ലണ്ടൻ: ഇനിയൊരു മഹാമാരിക്കാലം നമ്മളെ കാത്തിരിക്കുകയാണോ ? കോവിഡിൽ തളർന്ന ലോകത്തിൽ നാശത്തിന്റെ വിത്ത് വിതക്കാൻ എത്തുന്നതുകൊറോണയേക്കാൾ ശക്തിയുള്ള വൈറസ്സെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഒരുപക്ഷെ ഇന്നു വരെ മനുഷ്യവംശം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അധികം വ്യാപനശേഷിയുള്ളതും പ്രഹരശേഷിയുള്ളതുമായ വൈറസായിരിക്കും അതെന്നും അവർ പറയുന്നു.

പാരമൈക്സോ വൈറസ് കുടുംബത്തിൽ 75 ന് മേൽ വൈറസുകളാണ് ഉള്ളത്. ഇതിൽ മുണ്ടിനീര്, അഞ്ചാംപനി, ശ്വാസനാളങ്ങളിലെ അണുബാധ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളും അടങ്ങുന്നു. പകർച്ചവ്യാധി, മഹാമാരി എന്നിവക്ക് കാരണമായെക്കാവുന്ന വൈറസുകളുടെ പട്ടികയിൽ ഒക്ടോബർ മാസത്തിൽ യു കെ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് അലർജി ആൻഡ് പാൻഡമിക് പാത്തോജൻസ് ചേർത്തിട്ടുണ്ട്. തുടർച്ചയായി നിരീക്ഷിക്കപ്പെടേണ്ട വൈറസുകളെയാണ് ഈ ലിസ്റ്റിൽ ചേർക്കുക.

ഇക്കൂട്ടത്തിൽ പെടുന്ന നിപ്പ വൈറസ്, കേന്ദ്ര നാഢീവ്യുഹം, സുപ്രധാന അവയവങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ബാധിക്കാൻ കഴിവുള്ളതാണ്. കോവിഡ് വൈറസുമായി താരതമ്യംചെയ്യുമ്പോൾ അതീവ ഭീകരമാണ് ഈ വൈറസിന്റെ പ്രഹരശേഷി. 75 ശതമാനം വരെയാണ് മരണസാധ്യത.

കോവിഡിൽ മരണ സാധ്യത 1 ശതമാനത്തിൽ താഴെ മാത്രമായിരുന്നു എന്നോർക്കണം. ഫ്ളൂ- കോവിഡ് വൈറസ്സുകളെ പോലെ അതിവേഗം ഉൽപരിവർത്തനത്തിന് (മ്യുട്ടേഷൻ) പാരാമൈക്സോവൈറസുകൾ വിധേയമാകാറില്ലെങ്കിലും മനുഷ്യരിൽ പടർന്ന് പിടിക്കുന്ന കാര്യത്തിൽ കോവിഡ് വൈറസിനേക്കാൾ വേഗതയേറും ഇവയ്ക്ക് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

അഞ്ചാംപനിയുടെ വേഗതയിൽ പടർന്ന് പിടിക്കുന്നതും അതേസമയം നിപ്പയുടേതിന് സമാനമായ മരണനിരക്കുള്ളതുമായ ഒരു പാരാമൈക്സോവൈറസ് പടർന്ന് പിടിച്ചാൽ എന്താകുമെന്ന് ആലോചിക്കുവാനാണ് യൂണിവേഴ്സിറ്റി ഓഫ് ടൊറൊണ്ടോയിലെ അസിസ്റ്റന്റ് പ്രൊഫസറായ മൈക്കൽ നോറിസ് പറയുന്നത്.