- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനെ ഭീതിയിലാഴ്‌ത്തി സ്ട്രെപ് എ രോഗം; സ്ട്രെപ് എ ബാധിച്ച് മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെ പകർച്ചവ്യാധിക്ക് കീഴടങ്ങിയ കുട്ടികളുടെ എണ്ണം 19 ആയി; മരുന്ന് ക്ഷാമം രൂക്ഷമായതോടെ പകരം മരുന്ന് കൊടുക്കാൻ ഉത്തരവിറക്കി സർക്കാർ
ലണ്ടൻ: ബ്രിട്ടനെ ഭീതിയിലാഴ്‌ത്തി സ്ട്രെപ് എ രോഗം പടരുന്നു. കോവിഡിന്റെ ഞെട്ടലിൽ നിന്നും പൂർണ്ണമായി മുക്തമാകുന്നതിനു മുൻപ് തന്നെ ബ്രിട്ടനെ കീഴടക്കാനെത്തിയ സ്ട്രെപ് എ എന്ന രോഗം ബാധിച്ച് മൂന്നു കുട്ടികൾ കൂടി മരണമടഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. യു കെ ഹെൽത്ത് ഏജൻസിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ 13 ആഴ്‌ച്ചകളിലായി ഇംഗ്ലണ്ടിൽ 16 കുട്ടികൾ ഈ മാരക രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. നോർത്തേൺ അയർലാൻഡിൽ നിന്നും വെയിൽസിൽ നിന്നും ഉള്ള മൂന്ന് കുട്ടികളുടെ മരണവും കൂട്ടുമ്പോൾ യു കെയിൽ സ്ട്രെപ് എ എന്ന മാരക രോഗം ഇതുവരെ എടുത്തത് 19 കുരുന്നുകളുടെ ജീവനാണ്.
സ്ട്രെപ് എ രോഗം ചികിത്സിക്കുവാൻ സാധാരണ നൽകുന്ന ആന്റിബയോട്ടിക്കുകൾക്ക് കടുത്ത ക്ഷാമം നേരിടാൻ തുടങ്ങിയതോടെ പകരം അനുയോജ്യമായ മറ്റു മരുന്നുകൾ നിർദ്ദേശിക്കുവാനുള്ള അനുവാദം ഫാർമസിസ്റ്റുകൾക്ക് ലഭിച്ചു. ഇതനുസരിച്ച്, ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനിൽ ഉള്ള മരുന്നില്ലെങ്കിൽ, ഫാർമസിസ്റ്റുകൾക്ക് അതിനു പകരമായി അനുയോജ്യമായ മറ്റു മരുന്നുകൾ നൽകാൻ ആകും.
യു കെയിൽ മുഴുവൻ പ്രാബല്യത്തിലായ പുതിയ പ്രോട്ടോക്കോൾ കാരണം, ജി പി മാർ കുറിച്ച് മരുന്ന് ലഭ്യമല്ലെങ്കിൽ, മറ്റൊന്ന് കുറിക്കുവാനായി വീണ്ടും ഡോക്ടർമാരുടെ അടുത്തേക്ക് പോകേണ്ടതില്ല. അതുവഴി ചികിത്സക്ക് നേരിടുന്ന കാലതാമസം വലിയൊരു പരിധിവരെ ഒഴിവാക്കാനുമാകും. ആവശ്യം ഏറിയതാണ് മരുന്നുകൾക്ക് ക്ഷാമം നേരിടാനുള്ള പ്രധാന കാരണം. പ്രാദേശികമായി വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ഇതിനു കാരണമായിട്ടുണ്ട്.
മൂന്നാഴ്‌ച്ചകൾക്ക് മുൻപ് പെനിസിലിന് ഉണ്ടായിരുന്ന ആവശ്യകതയുടെ അഞ്ചിരട്ടിയായിരിക്കുകയാണ് ഇപ്പോഴത്തെ ആവശ്യകത. മരുന്നുകൾ ലഭ്യമല്ലാതെ ആയതോടെ ചില കുട്ടികൾക്ക് ചികിത്സ ലഭിക്കുവാൻ ഒരു ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. സ്ട്രെപ് എ ബാധ വ്യാപകമായതോടെ എൻ എച്ച് എസിന്റെ 111 കോളുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിരിക്കുകയാണ്.
ഈ വർഷം മുൻപെങ്ങുമില്ലാത്ത വിധം സ്ട്രെപ് എ രോഗം ബാധിച്ച കുട്ടികളുടെ മരണ നിരക്ക് വർദ്ധിച്ചത് ജനങ്ങളേയും ആരോഗ്യ രംഗത്തുള്ളവരെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. സ്ട്രെപ് എ ബാക്ടീരിയ മൂലം സ്‌കാർലറ്റ് പനി ഉൾപ്പടെ വിവിധ രോഗങ്ങൾ ഉണ്ടാകാം. ഇതിൽ പല രോഗങ്ങളും താരതമ്യേന പെട്ടെന്ന് ഭേദമാവുകയാണെങ്കിൽ ഇൻവാസീവ് ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ എന്ന രോഗം മരണകാരണമാവുകയാണ്. വളരെ വിരളമായി മാത്രം ഉണ്ടാകുന്ന ഈ രോഗമാണ് ഇപ്പോൾ പടർന്ന് പിടിക്കുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ബ്രിട്ടനിലെ ഒന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഇപ്പോൾ ഈ രോഗത്തിന്റെ വ്യാപന നിരക്ക് സാധാരണ ഉണ്ടാകാറുള്ളതിന്റെ നാലിരട്ടിയായി വർദ്ധിച്ചിരിക്കുകയാണ് രോഗവ്യാപനം ഇനിയും മൂർദ്ധന്യത്തിൽ എത്തിയിട്ടില്ലെന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖർ വിശ്വസിക്കുന്നത്. അതായത് വരും നാളുകളിൽ ഇനിയും കൂടുതൽ കുരുന്നു മരണങ്ങൾക്ക് ബ്രിട്ടൻ സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കുമെന്നർത്ഥം.