- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഇവർക്ക് കൂടുതൽ സ്വതന്ത്രരാകാം; 25 പേർ ഇലക്ട്രിക് വീൽചെയറിന്റെ ആശ്വാസത്തിലേക്ക്; മമ്മൂട്ടിയുടെ പുതിയ ഉദ്യമം; പൊന്നാനിയിൽ നിന്നുള്ള അബൂബക്കറിന് ആദ്യ വീൽചെയർ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇതുപുതിയ മാതൃക
കൊച്ചി: സംസ്ഥാനത്തെ ജീവകാരുണ്യ പ്രവർത്തനരംഗത്ത് പുത്തൻ അധ്യായം കുറിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ഉദ്യമം. സാധാരണ വീൽചെയറിൽ തള്ളിനീക്കിയ അംഗപരിമിതർക്ക് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചാണ് കെയർ ആൻഡ് ഷെയർ പുതിയ ഉദ്യമത്തിന് തുടക്കമിട്ടത് .
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും യുഎസ്‌ടി ഗ്ലോബൽ, കൈറ്റ്‌സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകൾക്കുള്ള ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്. പദ്ധതിയുടെ വിതരണ ഉദ്ഘാടനം കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും മലയാളത്തിന്റെ സൂപ്പർസ്റ്റാറുമായ മമ്മൂട്ടി, മലപ്പുറം പൊന്നാനിയിൽ നിന്നുള്ള അബൂബക്കറിന് വീൽചെയർ നൽകി നിർവഹിച്ചു.
ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്ട്രിക് വീൽചെയറിന്റെ വിതരണം. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ മറ്റൊരു പദ്ധതിയാണ് ഇലക്ട്രിക് വീൽചെയറുകളുടെ വിതരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ. റ്റി കമ്പനികളിൽ ഒന്നായ യുഎസ്‌ടി ഗ്ലോബൽ ആണ് ഇലക്ട്രിക് വീൽചെയർ കെയർ ആൻഡ് ഷെയറിന് നൽകുന്നത്.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസം ആദിവാസികൾക്കായുള്ള വിവിധ ക്ഷേമപ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നീ രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ നടത്തി വരുന്നതെന്ന് മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു.
മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ,നിർമ്മാതാവ് ആന്റോ ജോസഫ് പ്രോജക്ട് ഓഫീസർ അജ്മൽ ചക്കര പാടം, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ