ലണ്ടൻ: വെറും രണ്ടാഴ്‌ച്ചകൾ കൊണ്ട് ഇംഗ്ലണ്ടിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സഥലങ്ങളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. വ്യാ;പനം ശക്തമാവുകയാണ് എന്നതിന്റെ സൂചനയാണിത്. യഥാർത്ഥ ഭീഷണി ഉയർത്തും എന്ന് ഭയപ്പെടുന്ന വകഭേദം രാജ്യത്ത് വ്യാപിക്കാൻ തുടങ്ങി എന്ന ആശങ്കയും ശക്തമാവുകയാണ്. ഓഗസ്റ്റ് 12 വരെയുള്ള ഒരാഴ്‌ച്ച കാലത്ത് 600 ഡിസ്ട്രിക്റ്റുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ട് മുൻപത്തെ ആഴ്‌ച്ച ഇത് 270 ആയിരുന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. ബ്രിട്ടൺ മറ്റൊരു കോവിഡ് തരംഗത്തിന്റെ വക്കിലെത്തിയോ എന്ന ആശങ്കയുയർത്തുന്നത് ഇതാണ്. മാത്രമല്ല, സാധാരണയായി ആശുപത്രികളിൽ തിരക്ക് വർദ്ധിക്കുന്ന ശരത്ക്കാലത്തേക്ക് രാജ്യം കടക്കാൻ ഒരുങ്ങുമ്പോഴാണ് കോവിഡ് രോഗികൾ കൂട്ടമായി ആശുപത്രികളിൽ എത്തുന്നത്. ഇത് വീണ്ടും എൻ എച്ച് എസിനെ സമ്മർദ്ദത്തിലാഴ്‌ത്തിയേക്കും എന്ന ആശങ്കയും നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളും ഈ വൈറസിനെ ആശങ്കയോടെ കാണുകയാണ്.

പുതിയ വകഭേദമായ എറിസിന്റെ വരവോടെയാണ് ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ നാലിൽ ഒരാൾക്ക് വീതം ഈ വകഭേദം ബാധിച്ചതായി കണ്ടെത്തിയിട്ടുമുണ്ട്. ഇതിനേക്കാൾ അപകടകാരിയായ, വലിയതോതിൽ ഉൽപരിവർത്തനം (മ്യുട്ടേഷൻ) സംഭവിച്ച മറ്റൊരു വകഭേദം മാസ്‌ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തിന് ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. ബി. എ 2.86 എന്ന ഈ വകഭേദത്തിന്റെ സാന്നിദ്ധ്യവും ലണ്ടനിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

അതീവ അപകടകരമായിരിക്കും എന്ന് കരുതപ്പെടുന്ന ബി എ 2.86 വകഭേദത്തിന്റെ സാന്നിധ്യം യു കെ ഒഴിച്ചാൽ പിന്നെ യു എസ്, ഇസ്രയേൽ, ഡെന്മാർക്ക് എന്നിവിടങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ലണ്ടനിൽ ഈ വകഭേദം സ്ഥിരീകരിച്ച രോഗി ഇവിടങ്ങളിലൊന്നും യാത്ര ചെയ്യാത്തതിനാൽ, ഇംഗ്ലണ്ടിൽ നിന്നു തന്നെ ഇത് ബാധിച്ചതായാണ് അനുമാനിക്കുന്നത്. അതായത്, ഈ വകഭേദവും ഇംഗ്ലണ്ടിൽ വ്യാപിക്കാൻ ആരംഭിച്ചു എന്ന് ചുരുക്കം. ഏറെ ആശങ്കയോടെയാണ് ലോകം ഈ റിപ്പോർട്ടിനെ കാണുന്നത്.

ഇന്ത്യ അടക്കം ഇപ്പോൾ മാസ്‌കിനെ ഉപേക്ഷിച്ച മട്ടാണ്. വീണ്ടും മാസ്‌ക് ഉപയോഗിക്കേണ്ട സാഹചര്യം പുതിയ വകഭേദം ഉണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ഏതായാലും ലോകം അതീവ ശ്രദ്ധയോടെയാണ് ഈ വൈറസിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. കൂടുതൽ രാജ്യങ്ങളിലേക്ക ഇതു പടരുമോ എന്നതാണ് നിർണ്ണായകം.