ലണ്ടൻ: ചൈനയിൽ പടർന്നു പിടിക്കുന്ന ദുരൂഹമായ ന്യുമോണിയ ഏത് നിമിഷവും യൂറോപ്പ്ിലെ പ്രധാന രാജ്യമായ ബ്രിട്ടനിലും പിടിമുറുക്കിയേക്കാമെന്ന് വിദഗ്ദ്ധർ. കുട്ടികളിൽ അസാധാരണമാം വിധം രോഗ വ്യാപനമുണ്ടാകുന്നതിൽ ആശങ്കരേഖപ്പെടുത്തി ബെയ്ജിങ് അധികൃതർ കഴിഞ്ഞയാഴ്‌ച്ച മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ വൈറസിന്റെ ആക്രമണമല്ലെന്നും, ശൈത്യകാലത്ത് ശ്വാസകോശ രോഗങ്ങളുടെ ശക്തി വർദ്ധിക്കുന്നതാണെന്നും അവർ പറയുന്നു. മൈകോപ്ലാസ്മ ന്യുമോണിയേ എന്ന ബാക്ടീരിയയാണ് ഇതിന്റെ കാരണമെന്നും ചൈന അവകാശപ്പെടുന്നു.

കോവിഡ് ലോക്ക്ഡൗണിനെയാണ് വിദഗ്ദ്ധർ പ്രതി സ്ഥാനത്ത് നിർത്തുന്നത്. കോവിഡ് നിയന്ത്രണത്തിനായി സ്വീകരിച്ച മാർഗ്ഗങ്ങൾ സാധാരണ കാലിക രോഗങ്ങൾ പരത്തുന്ന അണുക്കളുടെ വ്യാപനത്തെയും തടഞ്ഞു. അതുവഴി ജനങ്ങളിലെ ആർജ്ജിത പ്രതിരോധശേഷി കാര്യമായി കുറയ്ക്കുകയും ചെയ്തു. മൈക്രോ ബാക്ടീരിയയുടെ ഒരു വ്യാപനം ഇത്തരം സാഹചര്യത്തിൽ ബ്രിട്ടനിലും പ്രതീക്ഷിക്കാം എന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.

ബാക്ടീരിയ ബാധ ഒരുതരം ഫ്ളൂവിന് സമാനമായ രോഗമാണ് ഉണ്ടാക്കുക. വളരെ ദുർബലമായ രോഗമായതിനാൽ അതിനെ വാക്കിങ് ന്യുമോണിയ എന്നും വിളിക്കാറുണ്ട്. എന്നാൽ, കുട്ടികളിൽ ഇത് വന്നാൽ, ചിലപ്പോൾ ഗുരുതരമായേക്കും. ഇത്തരത്തിൽ തടഞ്ഞു നിർത്തിയ മഹാമാരികൾ ഏത് സമയവും തിരിച്ചടിക്കും എന്നത് പ്രതീക്ഷിച്ചിരിക്കണമെന്നും അവർ പറയുന്നു.

കോവിഡിനെതിരെ സ്വീകരിച്ച നടപടികൾ ജനങ്ങളുടെ പ്രതിരോധ ശേഷി കുറയ്ക്കാൻ ഇടയായെന്നു, അതാണ് ഇപ്പോൾ അതിവേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമായതെന്നും യൂണിവെഴ്സിറ്റി ഓഫ് റീഡിംഗിലെ വൈറോളജിസ്റ്റ് പ്രൊഫസ5ർ ഇയാൻ ജോൺസ് പറയുന്നു. മാസ്‌കുകൾ, സാമൂഹിക അകലം പാലിക്കൽ, കൈകൾ കൂടുതൽ വൃത്തിയാക്കി വയ്ക്കൾ, സാമൂഹിക ഒത്തുചേരലുകൾ ഇല്ലാതായത് എല്ലാം കോവിഡേതര രോഗകാരികൾക്കും പകരുന്നതിനുള്ള അവസരം നിഷേധിച്ചു. ഇതുവഴി മനുഷ്യരിൽ ആർജ്ജിത പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായില്ല.

ഒരു രോഗകാരി ഏറെക്കാലം ബാധിക്കതിരുന്നാൽ, അതിനെതിരെയുള്ള പ്രതിരോധം ശരീരത്തിൽ ഉണ്ടായിരിക്കില്ല. പിന്നീട് ഏതെങ്കിലും സമയത്ത് അത് ബാധിച്ചാൽ വളരെ ശക്തമായി തന്നെ ബാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയും യു കെയും പോലുള്ള രാജ്യങ്ങൾ കോവിഡാനന്തര കാലഘട്ടത്തിൽ ഫ്ളൂ, ആർ എസ് വി തുടങ്ങിയ ശൈത്യകാല രോഗങ്ങളുടെ വ്യാപനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.