രാത്രി ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന്റെ കഷ്ടപ്പാട് ഏറെ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. ഇളം സുഗന്ധം വഴിയുന്ന റൂം സ്‌പ്രേയും, പതിഞ്ഞ സ്വരത്തിലുള്ള പാട്ടും മറ്റുമായി ഏറെ ശ്രമിച്ചാലും ചിലപ്പോൾ ഉറക്കം വന്നില്ലെന്നിരിക്കും. എന്നാൽ, ഒരു ലളിതമായ സ്വഭാവം വളർത്തിയെടുത്താൽ രാത്രികാലങ്ങളിൽ സുഖനിദ്ര ലഭിക്കുമെന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു.

സെയിന്റ് ഓസ്റ്റിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത് കായിക വ്യായാമം ഉറക്കത്തിന് സഹായിക്കും എന്നാണ്. കിടന്നാൽ, ഉറക്കത്തിലാഴുന്നതു വരെയുള്ള അഞ്ച് ഘട്ടങ്ങളിൽ ആർ ഇ എം ഘട്ടത്തിൽ മസ്തിഷ്‌കം എത്തുന്നതിന് മുൻപ് തന്നെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എൻ ആർ ഇ എം ഘട്ടത്തിൽ എത്തിയിരിക്കും എന്നാന് ഗവേഷനഫലം വെളിപ്പെടുത്തുന്നത്.

രാത്രിയുടെ ആദ്യ പകുതിയിൽ ഉള്ള ഘട്ടമാണ് എൻ ആർ ഇ എം. ശരീരം വിശ്രമാവസ്ഥയിലേക്ക് ആഴുകയും സ്വയം റിപ്പയർ ചെയ്യുകയും ചെയ്യുന്ന ഘട്ടമാണിത്. എന്നാൽ, ആർ ഇ എം ഘട്ടത്തിൽ മസ്തിഷ്‌കം കുറച്ചൊക്കെ സജീവമായിരിക്കും. സാധാരണയായി സ്വപ്നങ്ങൾ കാണുന്നത് ഈ ഘട്ടത്തിലാണ്. മസ്തിഷ്‌കത്തിന്റെ സജീവത്വത്തിന്റെ അളവ് അനുസരിച്ച്, ചിലപ്പോൾ നിങ്ങൾക്ക് നിങ്ങ്ങളുടെ സ്വപ്നങ്ങളെ നിയന്ത്രിക്കാനും കഴിയും.

ക്രമമായ ശാരീരിക പ്രവർത്തനങ്ങൾ വൈകാരികമായി നല്ല രീതിയിൽ ഉള്ളപ്പോഴാണ് നടക്കുക. അതേസമയം, ഉറക്കക്കുറവ് അനുഭവപ്പെടുന്നത് വൈകാരികമായി മോശം അവസ്ഥയിൽ ഉള്ളപ്പോഴും. ഉത്കണ്ഠ, വിഷാദം എന്നിവയും സാധാരണയായി ഉറക്കക്കുറവിന് കാരണമാകാറുണ്ട്. കായിക വ്യായാമം ശാരീരിക നിലയേയും മാനസിക നിലയേയും മെച്ചപ്പെടുത്തും എന്നതിനാൽ ഇത് സുഖനിദ്രയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ശാസ്ത്രജ്ഞർ പറയുന്നു.

സ്ഥിരമായി കായിക വ്യായാമങ്ങളിൽ ഏർപ്പെടുക വഴി ശരീരത്തിനകത്തെ ആന്തരിക ഘടികാരം (സിർകാർഡിയൻ താളം) ക്രമമാകും. ഇതാണ് ഉറക്കത്തിനും എഴുന്നേൽക്കുന്നതിനും കാരണമാകുന്നത്. മാത്രമല്ല, മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറയാനും ഇത് സഹായിക്കും. ഇവ രണ്ടും സുഖ നിദ്ര ലഭിക്കാൻ സഹായിക്കും.