ഒരു പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന കഠിനാദ്ധ്വാനത്തിനൊടുവിൽ ഏതൊരു മനുഷ്യനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നതാണ് നല്ലൊരു ഉറക്കം. എന്നാൽ, ഉറങ്ങാനായി കിടക്കയിൽ കിടന്ന്, പുതപ്പെടുത്ത് പുതച്ചു കഴിയുമ്പോൾ ഏത് പൊസിഷനിലാണ് നിങ്ങൾ ഉറങ്ങുന്നത് എന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഭ്രൂണത്തിൽ നിന്നും സൈനികൻ വരെ (ഫീറ്റസ് ടു സോൾജിയർ) ആറ് പൊസിഷനുകളാണ് എല്ലാ മനുഷ്യരും ഉറങ്ങാൻ സ്വീകരിക്കുക എന്ന് അവർ പറയുന്നു. അതിൽ ചിലത് മറ്റുള്ളവയെക്കാൾ വളരെ നല്ലതാണെന്നും വിദഗ്ദ്ധർ പറയുന്നു.

നിങ്ങൾ രാവിലെ എഴുന്നേൽക്കുന്നത് ശരീര വേദനയോടെയോ അതല്ലെങ്കിൽ രാത്രിയിൽ ഉറക്കത്തിന് വിഘ്നങ്ങൾ വരുന്നുണ്ടെങ്കിലോ അതിന്റെ പ്രധാന കാരണം നിങ്ങളുടെ സ്ലീപ്പിങ് പൊസിഷൻ ആണെന്ന് വൂൾറൂമിലെ ആഡം ഹിസ്റ്റ് പറയുന്നു. മറ്റൊരു രസകരമായ കാര്യം, ഏറ്റവും സൗകര്യപ്രദമായ സ്ലീപ്പിങ് പൊസിഷനും ആരോഗ്യപ്രദമായ സ്ലീപ്പിങ് പൊസിഷനും തമ്മിൽ ഏറെ വ്യ്ത്യസ്തതകൾ ഉണ്ട് എന്നതാണ്.

ശരിയായ ഉറക്കം ലഭിക്കുന്നതിന് കിടക്കയിൽ നമ്മുടെ പൊസിഷൻ ഏറെ സൗകര്യപ്രദമാകണം എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ, നമ്മൾ ഒരു പൊസിഷൻ ആശ്രയിച്ചു തുടങ്ങിയാൽ അത് കാലക്രമേണ നമുക്ക് ഏറെ സൗകര്യപ്രദമായി വരും എന്നതും മറ്റൊരു സത്യമാണ്. ഉറങ്ങുന്നതിന് പ്രധാനമായും ആറ് പൊസിഷനുകളാണ് ഉള്ളത്. വിദഗ്ദ്ധർ അവയ്ക്ക് പേര് നൽകിയിരിക്കുന്നത്, ഫീറ്റസ്, ലോഗ്, സോൾജിയർ, സ്റ്റാർഫിഷ്, യേർനെർ, ഫ്രീഫെയ്ലർ എന്നിങ്ങനെയാണ്.

ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ ആകൃതിയിൽ നിന്നാണ് ഫീറ്റസ് എന്ന പേര് ലഭിച്ചത്. മലയാളത്തിൽ പറയുന്ന ചുരുണ്ടുകൂടി കിടക്കൽ തന്നെയാണ് ഈ പൊസിഷൻ. ഒരു വശം തിരിഞ്ഞ്, ഏതാണ്ട് ഒരു ഗോളാകൃതി വരുന്ന വിധത്തിൽ ശരീരം മുഴുവൻ ചുരുണ്ടുകൂടി കിടക്കുന്ന രീതിയാണിത്. 2019-ൽ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധർ നടത്തിയ പഠനത്തിൽ പറഞ്ഞത് പ്രായപൂർത്തിയായവരിൽ 60 ശതമാനം പേരും എപ്പോഴും ഒരു വശം മാത്രം തിരിഞ്ഞു കിടക്കുന്നവരാണ് എന്നാണ്.

ഫീറ്റസിൽ മാത്രമല്ല, നിങ്ങൾ ലോഗ് പൊസിഷനിലാണ് ഉറങ്ങുന്നതെങ്കിലും ഒരു വശം തിരിഞ്ഞായിരിക്കും കിടക്കുക. എന്നാൽ ശരീരം ചുരുണ്ടു കൂടുകയില്ല നിവർന്നിരിക്കും എന്നതാണ് വ്യത്യാസം. യേർണർ പൊസിഷനിൽ ഉറങ്ങുന്നവരും വശം തിരിഞ്ഞായിരിക്കും ഉറങ്ങുക എന്നാൽ അവരുടെ കൈകൾ മുൻപോട്ട് നീട്ടിയിരിക്കും എന്ന് മാത്രം. മലർന്ന് കിടന്ന് ഉറങ്ങുന്നവരിൽ പ്രധാനികൾ സോൾജിയർ പൊസിഷനിൽ ഉറങ്ങുന്നവരാണ്. അവരുടെ കൈകൾ അവരുടെ ശരീരത്തിന്റെ വശങ്ങളിൽ ശരീരത്തിന് സമാന്തരമായി ഇരിക്കും.

അതേസമയം മലർന്ന് കിടന്ന് ഉറങ്ങുകയും കൈകൾ വളച്ച് നെറ്റിയിൽ വെച്ച് കിടന്നുറങ്ങുകയും ചെയ്യുന്നതാണ് സ്റ്റാർ ഫിഷ് പൊസിഷൻ. അവസാനമായി, കമഴ്ന്ന് കിടന്ന് തലയിണയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നവരാണ് ഫ്രീഫാളേഴ്സ്. ഈ ആറ് പൊസിഷനുകളിൽ, ഫ്രീ ഫോളേഴ്സ് ഒഴിച്ച് മറ്റെല്ലാ പൊസിഷനുകളും നല്ലതാണെന്നാണ് സ്ലീപ്പിങ് ചാരിറ്റി സി ഇ ഒ ലിസ ആർട്ടിസ് പറയുന്നത്.

മലർന്ന് കിടന്നോ, വശം തിരിഞ്ഞോ കിടക്കുന്നത് നല്ലതാണ്. എന്നാൽ കമഴ്ന്ന് കി?ടന്നുറങ്ങുമ്പോൾ അത് നിങ്ങളുടെ കഴുത്തിൽ ഏറെ സമ്മർദ്ദം ജനിപ്പിക്കുന്നു. കമഴ്ന്ന് കിടക്കുമ്പോൾ മുഖം സ്ഥിരമായി ഒരു വശത്തേക്ക് ചരിച്ചു വയ്ക്കുന്നതിനാലാണിത്. മാറ്റ്റെസ്സ് നെക്സ്റ്റ്ഡേയിലെ സ്ലീപ്പിങ് വിദഗ്ധനായ മാർട്ടിൻ സീലേയും ഇത് ശരിവയ്ക്കുന്നു. എന്നാൽ കൂർക്കം വലിക്കുന്ന സ്വഭാവക്കാർ മലർന്ന് കിടന്ന് ഉറങ്ങുന്നതും നല്ലതല്ലെന്ന് അദ്ദേഹം പറയുന്നു. ഒരു വശത്തേക്ക് തിരിഞ്ഞു കിടക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.

അത് രക്ത ചംക്രമണം വർദ്ധിപ്പിക്കുകയും ഒപ്പം ദഹനത്തെ സഹായിക്കുകയും ചെയ്യും. മാത്രമല്ല, ശ്വസനനാളങ്ങൾ പൂർണ്ണമായി തുറക്കപ്പെടുന്നതിനാൽ ശ്വാസോച്ഛ്വാസവും സുഗമമാകും. അതുവഴി നിങ്ങൾക്ക് കൂർക്കം വലി വലിയൊരു പരിധി വരെ തടയാനും സാധിക്കും. ഇനി, പൊസിഷൻ ഏതായാലും ഉറക്കം സുഖകരമാക്കുവാൻ നല്ലൊരു കിടക്കയും ആവശ്യമാണെന്ന് ആർട്ടിസ് പറയുന്നു.

കിടക്ക മാത്രം പോര, തലയണയും നല്ലതായിരിക്കണം. നിങ്ങളുടെ തലയുടെ ഭാരം ഉദ്ദേശം 4.5- 5.5 കിലോ വരുമെന്ന് ആർട്ടിസ് ഓർമ്മപ്പെടുത്തുന്നു. മാത്രമല്ല, 33 കശേരുക്കളിലെ 7 എണ്ണമാണ് കഴുത്തിൽ ഉള്ളത്. തലയുടെ ഭാരം താങ്ങുവാൻ ഉതകുന്ന തരത്തിലുള്ള തലയണയില്ലെങ്കിൽ അത് ഈ കശേരുക്കളിൽ സമ്മർദ്ദം ഏറ്റും. അതിന്റെ വഴി കഴുത്ത് വേദൻ, സ്റ്റിഫ് നെക്ക് തുടങ്ങിയവയൊക്കെ ഉണ്ടാകാൻ ഇടയുണ്ട്. ശരീരവുമായി സന്തുലനാവസ്ഥയിൽ തലയെ താങ്ങാൻ കെൽപുള്ളതായിരിക്കണം തലയണ എന്നും അവർ പറയുന്നു. ഒരു പാട് മൃദുവായതോ, ഒരുപാട് കട്ടിയായതോ പാടില്ല.