- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണുപ്പുകാലമെത്തിയപ്പോൾ ചുമയും പനിയും ജലദോഷവും പിടികൂടുന്നത് പതിവാകുന്നു; അത് വെറും ജലദോഷമോ ഫ്ളൂവോ കോവിഡോ ആകാം; ഏത് രോഗമാണ് പിടികൂടിയതെന്നുള്ള സൂചനക്ക് ഡോക്ടർമാരും ശാസ്ത്രജ്ഞരും തയ്യാറാക്കിയ ഈ ചാർട്ട് നോക്കുക
ശൈത്യകാലമെത്തിയതോടെ മൂക്കൊലിപ്പ്, ചുമ, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയവയൊക്കെ ഒന്നൊന്നായി എത്താൻ തുടങ്ങും. എന്നാൽ അത് ഒരു വെറും ജലദോഷമാണോ, ഫ്ളൂ ആണോ, കോവിഡ് ആണോ എന്നറിയാൻ ഏറെ പണിപ്പെടും എന്നതാണ് പ്രശ്നം. ലക്ഷണങ്ങൾ വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്തമായിരിക്കുമെങ്കിലും, ജലദോഷം എന്നത് ഒരു രോഗം എന്നതിനപ്പുറം ഒരു ശല്യം മാത്രമാണ്. എന്നാൽ, ഫ്ളൂവും കോവിഡും അങ്ങനെയല്ല. ദിവസങ്ങളോളം നിങ്ങളെ കിടക്കയിൽ കിടത്തിയേക്കും.
ശൈത്യകാലത്ത് കണ്ടു വരുന്ന ശ്വാസ സംബന്ധിയായ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ വ്യാപിക്കുവാൻ സാധ്യത ഏറെയാണെന്ന് കഴിഞ്ഞ ദിവസം വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയീരുന്നു. ഛർദ്ദിക്ക് കാരണമാകുന്ന നോറോ വൈറസിന്റെ വ്യാപനം ഇതിനോടകം തന്നെ കുതിച്ചുയർന്നു കഴിഞ്ഞു. അതുകൊണ്ടു തന്നെ നിങ്ങളെ ബാധിക്കുന്ന വൈറസ് ഏതെന്ന് എത്രയും പെട്ടെന്ന് തന്നെ കണ്ടെത്തേണ്ടത് കാര്യക്ഷമമായ ചികിത്സയ്ക്ക് അനിവാര്യമാണ്.
ജലദോഷം
ഒരു സാധാരണ ജലദോഷം, വർഷത്തിൽ ഏത് നിമിഷവും നമുക്ക് പിടിപെടാം. എന്നാൽ, ശൈത്യകാലത്ത് ജലദോഷം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടയിൽ അസ്വസ്ഥത, മൂക്കടപ്പ് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ശ്വസനവ്യുഹത്തിന്റെ മുകൾ ഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങൾ എങ്കിൽ അത് സാധാരണ ജലദോഷം മാത്രമായിരിക്കും. 200 ൽ അധികം വൈറസ്സുകളിൽ ഏതെങ്കിലും ഒന്ന് കാരണം ഇത് സംഭവിക്കാം.
തണുപ്പ് മാത്രം കൊണ്ട് ജലദോഷം ഉണ്ടാകില്ല. ശരീരത്തിലെ പ്രതിരോധ സംവിധാനം ദുർബലമാകുക കൂടി വേണം. അത്തരം സാഹചര്യങ്ങളിൽ താപനില ചെറുതായി ഒന്ന് കുറഞ്ഞാൽ പോലുംജലദോഷം പിടിപെട്ടേക്കാം. ചില സമയങ്ങളിൽ ജലദോഷം കൂടുതൽ ശക്തമായി ചുമ, ശ്വാസതടസ്സം എന്നിവയ്ക്കും കാരണമായേക്കാം.
ഫ്ളൂ
ജലദോഷത്തിന്റെയും ഫ്ളൂവിന്റെയും ലക്ഷണങ്ങൾ തമ്മിൽ ഏറെ സമാനതകളുണ്ട്. ഇൻഫ്ളുവൻസ വൈറസുകൾ മൂലമുണ്ടാകുന്നഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് ചുമയാണ്. ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി ഏറെ സമാനതകൾ ഉണ്ടെങ്കിലും ഫ്ളൂവിന്റെ കാര്യത്തിൽ ലക്ഷണങ്ങളുടെ തീവ്രത കൂടുതലായിരിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. ശരീരത്തിൽ കുളിര് അനുഭവപ്പെടുക, പനി, തലവേദന, പേശീ വേദന എന്നിവയും ഫ്ളൂവിന്റെ ലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ ശരീരത്തെ മുഴുവൻ ബാധിക്കും എന്നതിനാൽ ഫ്ളൂവിന്റെ ബാധ ശരീരത്തെ കൂടുതൽ അവശമാക്കും. ഫ്ളൂവിന് ഉദര സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കാനാവുമെന്നതും ഒരു പ്രത്യേകതയാണ്. ഫ്ളൂ മരണ കാരണം ആകാമെങ്കിലും സാധാരണയായി 65 വയസ്സ് കഴിഞ്ഞവർ, ഗർഭിണികൾ, ദീർഘകാലമായ ശ്വാസ സംബന്ധിയായ പ്രശ്നങ്ങൾ ഉള്ളവർക്ക് എന്നിവർക്കാണ് അതിന്റെ സാധ്യത കൂടുതൽ. അതുകൊണ്ടു തന്നെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ എല്ലാ വർഷവും ഫ്ളൂ വാക്സിൻ എടുക്കുന്നത് നല്ലതായിരിക്കും.
കോവിഡ്
കോവിഡ് വ്യാപനത്തിന്റെ ആദ്യകാലങ്ങളിൽ രുചിയും ഗന്ധവും നഷ്ടപ്പെടുക, തുടർച്ചയായ ചുമ, പനി എന്നിവയായിരുന്നു പ്രകടമായ ലക്ഷണങ്ങൾ. എന്നാൽ, പുതിയ വകഭേദങ്ങൾ ഉണ്ടാവുകയും വാക്സിൻ വരികയും ചെയ്തതോടെ കോവിഡ് കൂടുതൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിച്ചു. ഇപ്പോൾ, മൂക്കൊലിപ്പ്, തൊണ്ടയിലെ അസ്വസ്ഥ്ത്, തലവേദന, തുടർച്ചയായ ചുമ, ക്ഷീണം എന്നിവയും കോവിഡിന്റെ ലക്ഷണങ്ങളായി പരിഗണിക്കുന്നു.
കോവിഡ് വൈറസുകൾ ഇപ്പോഴും ബ്രിട്ടനിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല. ആതുകോണ്ടു തന്നെ ശൈത്യകാലത്ത് ഭയക്കേണ്ടുന്ന ഒരു രോഗമാണ് കോവിഡും. ഫ്ളൂവിന്റെ ലക്ഷണങ്ങളുമായി സമാനതകൾ ഉണ്ടെങ്കിലും, കോവിഡിന്റെ കാര്യത്തിൽ ശ്വസന വ്യുഹത്തിൽ അത് ഉണ്ടാക്കുന്ന പ്രഭാവം തീവ്രത കൂടിയായിരിക്കും എന്ന് വിദഗ്ദ്ധർ പറയുന്നു. അതുപോലെ, പെട്ടെന്ന് രുചി, ഗന്ധം എന്നിവ തിരിച്ചറിയാനുള്ള സാധ്യത കുറയുന്നതും കോവിഡിന്റെ ലക്ഷണമാണ്.
മറുനാടന് മലയാളി ബ്യൂറോ