- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടന്നലുകളും കുടിയേറിയോ...? ഏഷ്യൻ ഹോണെറ്റ് എന്നറിയപ്പെടുന്ന കുത്തിയാൽ മനുഷ്യന് മരണം വരെ സംഭവിക്കാവുന്ന കടന്നലുകളെ യു കെയിൽ കണ്ടതായി റിപ്പോർട്ട്; ഈ പ്രാണികളെ സൂക്ഷിക്കണമെന്നും ഡോക്ടറുടെ ടിക്ടോക് മെസ്സേജ്
ഏഷ്യൻ ഹോണറ്റ് എന്നറിയപ്പെടുന്ന അതി ഭീകരരായ കടന്നലുകളെ യു കെയിൽ കണ്ടെത്തിയതായ വാർത്ത പുറത്തു വന്നതിന് പിറകെ അവ മനുഷ്യ ശരീരത്തിന് വരുത്തിയേക്കാവുന്ന അപകടകങ്ങളെ കുറിച്ചുള്ള വിവരണവുമായി ഒരു ഡോക്ടറുടെ വീഡിയോ പുറത്തുവന്നു. കഴിഞ്ഞ ഞായറാഴ്‌ച്ച പ്ലിമത്തിലായിരുന്നു ഈ ഇനം കടന്നലുകളെ കണ്ടെത്തിയത്. അതോടെ ഈ ഇനം കടന്നലുകൾ പെരുകാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് പൊതുജനങ്ങളുടെ പിന്തുണ അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.
2016 മുതൽ 28 ഇടങ്ങളിലാണ് ഇവയെ കണ്ടെത്തിയത്. അതിൽ അഞ്ചെണ്ണം ഈ വർഷമായിരുന്നു. ഇതുവരെ ഇത്തരം കടന്നലുകളുടെ 14 കൂടുകൾ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട് എന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. ഇവയുടെ കുത്തേറ്റാൽ മരണം വരെ സംഭവിക്കാം എന്നാണ് ഡോക്ടർ കരൺ രാജ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
ഏതാണ്ട് കാൽ ഇഞ്ച് നീളത്തിലുള്ള കൊമ്പുകളാണ് ഏഷ്യൻ ഹോണറ്റിനുള്ളത് എന്ന് ഡോ. രാജ് പറയുന്നു. മൻഡാരോടോക്സിൻ എന്ന വിഷം ഈ കൊമ്പുകൾ ഉപയോഗിച്ച് മനുഷ്യ ശരീരത്തിലേക്ക് കുത്തിവയ്ക്കാൻ ഇവയ്ക്ക് കഴിയും. ന്യുറോ ടോക്സിൻ വിഭാഗത്തിൽ പെടുന്ന ഈ വിഷം പ്രധാനമായും മനുഷ്യന്റെ നാഢീ വ്യുഹത്തെയായിരിക്കും ബാധിക്കുക. ഇത് വഴി താത്ക്കാലികമായി തളർവാതം സംഭവിക്കാം എന്ന് ഡോക്ടർ പറയുന്നു. അതുപോലെ കടിയേറ്റ ഭാഗത്ത് സംവേദനക്ഷതയും താത്ക്കാലികമായി ഇല്ലാതെയായേക്കാം.
ഈ വിഷം ഒരു നെക്രോടോക്സിൻ കൂടിയാണെന്ന് ഡോക്ടർ പറയുന്നു. നെക്രോടോക്സിൻ വിഭാഗത്തിൽ പെടുന്ന വിഷം കോശങ്ങൾ മരിക്കുന്നതിന് ഇടയാക്കും. മാത്രമല്ല, ഈ വിഷത്തോട് അലർജി ഉള്ളവർക്ക് കുത്തേറ്റാൽ അത് ഒരു പക്ഷെ മരണത്തിൽ വരെ കലാശിച്ചേക്കാം.മാത്രമല്ല, അലർജിയുള്ളവർക്ക് അനഫാലിറ്റിക് ഷോക്ക് എന്ന അവസ്ഥ വന്നു ചേർന്നേക്കാം ഇത് കണ്ണുകൾ, വായ, തൊണ്ട എന്നിവിടങ്ങളിലെ വീക്കത്തിന് കാരണമാകും.
ഈ വിഷം ഗുരുതരമായ ശ്വാസോച്ഛ്വാസ പ്രശ്നങ്ങൾക്കും കാരണമായേക്കും. അതുപോലെ രക്ത സമ്മർദ്ദം പൊടുന്നനെ താഴുന്ന സാഹചര്യം സംജാതമായേക്കാം എന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. അത് ഒരുപക്ഷെ ഹൃദയസ്തംഭനത്തിൽ കലാശിച്ചേക്കാം. ഒന്നിലധികം തവണ കുത്തേറ്റാൽ ഒരുപക്ഷെ വൃക്കകൾ തകരാറിലാവുമെന്നും അത് സാവധാനം മറ്റ് അവയവങ്ങളും പ്രവർത്തന രഹിതമാകുന്നതിൽ എത്തുമെന്നും ഡോക്ടർ പറയുന്നു.
ഇതുവരെ ഏഷ്യൻ ഹോണറ്റിന്റെ കുത്തേറ്റ് മരണമടഞ്ഞ സംഭവം യു കെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, ജപ്പാനിൽ പ്രതിവർഷം 30 മുതൽ 50 മരണങ്ങൾ വരെ ഇവയുടെ കുത്തേറ്റതു മൂലം സംഭവിക്കാറുണ്ട്. മാത്രമല്ല, ഇവ തേനീച്ചകൾക്കും ഭീഷണിയാണ് എന്ന് ഡോക്ടർ പറയുന്നു. തേനീച്ച ഇവയുടെ പ്രധാന ആഹാരമായതിനാൽ, തേനീച്ചകളുടെ എണ്ണം അതിവേഗം കുറയും.
മറുനാടന് മലയാളി ബ്യൂറോ