ചൈനയിൽ കണ്ടെത്തിയതിനോട് സമാനമായ ലക്ഷണങ്ങളോടു കൂടിയ ന്യുമോണിയ നെതർലണ്ഡ്സിലെ കുട്ടികളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ആശങ്കയുണർത്താൻ പോന്നവിധം ധാരാളം കുട്ടികളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇത് ആദ്യമായി കണ്ടെത്തിയത്. അഞ്ചു മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് ഇത് വ്യാപകമായി കണ്ടുവരുന്നത്. കഴിഞ്ഞവർഷം രേഖപ്പെടുത്തിയതിന്റെ ഇരട്ടിയോളം കുട്ടികളിൽ ഈ രോഗം ഇതിനോടകം പടർന്ന് പിടിച്ചതായി രേഖകൾ പറയുന്നു.

ചൈനയിലെ ആശുപത്രികൾ, ദുരൂഹമായ ന്യുമോണിയ ബാധിച്ച കുട്ടികളെ കൊണ്ട് നിറഞ്ഞു എന്ന മാധ്യമ റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് യൂറോപ്പിലും ഭയത്തിന്റെ കരിനിഴൽ പരക്കുന്നത്. അതേസമയം, കോവിഡിന്റെ ഇരുണ്ട നാളുകളിൽ കണ്ടതിനു സമാനമായ ദൃശ്യങ്ങളാണ് ചൈനയിൽ നിന്നും പുറത്തു വരുന്നത്. ഹസ്മത് സ്യുട്ടുകളും, കൈയുറകളും മാസ്‌കുകളും ധരിച്ച ആരോഗ്യ പ്രവർത്തകർ സ്‌കൂളുകളും പുറംവാതിൽ ഇടങ്ങളുമൊക്കെ അണുവിമുക്തമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കോവിഡ് ലോക്ക്ഡൗൺ നീക്കിയതിന് ശേഷമുള്ള ആദ്യത്തെ ശൈത്യകാലത്തിൽ പൊട്ടിപ്പുറപ്പെട്ട സാധാരണ കാലിക രോഗങ്ങൾ (സീസണൽ ഇൽനെസ്സ്) മാത്രമാണിതെന്നും പുതിയ വൈറസിനെയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നുമാണ് ചൈന പറയുന്നത്. എന്നാൽ, ഇപ്പോഴുണ്ടായ വർദ്ധിച്ച തോതിലുള്ള രോഗവ്യാപനത്തെ കുറിച്ച് മുൻവിധികളില്ലാതെ പഠിക്കണമെന്നാണ് യു കെ അധികൃതർ പറയുന്നത്.

അതിനിടയിൽ പ്രതീക്ഷിച്ചതിലധികം രോഗികൾ ന്യുമോണിയ ബാധിച്ച് ഡോക്ടർമാരെ സമീപിക്കുന്നതായി നെതർലാൻഡ്സ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്ത് സർവീസസ് റിസർച്ച് അറിയിച്ചു. ശ്വാസകോശങ്ങളിൽ, ഒരു ബാക്ടീരിയയോ വൈറസോ മൂലം വീക്കം ഉണ്ടാകുന്നതാൺ' രോഗം. ഇത് രണ്ടാഴ്‌ച്ചക്കുള്ളിൽ സുഖപ്പെടുന്നതായും വിദഗ്ദ്ധർ പറയുന്നു. ചുമ, ശ്വാസതടസ്സം, പനി എന്നിവയൊക്കെയാണ് പ്രകടമായ ലക്ഷണങ്ങൾ.

എന്നാൽ, 65 വയസ്സു കഴിഞ്ഞവർ, തീരെ ചെറിയ കുട്ടികൾ അല്ലെങ്കിൽ, ശ്വാസകോശ സംബന്ധിയായ രോഗമുള്ളവർ എന്നിവരിൽ രോഗം ഗുരുതരമായേക്കാം. നവംബർ 18 ന് അവസാനിച്ച വാരത്തിൽ 1 ലക്ഷം കുട്ടികളിൽ 103 പേർക്ക് വീതം ന്യുമോണിയ കണ്ടെത്തിയതായി ഇൻസ്റ്റിറ്റിയുട്ടിന്റെ രേഖകളിൽ പറയുന്നു. കഴിഞ്ഞ വർഷം, രോഗ വ്യാപനം മൂർദ്ധന്യത്തിൽ എത്തിയപ്പോൾ പോലും ഇത് 1 ലക്ഷം കുട്ടികളിൽ 58 പേർക്ക് എന്ന നിരക്കിലായിരുന്നു.

സമാനമായ രീതിയിൽ 15 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ ഇടയിലും രോഗം വർദ്ധിച്ചു വരുന്നതായി ജി പി മാരുടെ കൈവശമുള്ള കണക്കുകൾ വെളിപ്പെടുത്തുന്നു. നാലു വയസ്സിൽ താഴെയുള്ള കുട്ടികളിലും രോഗവ്യാപനം വർദ്ധിക്കുന്നുണ്ട്. എന്നാൽ, പെട്ടെന്ന് ഈ വ്യാപനം വർദ്ധിക്കാൻ ഇടയാക്കിയത് എന്താണെന്ന് ഇൻസ്റ്റിറ്റിയുട്ട് വ്യക്തമാക്കുന്നില്ല.

ഏതായാലും നെതർലാൻഡ്സിൽ ഇപ്പോൾ ഫ്ളൂ, കോവിഡ്, ആർ എസ് വി എന്നിവ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ വൈറസുകൾക്ക് ഒക്കെയും ന്യുമോണിയക്ക് കാരണമാകാൻ കഴിയും.