കോവിഡ് ദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന ഓർമ്മകൾ വിട്ടുമാറുന്നതിന് മുൻപ് തന്നെ ഇതാ മറ്റൊരു മഹാമാരി യു കെയെ തേടി വരുന്നതായി റിപ്പോർട്ടുകൾ വരുന്നു. യൂറോപ്പ്, ആഫ്രിക്ക, മദ്ധ്യപൂർവ്വ ദേശങ്ങൾ എന്നിവിടങ്ങളിൽ പരക്കെ വ്യാപകമാകുന്ന ഒരു വൈറസാണ് വില്ലൻ. ക്രീമിയൻ കോംഗോ ഹെമൊറജിക് ഫീവർ (സി സി എച്ച് എഫ്) എന്നറീയപ്പെടുന്ന ഈ മാരകരോഗം ഇപ്പോൾ ഇറാഖിലും നമീബിയയിലുമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

അതിനു പിറകെ സ്പെയിനിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇപ്പോൾ പാക്കിസ്ഥാനിൽ നിന്നും സി സി എച്ച് എഫ് മൂലമുണ്ടായ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഈ രോഗത്തിന്റെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ബ്രിട്ടീഷ് അതിർത്തികളിൽ വരെ എത്തി നിൽക്കുന്ന ഈ മാരക രോഗം ഏത് നിമിഷവും ബ്രിട്ടനേയും ആക്രമിച്ചേക്കാം എന്ന മുന്നറിയിപ്പും നിലവിലുണ്ട്.

നൈറോവൈറസ് എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും ചെള്ളുകൾ വഴിയാണ് പടരുന്നത്. 10 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലാണ് ഈ രോഗം ബാധിച്ചവരിലെ മരണ നിരക്ക് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് അധികം താമസിയാതെ ബ്രിട്ടനിലെത്താൻ ഇടയുണ്ടെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

തലവേദന, ഉയർന്ന തോതിലുള്ള പനി, സന്ധിവേദന, വയറു വേദന, ഛർദ്ദി, കണ്ണുകൾ ചുവക്കൽ, തൊണ്ടയിൽ അസ്വാസ്ഥ്യം, മുഖത്ത് ചുളിവുകൾ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ചില രോഗികളിൽ മഞ്ഞപ്പിത്തം, വിഷാദം, സ്വംവേദനക്ഷമത നഷ്ടപ്പെടൽ എന്നിവയും കണ്ടു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗം മൂർച്ഛിക്കുന്നതോടെ അനിയന്ത്രിതമായ രക്തസ്രാവവും ഉണ്ടാകും. രോഗ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചതിനു ശേഷം നാലഞ്ച് ദിവസങ്ങൾക്ക് ശേഷം ആരംഭിക്കുന്ന രക്തസ്രാവം രണ്ടാഴ്‌ച്ചകൾ വരെ നീണ്ടു നിൽക്കും.

സാധാരണയായി ചെള്ളുകൾ വഴിയാണ് ഈ വൈറസ് പടരുന്നതെങ്കിലും, രോഗികളുമായുള്ള അടുത്ത സമ്പർക്കം മൂലം ശരീര സ്രവങ്ങളിലൂടെയും ഇത് പകരാമെന്ന് വിദഗ്ദ്ധർ പറയുന്നു. നിലവിൽ ഈ രോഗത്തെ ചെറുക്കാനുള്ള വാക്സിൻ കണ്ടുപിടിച്ചട്ടില്ല. കഴിഞ്ഞ വർഷം മെയ്‌ അവസാനം വരെ 212 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

അതിൽ 169 എണ്ണം സംഭവിച്ചത് ഏപ്രിൽ മെയ് മാസങ്ങളിലായിരുന്നു. ഈ വർഷം ഇറാഖിൽ ഉണ്ടായ മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ മരണ സംഖ്യ ഇനിയും വർദ്ധിക്കും.