- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാം
ലണ്ടൻ: ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ടൈപ്പ് 2 പ്രമേഹം ജനിതകമായി കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. രണ്ട് ജനിതക വ്യതിയാനങ്ങൾ ഒരേസമയം എങ്ങനെ രണ്ട് രോഗാവസ്ഥകൾക്കും കാരണമാകുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പഠന റിപ്പോർട്ടിലുള്ളത്. പ്രമേഹം ബാധിച്ചവർക്ക്, ആരോഗ്യകരമായ ശരീര ഭാരം കാത്തു സൂക്ഷിച്ചും, ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചും പുകവലി ഉപേക്ഷിച്ചും ഒക്കെ അപകട സാധ്യതകൾ ഒഴിവാക്കാൻ കഴിയുമെന്ന് ഈ പഠനത്തിൽ ഭാഗിക പങ്കാളിയായിരുന്ന ഡയബെറ്റിസ് യു കെ വെളിപ്പെടുത്തുന്നു.
ഇനിയും, പുനർ വായന നടത്തേണ്ടതും, ഏതെങ്കിലും മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിക്കേണ്ടതുമായ ഈ പഠന റിപ്പോർട്ട് വെളിച്ചം വീശുന്നത് ടൈപ്പ് 2 പ്രമേഹ രോഗികൾ ബ്രെസ്റ്റ് കാൻസർ, ബോവൽ കാൻസർ, പാൻക്രിയാറ്റിക് കാൻസർ എന്നിവയുടെ അപകട ഭീഷണിയിലാണ് എന്നതാണെന്ന് ഡയബെറ്റിസ് യു കെ പറയുന്നു. ആതുകൊണ്ടു തന്നെ ഈ പഠനം ഒരുപക്ഷെ കാൻസർ തടയുന്നതിനുള്ള പുതിയ മാർഗ്ഗത്തിലേക്ക് ആധുനിക വൈദ്യശാസ്ത്രത്തെ നയിച്ചേക്കാം എന്ന പ്രത്യാശയും ഈ രംഗത്തുള്ള വിദഗ്ദ്ധർ പങ്കുവയ്ക്കുന്നു.
ശരീരത്തിന് അമിത ഭാരമോ അമിത വണ്ണമോ ഉണ്ടെങ്കിൽ, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വളരെ വലുതാണ്. സാധാരണക്കാരേക്കാൾ പ്രമേഹം വരാൻ ഇവരിൽ ഏഴ് മടങ്ങ് സാധ്യതയാണ് അധികമുള്ളത്. അതോടൊപ്പം തന്നെ കായിക വ്യായാമം ചെയ്യുന്നുണ്ടോ എന്നതും ജനിതകപരമായ പങ്കും രോഗം വരാനുള്ള സാധ്യതയെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന നൂറോളം വ്യത്യസ്ത ജനിതക വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഈ ജനിതക വകഭേദങ്ങൾ ക്യാൻസറിന് കാരണമായേക്കാം എന്നും കണ്ടെത്തിയിട്ടുണ്ട്.
ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ചിലർക്ക് എന്തുകൊണ്ടാണ് കാൻസർ ബാധയും ഉണ്ടാകുന്നത് വിശദീകരിക്കാൻ കഴിയുമോ എന്നറിയാനായിരുന്നു ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് സറേയിൽ പുതിയ ഗവേഷണം നടത്തിയത്. ഈ തരം പ്രമേഹമുള്ളവരിൽ കാണപ്പെടുന്ന മൂന്ന് തരം കാൻസറുകളിൽ ആയിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആർത്തവ വിരാമത്തിന് ശേഷം ഉണ്ടാകുന്ന ബ്രെസ്റ്റ് കാൻസർ, കോളോറെക്ടൽ (ബോവൽ) കാൻസർ, പാൻക്രിയാറ്റിക് കാൻസർ എന്നിവയാണ് അവ.
വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 36,000 ൽ അധികം പേരുടെ ഡി എൻ എ ഡാറ്റ ശേഖരിച്ചായിരുന്നു പഠനം നടത്തിയത്. ഇതിൽ ടൈപ്പ് 2 ഡയബെറ്റിസ് ഉള്ളവരും കാൻസർ ഉള്ളവരും ഉൾപ്പടും. അതിൽ ഒരു വകഭേദം പ്രമേഹത്തിനും ബ്രെസ്റ്റ് കാൻസറിനും കാരണമാകുന്നതായി കണ്ടെത്തി. മറ്റൊന്ന് ടൈപ്പ് 2 പ്രമേഹത്തോടൊപ്പം മൊന്ന് തരം കാൻസറുകൾക്കും കാരണമാകുന്നു എന്നും കണ്ടെത്തി.