ലണ്ടൻ: വൃക്ക മാറ്റ ശസ്ത്രക്രിയ ഇന്ന് ഏറെ പുതുമകൾ ഇല്ലാത്ത ഒന്നാണെങ്കിലും, അതിനു ശേഷം വൃക്കയെ ശരീരം നിരാകരിക്കാതിരിക്കാൻ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ, ഇതാദ്യമായി ഇത്തരത്തിൽ മരുന്ന് കഴിക്കേണ്ടതിൽ നിന്നും ഒരു എട്ടു വയസ്സുകാരി രക്ഷപ്പെട്ടിരിക്കുകയാണ്. ഇതാദ്യമായി യു കെയിൽ ആണ് ഇത്തരത്തിലൊരു ചികിത്സാ വിജയം കണ്ടെത്തിയിരിക്കുന്നത്.

വൃക്ക മാറ്റി വെച്ചതിനു ശേഷം എട്ടു വയസ്സുകാരിയായ അതിഥി ശങ്കറിൽ ഒരു സ്റ്റെം കോശം മാറ്റിവെച്ച് അവളുടെ പ്രതിരോധ സംവിധാനത്തെ റീ പ്രോഗ്രാം ചെയ്യുകയാണുണ്ടായത്. അതിന്റെ ഫലമായി ശരീരത്തിൽ മാറ്റിവച്ച വൃക്കയെ ശരീരം സ്വന്തം വൃക്കയെ പോലെ സ്വീകരിക്കുകയായിരുന്നു. എന്ന് പി എ ന്യുസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അതിഥിയുടെ മാതാവാണ് മകൾക്കായി സ്വന്തം വൃക്ക ദാനം ചെയ്തത്.

വൃക്കയും അസ്ഥി മജ്ജയും ഒരേ ദാതാവിൽ നിന്നും എടുത്തതിനാൽ, മാറ്റി വെച്ച വൃക്ക ശരീരം നിരാകരിക്കാതിരിക്കാൻ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടി വരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ മരുന്നുകൾ സ്വീകരിക്കുന്നത് അതിഥി ഒഴിവാക്കി. ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരം ഒരു ചികിത്സാ രീതി വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നത്. ലണ്ടനിലെ ഗ്രെയ്റ്റ് ഓർമോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു ഈ വിജയകരമായ ശസ്ത്രക്രിയ നടന്നത്.

തന്റെ മകൾക്ക് വൃക്കയും അസ്ഥിമജ്ജയും ദാനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അതിഥിയുടെ അമ്മ ദിവ്യ പറയുന്നു. 38 വയസ്സുകാരിയായ ഇവർ ഒരു ഷോപ്പ് കീപ്പർ ആയി ജോലി ചെയ്യുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത അതിഥിക്ക് ഇപ്പോൾ നീന്താനും പാടാനും നൃത്തച്ചുവടുകൾ വയ്ക്കാനും കഴിയും. അതേസമയം, കഴിഞ്ഞവർഷം ഏതാണ്ട് മിക്ക ദിവസങ്ങളിലും ഡയാലിസിസിനായി അവൾ ആശുപത്രി കയറിയിറങ്ങുകയായിരുന്നു.

അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു അതിഥിയെ ഈ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത്. ഷിംക്സ് ഇമ്മ്യുണോ-ഓസിയസ് ഡിസ്പ്ലാസിയ എന്നൊരു രോഗാവസ്ഥ അവൾക്ക് ഉൾലതായി ഡോക്ടർമാർ കണ്ടെത്തി. അത് അതിഥിയുടെ പ്രതിരോധ സംവിധാനത്തെയും വൃക്കകളെയും ബാധിക്കുകയായിരുന്നു. യു കെയിൽ ഏതാണ്ട് 30 ലക്ഷം കുട്ടികളിൽ ഒരാൾക്ക് മാത്രം വരുന്ന ഒരു അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു.