ല ആശുപത്രികളിലും സ്ഥലം തികയാതെ വരുന്ന രീതിയിലേക്ക് ചൈനയിൽ അതിവേഗം പടരുന്ന പുതിയ ശ്വാസ സംബന്ധിയായ രോഗത്തിന്റെ വ്യാപനം ലോകത്തെ വീണ്ടും മുൾമുനയിൽ നിർത്തുകയാണ്. കോവിഡ് കാലത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് മാസ്‌കുകൾ ധരിച്ച ആൾക്കൂട്ടം ബെയ്ജിംഗിലെ ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ തിരിച്ചറിയാത്ത ഒരുതരം ന്യുമോണിയയാണ് ഇപ്പോൾ വ്യാപിക്കുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

എന്നാൽ, ലോക്ക്ഡൗൺ കാലത്ത് തടയാൻ കഴിഞ്ഞിരുന്ന ഫ്ളൂ,  മറ്റ് ശ്വാസ സംബന്ധിയായ രോഗങ്ങൾ എന്നിവയാണ് പടരുന്നതെന്നും, പുതിയ വൈറസുകളുടെ വ്യാപനമല്ലെന്നുമാണ് അധികൃതർ പറയുന്നത്. കോവിഡിനോട് ഇതിന് സമാനതകൾ ഇല്ലെന്ന് ചൈനീസ് അധികൃതർ ആവർത്തിക്കുമ്പോഴും ലോകത്തിന് ആശങ്കയേറുകയാണ്. കോവിഡിന്റെ ആദ്യനാളുകളിൽ രോഗത്തെ കുറിച്ചുള്ള സത്യം ചൈന മൂടിവെച്ചതാണ് പിന്നീട് അത് ലോകം മുഴുവൻ വ്യാപിക്കാൻ ഇടയായത് എന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും കർശനമായതും ദൈർഘ്യമേറിയതുമായ ലോക്ക്ഡൗൺ ആയിരുന്നു ചൈനയിലേത്. ലോക്ക്ഡൗൺ നീക്കം ചെയ്തതിനു ശേഷമുള്ള ആദ്യ ശൈത്യകാലമാണ് ഇപ്പോശ് വന്നിരിക്കുന്നത്. ലോക്ക്ഡൗൺ നിബന്ധനകൾ ജനങ്ങളുടെ പ്രതിരോധ ശേഷി കുറച്ചു എന്നും കാലിക രോഗങ്ങൾക്ക് അവരെ കൂടുതലായി ഇരകളാക്കി എന്നുമാണ് ഇപ്പോൾ വിശ്വസിക്കുന്നത്.

അസാധാരണമോ പുതിയതോ ആയ വൈറസ് വ്യാപിക്കുന്നു എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല എന്ന് ചൈനീസ് അധികൃതർ ഉറപ്പിച്ചു പറയുമ്പോഴും, ഇത്തരത്തിലുള്ള കാര്യങ്ങൾ ലോകത്തിന്റെ മുന്നിൽ ചൈന മറച്ചു പിടിക്കാൻ ശ്രമിച്ച ചരിത്രമുണ്ടെന്ന് ഒബാമയുടെ മുൻ വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയ റാം ഇമ്മാനുവൽ ഓർമ്മിപ്പിക്കുന്നു.

ഇപ്പോൾ അതിവേഗം നടക്കുന്ന രോഗവ്യാപനത്തിൽ എത്രപേർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നോ എത്രപേർ മരണപ്പെട്ടു എന്നോ ചൈന വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇത് പ്രധാനമായും കുട്ടികളെ ബാധിക്കുന്നതായാണ് കാണുന്നത്. കടുത്ത പനിയും ശ്വാസകോശത്തിൽ വീക്കവുമാണ് കുട്ടികളിൽ കാണുന്നതെന്ന് ചില ഡോക്ടർമാർ പറയുന്നു. എന്നാൽ, ചുമ ഉണ്ടാകുന്നില്ല. ഇത്തരത്തിലുള്ള രോഗ ലക്ഷണം മുൻപ് അണുബാധയുണ്ടായതിന്റെ ലക്ഷണമാണെന്നും അവർ പറയുന്നു.

തലസ്ഥാനമായ ബെയ്ജിംഗും 500 മൈൽ വടക്ക് കിഴക്ക് മാറിയുള്ള ലിയോനിങ് പ്രവിശ്യയും ഉൾപ്പടെ ചൈനയുടെ ഒട്ടുമിക്ക നഗരങ്ങളിലേയും കുട്ടികൾക്കുള്ള ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു കവിയുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നവംബർ 21 ന് രോഗ നിരീക്ഷണ സിസ്റ്റമായ പ്രോമെഡ് ചൈനയിൽ തിരിച്ചറിയാത്ത ഒരുതരം ന്യുമോണിയ പടരുന്നതായി റിപ്പോർട്ട് നൽകിയതോടെയാണ് ഇത് ലോക ശ്രദ്ധയിൽ വരുന്നത്.

2019 ഡിസംബറിൽ കോവിഡിനെ കുറിച്ചുള്ള ആദ്യ മുന്നറിയിപ്പ് നൽകിയതും, അസാധാരണമായ ആരോഗ്യ പ്രശ്നങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെട്ട ഈ സിസ്റ്റമായിരുന്നു.