- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ കൈകാര്യം ചെയ്ത ചൈനീസ് രീതി ആവർത്തിക്കരുത്; ചൈനയ്ക്കെതിരെ വടിയെടുത്ത് ലോകാരോഗ്യ സംഘടന രംഗത്ത്; മാസ്‌കും സാമൂഹ്യ അകലവും വീണ്ടും ഏർപ്പെടുത്തി ചൈന; ന്യുമോണിയ ഭീതിയിൽ ലോകം
കോവിഡ് വ്യാപനം മൂടിവെച്ച് ലോകത്തെ മാസങ്ങളോളം നിശ്ചലമാക്കിയത് ഇനിയും ആവർത്തിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന രംഗത്ത്. കുട്ടികളിൽ പടരുന്ന ദുരൂഹമായ ന്യുമോണിയയുടെ കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ചൈനയോട് ആവശ്യപ്പെട്ടു. രാജ്യത്തെ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യത്തിൽ, ഏജൻസി ചൈനയിലെ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ ഡോ. മറിയ വാൻ കെർഖോവ് പറഞ്ഞു.
ചൈനയിൽ സ്ഥിതിഗതികൾ ഗുരുതരമാവുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കോവിഡ് കാലത്തെ ഓർമ്മിപ്പിക്കുന്ന വിധം മാസ്‌കും സാമൂഹിക അകലവും വീണ്ടും നിർദ്ദേശിക്കപ്പെട്ടു കഴിഞ്ഞു. വൈറ്റ് ലംഗ് സ്വിൻഡ്രം എന്ന് വിളിക്കുന്നഈ ന്യുമോണിയയുടെ വ്യാപനത്തിലുണ്ടായ കുതിപ്പിൽ ചൈന കിതയ്ക്കുകയാണെന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം ശ്വാസസംബന്ധിയായ രോഗങ്ങളുടെ പുനരാഗമനം മാത്രമാണെന്നും പുതിയ വൈറസ്സ് അല്ലെന്നുമാണ് ചൈന ഉറച്ചു പറയുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതും, ഏറ്റവും കർശനവുമായ ലോക്ക്ഡൗൺ ആയിരുന്നു ചൈനയിലേത്. ഇത് കുട്ടികളിലെ, കാലിക രോഗങ്ങളെ ചെറുക്കുന്നതിനുള്ള പ്രതിരോധ ശക്തികുറച്ചിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ലോകമാകമാനമായി തന്നെ ശ്വാസ സംബന്ധിയായ രോഗങ്ങളിൽ വർദ്ധനവ് കാണപ്പെടുന്നുണ്ട് എന്നും ഡോ. വാൻ കെർഖോവ് പറഞ്ഞു. ശരത്ക്കാലത്തിൽ നിന്നും ശൈത്യകാലത്തിലേക്ക് കടക്കുന്നതോടെ ഇത് വീണ്ടും ശക്തിപ്രാപിക്കാൻ ഇടയുണ്ടെന്നും അവർ സൂചന നൽകി.
തങ്ങളുടെ ക്ലിനിക്കൽ നെറ്റ്‌വർക്കുമായും, ചൈനയിലെ ക്ലിനീഷ്യൻസുമായും തങ്ങൾ നിരന്തര ബന്ധം പുലർത്തിക്കൊണ്ടിരിക്കുകയാണെന്നും ഡോ. വാൻ കെരെഖോവ് അറിയിച്ചു. ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ഒരു രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൻ മേൽ കൊണ്ടു വരുന്ന സമ്മർദ്ദവും അതുപോലെ അത് നേരിടാൻ ഈ സംവിധാനത്തിനുള്ള കഴിവും തങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
ഏതായാലും തികച്ചും അസാധാരണമായ നടപടിയായിരുന്നു, ചൈനയോട് ഇക്കാര്യത്തിൽ സുതാര്യത വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതു വഴി ലോകാരോഗ്യ സംഘടന കൈക്കൊണ്ടിരിക്കുന്നത്. കോവിഡിനെ കൈകാര്യം ചെയ്ത ചൈനീസ് രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. അതിനിടയിലാണ് ജനങ്ങൾ വീണ്ടും മാസ്‌കുകൾ ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആരംഭിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ചൈനീസ് ആരോഗ്യമന്ത്രി മി ഫെംഗ് രംഗത്തെത്തിയിരിക്കുന്നത്.
നെയ്ജിംഗിന്റെ ചില പ്രദേശങ്ങളിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രതിദിനം 7000 രോഗികൾ വരെ എത്തുന്നു എന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. ബെയ്ജിംഗിന്റെ തീരദേശ പ്രവിശ്യയായ ടിയാൻജിനിലെ ഏറ്റവും വലിയ ആശുപത്രിയിൽ ഒരു ദിവസം 13,000 കുട്ടികൾ ചികിത്സതേടി എത്തിയതായി പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ