സിനിമാ താരങ്ങളും കായികലോകത്തെ നക്ഷത്രങ്ങളുമെല്ലാം ടി വി സ്‌ക്രീനിൽ വന്ന് വാഴ്‌ത്തുന്ന സോഫ്റ്റ് ഡ്രിങ്കുകൾ അതിമാരകമായ രാസവസ്തുക്കളുടെ കലവറയാണെന്ന ഭീതിദമായ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഇവയിൽ മധുരത്തിനായി ചേറ്ക്കുന്ന അസ്പാർട്ടിം എന്ന വസ്തു അർബുദകാരിയാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഡയറ്റ് കോക്ക്, പെപ്സി, സ്പ്രൈറ്റ് എന്നിങ്ങനെ എല്ലാ സോഫ്റ്റ് ഡ്രിങ്കുകളിലും മധുരത്തിനായി ചേർക്കുന്ന അസ്പാർട്ടിം അർബുദകാരിയാണെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

പഞ്ചസാരയെക്കാൾ 200 ഇരട്ടി മധുരമുള്ള അസ്പാർട്ടിം 1960 കളിലായിരുന്നു വികസിപ്പിച്ചത്. പിന്നെയും 20 വർഷം കഴിഞ്ഞാണ് ഈ കൃത്രിമ മധുരം വിപണിയിലെത്തുന്നത്. തുല്യമായ മധുരം നൽകാൻ പഞ്ചസാരയേക്കാൾ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ചാൽ മതി എന്നതിനാൽ കലോറിയും കുറവായിരിക്കും. മാത്രമല്ല, പഞ്ചസാരയെ പോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് വർദ്ധിപ്പിക്കുന്നില്ല. അതിനാൽ തന്നെ പ്രമേഹ രോഗികളുടെ മധുരത്തോടുള്ള പ്രിയത്തിന് ഒരു ഉത്തരം കൂടിയാണിത്.

40 ശതമാനം ആസ്പാർട്ടിക് ആസിദ്, 50 ശതമാനം ഫിനൈലലനൈൻ, 10 ശതമാനം മെഥനോൾ എന്നിവ ചേർത്താണ് ഈ കൃത്രിമ മധുരം നിർമ്മിക്കുന്നത്. ഇന്ന് വിപണിയിൽ ലഭ്യമായ നൂറുകണക്കിന് ഉദ്പന്നങ്ങളിൽ ആസ്പർടിം ചേർന്നിട്ടുണ്ട്. ഷുഗർ-ഫ്രീ, ഡയറ്റ് തുടങ്ങിയ വിശേഷണങ്ങളോടെ എത്തുന്ന മിക്ക ഉദ്പന്നങ്ങളിലും പഞ്ചസാരക്ക് പകരം, മധുരം ലഭിക്കാനായി ഈ രാസ വസ്തുവാണ് ചേർക്കുന്നത്.

ആസ്പാർട്ടിം മൂലം തലവേദന, ക്ഷീണം, ഉദര പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുന്നതായി പരാതികൾ ഉണ്ടായിരുന്നു. എന്നാൽ, ഇത് സംശയരഹിതമായി തെളിയിക്കാൻ ആയിട്ടില്ല. പിന്നീടാണ് കാൻസർ മുതൽ വിഷാദരോഗം വരെ ഇതുമൂലമുണ്ടാകും എന്ന ആശങ്ക ഉയരാൻ തുടങ്ങിയത്. മാത്രമല്ല, ദഹനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇത് അമിതവണ്ണത്തിനും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഹെൽത്ത് ആൻഡ് ഫുഡ് റെഗുലേറ്റേഴ്സ് ഇത് സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

ഇപ്പോളിതാ ലോകാരോഗ്യ സംഘടനയുടെ ഉപ വിഭാഗമായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (ഐ എ ആർ സി) ഔദ്യോഗികമായി ആസ്പാർടീമിനെ അർബുദകാരിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. 2ബി തലത്തിലുള്ള റൂളിങ് ആയിരിക്കും പുറപ്പെടുവിക്കുക എന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതായത്, മനുഷ്യരിൽ കാൻസറിന് കാരണമാകാൻ സാധ്യതയുള്ള പദാർത്ഥം എന്ന സ്റ്റാറ്റസ് ആയിരിക്കും ഇതിന് ലഭിക്കുക്.

അലോവെര (കറ്റാർവാഴ) നീര്, ഈയം, ഭക്ഷണപദാർത്ഥങ്ങൾക്ക് നിറം നൽകുന്നതിന് ഉപയോഗിക്കുന്ന നിരവധി രാസവസ്തുക്കൾ എന്നിവ ഇതേ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. അതേസമയം, മാട്ടിറച്ചി കൂടുതൽ അപകടകാരിയായ 2 എ ലിസ്റ്റിൽ ആണ് ഉൾപ്പെടുന്നത്. മൊബൈൽ ഫോണുകൾ രൂപപ്പെടുത്തുന്ന വൈദ്യൂത കാന്തിക മണ്ഡലം 2 ബി യിൽ ഉൾപ്പെടുമ്പോൾ, ഭക്ഷണ പദാർത്ഥങ്ങൾ വറക്കുകയോ പൊരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന കറുപ്പു കലർന്ന തവിട്ടു നിറത്തിലുള്ള പ്രതലം 2 എ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ആസ്പാർട്ടിം അർബുദകാരിയാണെന്ന പ്രഖ്യാപനം വന്നാൽ, അത് ലോകവിപണിയിലും അത് വഴി ലോക സമ്പദ്ഘടനയിലും വരുത്തുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. സിഗരറ്റിലും മറ്റ് പുകയില ഉദ്പന്നങ്ങളിലും ഉള്ളതുപോലെ, കാൻസറിന് കാരണമായേക്കും എന്ന മുന്നറിയിപ്പ് ആസ്പാർട്ടിം ഉപയോഗിക്കുന്ന ഉദ്പന്നങ്ങളിലും നൽകേണ്ടതായി വന്നേക്കാം.

1980 കളിലായിരുന്നു ഷുഗർ-ഫ്രീ എന്ന ആശയത്തിന് പ്രചാരം ലഭിക്കാൻ തുടങ്ങുന്നത്. പിന്നീട് അതൊരു ട്രെൻഡ് ആയി മാറുകയായിരുന്നു. ഇന്ന് ലോക ഭക്ഷ്യനിർമ്മാണ മേഖലയിലെ അറിയപ്പെടുന്ന ബ്രാൻഡുകൾ എല്ലാം തന്നെ ഒരു ഉദ്പന്നത്തിലല്ലെങ്കിൽ മറ്റൊന്നിൽ ഈ രാസവസ്തു ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇത്തരമൊരു പ്രഖ്യാപനം ആഗോള ഭക്ഷണ വിപണിയെ പ്രതികൂലമായി ബാധിക്കും എന്നത് ഉറപ്പാണ്.