ലണ്ടൻ: ശരിക്കും ആശങ്കയുയർത്തുന്നത് എന്ന് ശാസ്ത്രജ്ഞർ പറയുന്ന, കോവിഡിന്റെ പുതിയ വകഭേദം യു കെയിലും എത്തിയതായി റിപ്പോർട്ടുകൾ. ബി എ 6 എന്ന് പരാമർശിക്കുന്ന, എന്നാൽ ഔദ്യോഗികമായി നാമകരണം ചെയ്തിട്ടില്ലാത്ത ഓമിക്രോണിന്റെ ഈ വകഭേദം ഒരു പുതിയ കോവിഡ് തരംഗത്തിന് കാരണമായേക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഇതുവരെ ഡെന്മാർക്കിലും ഇസ്രയേലിലും മാത്രമാണ് ഇതിനെ കണ്ടെത്തിയിട്ടുള്ളത്.

ആദ്യം ഭയന്നതുപോലെ അത്രയും ഭീകരനാണ് ഈ വൈറസ് എങ്കിൽ അധികം താമസിയാതെ ഇത് ലോകമാകെ പടരും എന്നാണ് വിദഗ്ദ്ധർ പറയുനന്ത്. നിലവിലെ വകഭേദങ്ങളേക്കാൾ വ്യാപന ശേഷി കൂടുതൽ ഉള്ള ഇനമാണ് ഇതെങ്കിൽ ഇതിനോടകം തന്നെ യു കെയിലും യു എസ്സിലും ഇത് പടർന്നിരിക്കും എന്നാണ് ലോക പ്രശസ്ത പകർച്ചവ്യാധി വിദഗ്ധനായ പോൾ ഹണ്ടർ പറയുന്നത്. ഇനി ഇത് ഇവിടെ എത്തിയിട്ടില്ലെങ്കിൽ അതിവേഗം എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പുതിയ വകഭേദത്തെ ഫ്രലപ്രദമായി ചെറുക്കുന്നതിന് വീണ്ടും മാസ്‌കുകൾ ധരിച്ചു തുടങ്ങണമെന്ന് ചില ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു. എന്നാൽ, ഇതിനെ കുറിച്ച് പൂർണ്ണമായും മനസ്സിലാക്കാൻ ഇനിയും സമയമെടുക്കുമെന്നും ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് മറ്റു ചിലർ പറയുന്നത്. ആദ്യ കോവിഡ് കാലത്തെ പോലെ ലോക്ക്ഡൗൺ ആവശ്യമായി വരില്ലെന്നും അവർ പറയുന്നു.

ജൂലായ് അവസാനത്തോടെ കണ്ടെത്തിയ ഈ വകഭേദത്തെ കുറിച്ച് പക്ഷെ ആരോഗ്യ വകുപ്പ് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടത്തിയിട്ടില്ല. പുതിയ വകഭേദത്തിന് ഇതുവരെ പേര് നൽകിയിട്ടില്ലെങ്കിലും അത് പൈ എന്നാകാനാണ് സാധ്യത എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. കൊറോണ വകഭേദങ്ങൾക്ക് ഇതുവരെ പേരുകൾ നൽകിയത് ഗ്രീക്ക് സംഖ്യാ ക്രമത്തിലായിരുന്നു. അതിൽ ഓമിക്രോണിന് ശേഷമുള്ള സംഖ്യയാണ് പൈ.

ജൂലായ് മാസത്തിൽ ഇതിനെ കണ്ടെത്തിയെങ്കിലും കഴിഞ്ഞയാഴ്‌ച്ച ഡെന്മാർക്കിൽ രണ്ട് കേസുകൾ കണ്ടെത്തിയപ്പോൾ മാത്രമാണ് ഈ വകഭേദത്തെ ശാസ്ത്രലോകം ഗൗരവത്തിൽ എടുത്തത്. ഇസ്രയേലിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ ദിവസം തന്നെയായിരുന്നു ഡെന്മാർക്കിലും കണ്ടെത്തിയത്. സംഭവിച്ച ഉൽപരിവർത്തനങ്ങളുടെ എണ്ണവും സ്വഭാവവുമാണ് ഇത് രണ്ടും ഒരേ വകഭേദമാണെന്ന നിഗമനത്തിൽ എത്തിച്ചത്.

പ്രാഥമിക പരിശോധനകൾ വെളിപ്പെടുത്തുന്നത് ഇതിൽ മുപ്പതോളം ഉൽപരിവർത്തനങ്ങൾ അഥവാ മ്യുട്ടേഷൻ സംഭവിച്ചിട്ടുണ്ട് എന്നാണ്. മനുഷ്യ കോശത്തിൽ ബന്ധപ്പെട്ടു കിടക്കാൻ ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീൻ എന്ന ഭാഗത്താണ് ഉൽപരിവർത്തനങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇതിന്റെ വ്യാപന ശക്തി കൂടുതലായിരിക്കുമെന്ന നിഗമനത്തിൽ എത്താൻ കാരണം.