- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഡനിലെ എലിശല്യം കുറയ്ക്കുവാനുള്ള ഉപായങ്ങളുമായി പെസ്റ്റ് കൺട്രോൾ വിദഗ്ധൻ; മിന്റ്-ഡഫോഡിൽ തുടങ്ങിയ ചെടികളുടെ സുഗന്ധം എലികൾക്ക് അസഹ്യമെന്നും ഈ ചെടികൾ ഗാർഡനിൽ വളർത്തുന്നത് എലികളെ തുരത്താൻ സഹായിക്കുമെന്നും വിദഗ്ധൻ
വീട്ടുമുറ്റത്ത് മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കുമ്പോൾ നിങ്ങൾ ഒരിക്കലും ആഗ്രഹിക്കാത്തത് ക്ഷണിക്കാതെ എത്തുന്ന ചില അതിഥികളുടെ വരവായിരിക്കും. തികഞ്ഞ ശല്യമുണ്ടാക്കുന്ന എലികളാണ് ക്ഷണിക്കാതെ എത്തുന്ന അതിഥികളുടെ കൂട്ടത്തിൽ ഏറ്റവും വിനാശകാരികളായിട്ടുള്ളത്. ഉദ്യാനപാലകന്റെ പേടിസ്വപ്നം എന്ന് വിളിക്കുന്ന എലികളുടെ ശല്യം ശൈത്യകാലത്ത് കൂടുതലുമായിരിക്കും.
വീട്ട് മുറ്റത്ത് കുഴികൾ ഉണ്ടാക്കിയും, ചെടികളുടെ വേരുകൾ തുരന്നും ഒക്കെ നിരവധി ശല്യങ്ങൾ ചെയ്യാൻ ഇവയ്ക്കാകും. ബേർഡ് ഫീഡറുകൾ എലികളെ സംബന്ധിച്ച് സ്വർണ്ണഖനികളാണ്. വയറ് നിറച്ച് ഭക്ഷണം കഴിക്കാനും പെറ്റു പെരുകാനും ഇതുവഴി അവർക്ക് കഴിയുന്നു. എലികളുടെ എണ്ണം വീട്ടുമുറ്റത്ത് വർദ്ധിച്ചാൽ, അവയുടെ കാഷ്ഠവും മൂത്രവുമൊക്കെ മണ്ണിനെ മലിനീകരിക്കുകയും ചിലപ്പോൾ രോഗവ്യാപനത്തിന് കാരണമാവുകയും ചെയ്തേക്കാം.
ഇപ്പോഴിതാ ഒരു പെസ്റ്റ് കൺട്രോൾ വിദഗ്ധൻ ഈ ശല്യക്കാരെ തുരത്തുന്നതിനുള്ള ഉപായവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഗ്ലെൻലിവെറ്റ് വൈൽഡ്ലൈഫിലെസാം ബ്ര്യാന്റ് പറയുന്നത് ചില സസ്യങ്ങളും പൂക്കളും ഉദ്യാനത്തിൽ പരിപാലിച്ച് എലികളെ വലിയൊരു പരിധി വരെ അകറ്റാൻ കഴിയും എന്നാണ്. മനുഷ്യർ നെഞ്ചോട് ചേർത്ത് ആസ്വദിക്കുന്ന പല പുഷ്പ സുഗന്ധങ്ങളും എലികൾക്ക് സഹിക്കാൻ കഴിയില്ലത്രെ.
അതിൽ പ്രധാനമായുള്ളത് മിന്റ് ആണ്. ഇതിന്റെ ഗന്ധം എലികൾക്ക് ഒട്ടും സഹിക്കാൻ കഴിയില്ല എന്ന് സാം പറയുന്നു. ഉദ്യാനത്തിന്റെ അതിരുകളിൽ വേലി തീർക്കുന്നത് പോലെ മിന്റ് നട്ടുപിടിപ്പിക്കുന്നത് എലികളെ തുരത്താൻ സഹായകമാകും. അതുപോലെ, എലികളുടെ ആക്രമണത്തിന് വിധേയമാകാൻ എറെ സാധ്യതയുള്ള സസ്യങ്ങൾക്ക് സമീപം ഇവ നട്ടു വളർത്തുന്നതും ഏറെ സഹായകരമാകുമെന്ന് സാം ദി എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മിന്റിന്റെ രൂക്ഷമായ ഗന്ധം മറ്റ് ചെടികളുടെ ഗന്ധത്തെ നിഷ്പ്രഭമാക്കുകയും എലികൾക്ക് അവയോടുള്ള ആകർഷണം കുറയ്ക്കുകയും ചെയ്യും. എന്നാൽ, ഒരിക്കൽ നട്ടാൽ അതിവേഗം പടർന്ന് പന്തലിക്കുന്ന ഒരു സസ്യമാണ് മിന്റ്. അതിനാൽ തന്നെ ക്രമമായ ഇടവേളകളിലെ നിരീക്ഷണം ഇല്ലെങ്കിൽ ഒരുപക്ഷെ മറ്റ് സസ്യങ്ങളേക്കാൾ കൂടുതലായി ഇത് വളർന്ന് പന്തലിക്കാൻ ഇടയുണ്ട്.. അതുകൊണ്ടു തന്നെ മിന്റ് ചെടികൾ ചട്ടികളിൽ വളർത്തി വീടിന് സമീപം സ്ഥാപിക്കുന്നതാകും കൂടുതൽ നല്ലതെന്നും സാം പറയുന്നു.
വസന്തകാലം എത്തുന്നതോടെ പരിസരത്താകെ സുഗന്ധം പരത്തി വിരിയുന്ന പല പുഷ്പങ്ങളും എലികൾക്ക് തലവേദ സൃഷ്ടിക്കുന്നവയാണ്. അതിലൊന്നാണ് ഡഫോഡിൽ പുഷ്പങ്ങൾ. വേർഡ്സ്വർത്ത് കവിതകളിലൂടെ പുഷ്പങ്ങളുടെ രാജ്ഞിയായി മാറിയ ഡഫോഡിൽ പുഷ്പങ്ങൾ എലികളെ തുരത്തിയോടിക്കുന്ന മൂഷിക ശത്രുക്കൾ കൂടിയാണെന്ന് സാം പറയുന്നു. ഇതിന്റെ രൂക്ഷമായ ഗന്ധം എലികൾ ഇഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല, ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡുകൾ എലികൾക്ക് വിഷകരം കൂടിയാണ്.
സ്വാദും ഗന്ധവും ഏറെ വെറുക്കപ്പെട്ടവയായതിനാൽ ഡഫോഡിൽ നട്ട് വളർത്തുന്നത് എലികളെ തുരത്താൻ ഏറെ സഹായകരമാകും. മിന്റിന്റെ കാര്യത്തിൽ എന്നതു പോലെ, ഉദ്യാന അതിർത്തികളിലോ അല്ലെങ്കിൽ എലികളുടെ ആക്രമണത്തിന് വിധേയമാകാൻ ഏറെ സാധ്യതയുള്ള സസ്യങ്ങൾക്ക് സമീപമോ ഇത് നട്ട് പിടിപ്പിക്കാം. അതുപോലെ, ഭക്ഷ്യ വിളകൾക്ക് സമീപം ജമന്തിപ്പൂ കൃഷി ചെയ്യുന്നതും എലികളെ തുരത്താൻ സഹായിക്കും. ഇവയുടെ ഗന്ധവും എലികൾക്ക് ഏറെ അപ്രിയകരമാണ്.
മറുനാടന് മലയാളി ബ്യൂറോ