ലണ്ടൻ: ബ്രിട്ടണിൽ പുതിയ കോവിഡ് വകഭേദമായ പിരോള മറ്റൊരു തരംഗം തീർക്കുമെന്ന ആശങ്ക കനത്തതോടെ ബൂസ്റ്റർ ഡോസ് നൽകേണ്ടുന്നവരുടെ പട്ടിക വിപുലപ്പെടുത്തണമെന്ന ആവശ്യവുമായി വിദഗ്ദ്ധർ രംഗത്തെത്തി. പുതിയ വകഭേദത്തെ കുറിച്ച് കൂടുതൽ കരുതൽ ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുമ്പോൾ, ചില ഫാർമസികളിലെല്ലാം കോവിഡ് ടെസ്റ്റ് കിറ്റുകൾ തീർന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നു. ശരത്ക്കാലത്തെ കോവിഡ്- ഫ്ളൂ വാക്സിനുകളുടെ തീയതി മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തെയാക്കി, 24 മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ഈ സംഭവ വികാസങ്ങൾ ഉണ്ടാകുന്നത്.

നേരത്തേ ഒക്ടോബറിൽ നൽകാൻ തീരുമാനിച്ചിരുന്ന വാക്സിനുകൾ സെപ്റ്റംബർ 11 നൽകും എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ശൈത്യകാലത്തിന് മുന്നോടിയായി കോവിഡ് ടെസ്റ്റുകളും സാമൂഹ്യ നിരീക്ഷണവും വിപുലപ്പെടുത്തേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു. അതേസമയം, അനാവശ്യ ഭയം ജനങ്ങളിൽ വിതക്കരുതെന്ന ആവശ്യവുമായി ചില എം പിമാരും രംഗത്ത് എത്തിയിട്ടുണ്ട്. മറ്റ് വകഭേദങ്ങളേക്കാൾ അപകടകാരിയാണ് പിരോള എന്നതിന് ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും, ജനങ്ങൾ ശാന്തത കൈവിടരുതെന്നും അവർ പറയുന്നു.

പക്ഷെ, ശാസ്ത്രജ്ഞന്മാർ നിർദ്ദേശിക്കുന്നത് മഹാമാരിക്കാലത്തെ, മാസ്‌ക് ധാരണം പോലുള്ള നിയന്ത്രണങ്ങൾ തിരികെ കൊണ്ടു വരണം എന്നാണ്. അതുപോലെ മുറികൾക്കുള്ളിൽ വായു സഞ്ചാരം വർദ്ധിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അതുപോലെ എല്ലാവർക്കും വാക്സിൻ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. കോവിഡ് നിവാരണത്തിനായി ആസ്ട്രേലിയൻ മാതൃക പിന്തുടരണമെന്നും, എല്ലാവർക്കും വാക്സിൻ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

നേരത്തെ ഈ ശൈത്യകാലത്ത് 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ മാനദണ്ഡം നീക്കണമെന്നാണ് ശാസ്ത്രലോകം ആവശ്യപ്പെടുന്നത്. വേനലവധിക്ക് ശേഷം ആളുകൾ വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും തിരികെയെത്തുമ്പോൾ, കൂടുതൽ ജാഗരൂകരാകണമെന്നും, കോവിഡിനെ കുറിച്ചുള്ള അവബോധം അവരിൽ സൃഷ്ടിക്കണമെന്നും ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു. ശരത്ക്കാലത്ത് നൽകുന്ന വാക്സിൻ 65 വയസ്സിൽ താഴെയുള്ളവർക്കും നൽകേണ്ടതുണ്ട്.

മുപ്പതിലധികം ഉൽപരിവർത്തനങ്ങൾക്ക് വിധേയമായ ബി . എ 2. 86 എന്ന പിരോള വകഭേദം ലോകത്ത് അതിവേഗം പടരുകയാണ് എന്നത് തീർത്തും ഭീതിയുളവാക്കുന്ന കാര്യം തന്നെയാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്ന ജനിതക മാറ്റങ്ങൾ വൈറസിനെ ഏതെല്ലാം വിധത്തിൽ സഹായിക്കുമെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും, വ്യാപന ശേഷി വർദ്ധിപ്പിച്ചതായും, വാക്സിനെ പ്രതിരോധിക്കാനുള്ള ശേഷി ലഭിച്ചതായും ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

ആഗോളാടിസ്ഥാനത്തിൽ പിരോള ബാധിച്ചവരുടെ എണ്ണം കഴിഞ്ഞയാഴ്‌ച്ച ഇരട്ടിയായി വർദ്ധിച്ചിരുന്നു. യു കെ, യു എസ്, ഡെന്മാർക്ക്, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, സ്വീഡൻ, ഇസ്രയെൽ,ം കാനഡ, തായ്ലാൻഡ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലൊക്കെ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഇതിനോടകം തന്നെ പിരോളയുടെ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 16 ന് പി സി ആർ ടെസ്റ്റ് വഴി ഒരാളിൽ പിരോളയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ഇന്നലെ പബ്ലിക് ഹെൽത്ത് സ്‌കോട്ട്ലാൻഡ് വെളിപ്പെടുത്തിയിട്ടുണ്ട്.