വരുംകാല ചരിത്ര പുസ്തകങ്ങളിൽ ഈ നൂറ്റാണ്ടിനെ രണ്ടായി പിളർത്ത് ഒരു മഹാ സംഭവമായിട്ടായിരിക്കും കോവിഡ് -19 രേഖപ്പെടുത്തപ്പെടുക. കോവിഡ് പൂർവ്വ കാലമെന്നും കോവിഡാനന്തര കാലമെന്നും കാലത്തെ രണ്ടായി തിരിച്ച ഈ മഹാമാരി ഉയർത്തുന്ന ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ മാത്രം, ലോകാമകെ 10,000 പേരാണ് ഈ മഹാമാരിക്ക് മുൻപിൽ കീഴടങ്ങി ജീവൻ വെടിഞ്ഞതെന്ന് സംഘടന വ്യകതമാക്കുന്നു.

അതേസമയം, ഇക്കാലയളവിൽ, കോവിഡ് - 19 മായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനങ്ങളിൽ 42 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായും ഇന്റൻസീവ് കെയർ പ്രവേശനങ്ങളിൽ 62 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആ മാരക വൈറസുകൾ ഇപ്പോഴും കറങ്ങി നടന്ന് മനുഷ്യ ജീവനുകൾ എടുക്കുകയാണെന്ന് ജനുവരി 10 ന് നടത്തിയ ഒരു വാർത്താ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ അഡ്നോം ഗെബ്രയേസസ് മുന്നറിയിപ്പ് നൽകി.

കോവിഡ് കാലത്തിന്റെ മൂർദ്ധന്യതയിൽ നടന്ന മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 10,000 മരണങ്ങൾ എന്നത് നിസ്സാരമായി തോന്നാമെങ്കിലും, തടയാമായിറ്റുന്ന, ഇത്രയും മരണങ്ങൾ നടന്നു എന്നത് അനുവദിക്കാൻ പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിലെ ഒഴിവുകാല ആഘോഷങ്ങൾക്കിടയിലായിരുന്നു വൈറസിന്റെ വ്യാപനം വർദ്ധിച്ചത് എന്നാണ് ലഭ്യമായ വിവരങ്ങൾ പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഒപ്പം അതിവ്യാപന ശേഷിയുള്ള ഒമിക്രോണിന്റെ ജെ എൻ- 1 ഉപ വകഭേദവും അധിക വ്യാപനത്തിന് കാരണമായി.നിലവിൽ, ലോകത്തിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന വകഭേദം ഇതാണ്. യു കെ യിലെ നിലവിലെ കോവിഡ് കേസുകളിൽ 65 ശതമാനവും ഈ വകഭേദം കാരണമാണ് എന്ന് സി ഒ ജി- യു കെ റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് വ്യാപനം വർദ്ധിക്കുന്നു എന്ന് സൂചന നൽകുന്നത് അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള കണക്കുകളാണെന്ന് ടേഡ്രോസ് പറഞ്ഞു. അവയിൽ അധികവും യൂറോപ്പിലും അമേരിക്കയിലും ഉള്ള രാജ്യങ്ങളാണ്. എന്നാൽ, മറ്റു പല രാജ്യങ്ങളിലും വ്യാപനം ശക്തമാകുന്നുണ്ട്., അവ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രം. കോവിഡിനെ അവഗണിക്കാൻ സമയമായിട്ടില്ലെന്നും, കോവിഡിനെതിരെ കരുതലുകൾ എടുക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഭരണകൂടങ്ങളോടും വ്യക്തികളോടും ആവശ്യപ്പെട്ടു.

അതിനിടയിൽ, ഇപ്പോൾ ബ്രിട്ടനിൽ വ്യാപിക്കുന്ന ജെ എൻ 1 ഇനം അധികം വൈകാതെ ഒരു കോവിഡ് തരംഗം സൃഷ്ടിക്കുമെന്ന് ഇംപീരിയൽ കോളേജ് ലണ്ടനിലെവൈറസ് വിദഗ്ധനായ പ്രൊഫസർ പീറ്റ ഓപൻഷാ മുന്നറിയിപ്പ് നൽകുന്നു. സൺ പത്രത്തിനോട് സംസാരിക്കവേയാണ് ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു കുതിച്ചു ചാട്ടം കോവിഡ് വ്യാപനത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. അതുകൊണ്ടു തന്നെ കോവിഡ് ബൂസ്റ്റർ എടുക്കാത്തവർ മാസ്‌ക് ധരിക്കാൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.