നിശബ്ദനായ കൊലയാളി എന്നാണ് പാൻക്രിയാറ്റിക് കാൻസർ അറിയപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കി എടുക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് അങ്ങനെയൊരു പേര് ലഭിക്കാൻ കാരണമായത്. ആരാരുമറിയാതെ നിശബ്ദനായി എത്തുന്ന ഈ മാരക രോഗം ലോകമെപാടും അനേകരെ കൊന്നൊടുക്കി കൊണ്ടിരിക്കുകയാണ്. മരണനിരക്ക് വർദ്ധിക്കാനുള്ള കാരണം, രോഗികളിൽ രോഗം കണ്ടെത്തി കഴിയുമ്പോഴേക്കും ചികിത്സിച്ചു ഭേദമാക്കാനുള്ള അവസ്ഥ കഴിഞ്ഞിരിക്കും എന്നതു തന്നെയാണ്.

ഈ നിശബ്ദ കൊലയാളിയുടെ ലക്ഷണങ്ങൾ പലതും നമ്മൾ ഗൗരവമായി എടുക്കാത്ത ചില രോഗ ലക്ഷണങ്ങളാണ് എന്നതാണ് ഇത് കണ്ടെത്താൻ തടസ്സമാകുന്നത്. മറ്റു പല രോഗാവസ്ഥകള്ക്കും നിദാനമായ ഇത്തരം ലക്ഷണങ്ങളെ ഇതുമായി ബന്ധപ്പെട്ട സാധാരണ രോഗാവസ്ഥകളുമായി കൂട്ടിച്ചേർക്കാനെ നാം ശ്രമിക്കാറുള്ളു., ഉദാഹരണത്തിന്, വയറിൽ ഒരു സംഭ്രമം പോലെ തോന്നിയാൽ, ആരും അത് ഗ്യാസ്ട്രബിൾ ആണെന്നല്ലാതെ പാൻക്രിയാറ്റിക് കാൻസർ ആണെന്ന് കരുതില്ല.

പാൻക്രിയാറ്റിക് കാൻസറിന്റെ പ്രധാന ലക്ഷണം മഞ്ഞപ്പിത്തമാണ്. കണ്ണുകളിലും ത്വക്കിലും മഞ്ഞനിറം പകരുന്ന ഈ രോഗം തന്നെയാണ് പാൻക്രിയാറ്റിക് കാൻസറിന്റെ പ്രധാന ലക്ഷണവും. കരൾ ഉത്പാദിപ്പിക്കുന്ന മഞ്ഞകലർന്ന തവിട്ട് നിറമുള്ള ബിലിറുബിൻ എന്ന പദാർത്ഥം കൂടുതലായി അടിഞ്ഞു കൂടുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ദഹനത്തെ സഹായിക്കാനായി കരൾ പുറത്തുവിടുന്ന ബൈലിലെ ഇത് അടങ്ങിയിരിക്കുന്നു.

സാധാരണ അവസ്ഥയിൽ, ബൈൽ നാളികളിലൂടെ ഒഴുകി ബൈൽ കുടലിൽ എത്തി ദഹനത്തെ സഹായിക്കുന്നു. എന്നാൽ, ബൈൽ നാളികളിൽ ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ, ബിലിറുബിൽ നാളികൾക്കുള്ളിൽ അടിഞ്ഞു കൂടുകയും മഞ്ഞപ്പിത്തത്തിന് കാരണമാവുകയും ചെയ്യും. പാൻക്രിയാസ് ബൈൽ നാളിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, പാൻക്രിയാസിൽ ഉണ്ടാകുന്ന ട്യുമർ ബൈൽ നാളിയെ തടസ്സപ്പെടുത്തിയേക്കാം.

അതുകൊണ്ടാണ് മഞ്ഞപ്പിത്തം പാൻക്രിയാറ്റിക് കാൻസറിന്റെ പ്രധാന ലക്ഷണമാകുന്നത്. എന്നാൽ, പാൻക്രിയാസിന്റെ താഴ്ഭാഗത്ത് ഉണ്ടാകുന്ന ട്യുമർ, അത് അവയവത്തിൽ മുഴുവൻ പടരുന്നത് വരെ ബൈൽ നാളിയെ തടസ്സപ്പെടുത്തുകയില്ല. അത്തരം സാഹചര്യത്തിൽ ലക്ഷണം പ്രദേശിപ്പിക്കാൻ വൈകും.

വയറു വേദനയാണ് പാൻക്രിയാറ്റിക് കാൻസറിന്റെ മറ്റൊരു ലക്ഷണം. പാൻക്രിയാസിന്റെ താഴ് ഭാഗങ്ങളിൽ വളരുന്ന ട്യുമറിന് അതിവേഗം വളരുവാനും മറ്റ് അവയവങ്ങളെ ഞെരിച്ചമർത്താനും കഴിയും. മാത്രമല്ല, അടുത്തുള്ള അവയവങ്ങൾക്ക് ചുറ്റുമുള്ള നാഢീവ്യുഹത്തെയും ഇത് അമർത്തും. ഇതാണ് വേദനക്ക് കാരണമാകുന്നത്. ഇതുതന്നെ ശരീരത്തിന്റെ പിൻഭാഗത്തും സംഭവിക്കാം. അതിനാൽ തന്നെ പാൻക്രിയാറ്റിക് കാൻസർ ഉള്ളവർക്ക് കടുത്ത മുതുക് വേദനയും അനുഭവപ്പെടും. മുതുകവേദനയും ഈ മാരക രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്.

ഈ നിശബ്ദ കൊലയാളിയുടെ മറ്റൊരു പ്രധാന ലക്ഷണം പൊടുന്നനെ ശരീരത്തിന്റെ ഭാരം കുറയുക എന്നതാണ്. പാൻക്രിയാസിൽ നിന്നുള്ള രാസാഗ്‌നികളുടെ അഭാവത്താൽ ദഹന പ്രക്രിയ പൂർണ്ണമായും സാധിക്കാത്തതിനാൽ ആണ് ഇത് സംഭവിക്കുന്നത്. നിങ്ങൾ ആഗ്രഹിക്കാതെ തന്നെ ശരീരഭാരം അസാധാരണമാം വിധം കുറഞ്ഞു തുടങ്ങും.

ദഹനവ്യവസ്ഥയിൽ ഉണ്ടാകുന്ന ചില അസാധാരണ മാറ്റങ്ങളും പാൻക്രിയാറ്റിക് കാൻസർ മൂലമാകാം. അതുകൊണ്ടു തന്നെ മലവിസർജ്ജനം നടത്തുമ്പോൾ, ദ്രാവകാംശം കൂടുതലുണ്ടെങ്കിലും പാൻക്രിയാറ്റിക് കാൻസറിന് സാധ്യത കൂടുതലാണ്. ശരിയായ വിധം പോഷകങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടാത്തത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്ന്ത്.