമാരക്കാരൻ ഉൾപ്പെടുന്ന മറ്റൊരു വിവാദം ബ്രിട്ടനിൽ ഉയരുന്നത്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തിക്ക് ഗുരുതരമായ രോഗം ബാധിച്ചതോടെയാണ് വിവാദമുയരുന്നത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത്, ദുരൂഹമായ ഏതോ രോഗം ബാധിച്ചു മരിച്ച ഒരു കൗമാരക്കാരന്റെ അവയവമായിരുന്നു മാറ്റി വച്ചത് എന്നായിരുന്നു. ഇന്ത്യൻ വംശജരായ ദമ്പതികളുടെ മകൻ റോഹൻ ഗൊഢാനിയ എന്ന 16 കാരൻ തികച്ചും ദുരൂഹമായ സാഹചര്യത്തിലായിരുന്നു മരണമടഞ്ഞത്. ഒരു പ്രോട്ടീൻ ഷേക്ക് വാങ്ങി കുടിച്ചതിനു പുറകെ അവശനായ രോഹനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണത്തിന് മുൻപിൽ കീഴടങ്ങുകയായിരുന്നു. 2020 ആഗസ്റ്റിൽ ആയിരുന്നു ഈ സംഭവം നടന്നത്.

രോഹന് നാഢീ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ശരിയാക്കാൻ ആകാത്ത വിധം മസ്തിഷ്‌കത്തിൽ തകരാറുകൾ സംഭവിക്കുകയും ചെയ്യുക വഴി ലണ്ടനിലെ വെസ്റ്റ് മിഡിലെക്സ് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞതായി സീനിയർ കൊറോണർ ടോം ഓസ്ബോൺ പറഞ്ഞു. ആ സമയത്ത് നടത്തിയ ഇൻക്വസ്റ്റിൽ മരണകാരണം പ്രതിപാദിച്ചിരുന്നില്ല. രോഹന്റെ അവയങ്ങൾ മാറ്റി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിക്കുകയും ചെയ്തു.

അവയവം സ്വീകരിച്ച വ്യക്തിക്ക് പിന്നീട് ഗുരുതരമായ രോഗബാധ ഉണ്ടായപ്പോൾ മാത്രമായിരുന്നു രോഹന്റെ മരണകാരണം വെളിപ്പെടുത്തിയത് എന്ന് കൊറോണർ മിൽട്ടൻ കീനെസ് കൊറോണർ കോടതിയിൽ അറിയിച്ചു. പിന്നീട് സൺഡേ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തത് ഈ കൗമാരക്കാരന് ഓർണിതൈൻ ട്രാൻസ്‌കാർബമൈലേസെ (ഒ ടി സി) ഡെഫിഷ്യൻസി എന്ന ജനിതക വൈകല്യം ഉണ്ടായിരുന്നു എന്നാണ്. ഈ വൈകല്യമുള്ളവരിൽ, രക്തത്തിൽ അമോണിയയുടെ സാന്നിദ്ധ്യം വർദ്ധിക്കും. അതുവഴി മരണവും സംഭവിക്കും.

ഈ രോഗത്തിന് സമാനമായ ലക്ഷണങ്ങളുമായി അവയവം സ്വീകരിച്ച വ്യക്തി ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനകളിലാണ് ഈ ബന്ധം കണ്ടെത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഓ ടി സി എന്ന പദം പ്രത്യക്ഷത്തിൽ ഉപയോഗിച്ചില്ലെങ്കിലും, രോഹന്റെ രക്തത്തിൽ അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർക്ക് ആയില്ലെ എന്ന് കോടതി ചോദിച്ചു. മാത്രമല്ല, രോഹനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒരു വാരാന്ത്യത്തിൽ ആയതിനാൽ നാഢീരോഗ വിദഗ്ധൻ രോഹനെ പരിശോധിച്ചിരുന്നില്ലെന്നും കൊറോണർ പറഞ്ഞു.

തങ്ങളുടെ മകനെ എന്തുകൊണ്ട് രക്ഷിക്കാനായില്ല എന്നതിന്റെ ഉത്തരം ഈ അന്വേഷണത്തിനൊടുവിൽ ലഭിക്കുമെന്നാണ് രോഹന്റെ മാതാപിതാക്കൾ പറയുന്നത്. വെസ്റ്റ് ലണ്ടനിലെ ഈലിംഗിലാണ് രോഹന്റെ മാതാപിതാക്കളായ പുഷ്പയും ഹിതേന്ദ്രയും താമസിക്കുന്നത്.