- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിൽ ഏറ്റവുമധികം ജീവൻ എടുക്കുന്ന രോഗ പട്ടികയിൽ ആറാം സ്ഥാനത്ത് വന്ന് കോവിഡ്; ഇപ്പോൾ വില്ലനായി നിറഞ്ഞാടുന്നത് അൾഷിമേഴ്സും ഡിമെൻഷ്യയും; മറവിരോഗത്തിന് അടിപ്പെട്ടാവുമോ നമ്മുടെയൊക്കെ മരണം സംഭവിക്കുന്നത്?
ലണ്ടൻ: പാണ്ടൻ നായുടെ പല്ലിന് ശൗര്യംപണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് ബ്രിട്ടനിൽ നിന്നെത്തുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച കോവിഡിന്റെ ശക്തിയെല്ലാം ചോർന്ന് പോയിരിക്കുന്നു. ഇന്ന് ബ്രിട്ടനിൽ ഏറ്റവും അധികം മരണങ്ങൾക്ക് കാരണമാകുന്ന അഞ്ച് രോഗങ്ങളുടെ പട്ടികയിൽ കോവിഡില്ല. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ഈ മഹാവ്യാധി പട്ടികയിൽ നിന്നും പുറത്താകുന്നത്.
2022-ൽ 22,454 ആളുകളാണ് കോവിഡ് മൂലം മരണമടഞ്ഞത്. റെജിസ്റ്റർ ചെയ്യപ്പെട്ട മൊത്തം മരണങ്ങളുടെ 3.9 ശതമാനം വരും ഇത്. 2020- ലും 2021 ലും ഏറ്റവുമധികം മരണങ്ങൾക്ക് കാരണമായത് കോവിഡ് ആയിരുന്നു. യഥാക്രമം, 12.1 ശതമാനം, 11. 5 ശതമാനം എന്നിങ്ങനെയായിരുന്നു ആ വർഷങ്ങളിൽ കോവിഡ് മരണങ്ങൾ സംഭവിച്ചത്. അതേസമയം, ഡിമെൻഷ്യയും അൽഷ്മേഴ്സുമാണ് ഇപ്പോൾ വില്ലന്മാരായി രംഗത്തുള്ളത്.
ഇംഗ്ലണ്ടിലും വെയ്ൽസിലുമായി 2022 ൽ 65,967 മരണങ്ങളാണ് ഈ രോഗങ്ങൾ മൂലം സംഭവിച്ചത്. റെജിസ്റ്റർ ചെയ്ത മൊത്തം മരണങ്ങളുടെ 11.4 ശതമാനം വരും ഇത്. 2021-ലെ മൊത്തം മരണങ്ങളിൽ 10.4 ശതമാനം ആയിരുന്നു ഈ രോഗങ്ങൾ മൂലമുള്ള മരണം. മരണ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഐസ്‌കെമിക് ഹൃദയ രോഗങ്ങൾ ആണ്. 59,356 മരണങ്ങൾ അതായത് മൊത്തം മരണങ്ങളുടെ 10.3 ശതമാനമായിരുന്നു 2022-ൽ ഈ രോഗം മൂലമുണ്ടായത്.
ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ 29,815 മരണങ്ങൾക്ക് അതായത് 5.2 ശതമാനം മരണങ്ങൾക്ക് കാരണമായപ്പോൾ സെറെബ്രോ വാസ്‌കുലാർ രോഗങ്ങൾ 29,274 (5.1 ശതമാനം) മരണങ്ങൾക്ക് കാരണമായി. ട്രാകിയ- ബ്രോങ്കസ്, ശ്വാസകോശത്തിലെ കാൻസർ എന്നിവ 5 ശതമാനം മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിൽ ഇടക്ക് ഒരു വർദ്ധനവ് ഉണ്ടായെങ്കിലും കോവിഡ് മരണ നിരക്കിൽ അതുണ്ടായില്ല.. ഇത് വാക്സിനേഷൻ പദ്ധതിയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിസ്സംശയം പറയാം. 2021 ൽ ആയിരുന്നു രാജ്യത്ത് വാക്സിനേഷൻ പദ്ധതി ആരംഭിച്ചത്. പിന്നീട് ബൂസ്റ്റർ ഡോസുകൾ നൽകുകയുണ്ടായി.
മറ്റൊർ ശ്രദ്ധേയമായ കാര്യം, കഴിഞ്ഞ മൂന്ന് കൊല്ലമായി സ്ത്രീകളേക്കാൾ കൂടുതലായി പുരുഷന്മാർ മരണപ്പെടുന്നു എന്നതാണ്. 1980 മുതൽ ഇത് തികച്ചും വിപരീതമായ രീതിയിൽ ആയിരുന്നു തുടർന്ന് വന്നിരുന്നത്. പുരുഷന്മാരിൽ ഐസ്‌കെമിക് ഹൃദ്രോഗങ്ങൾ പ്രധാന മരണ കാരണമായപ്പോൾ സ്ത്രീകളിൽ ഡിമെൻഷ്യയും അൽഷമേഴ്സും ആയിരുന്നു പ്രധാന കാരണങ്ങൾ. സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു എന്നതിനാലാകാം ഇതെന്ന് വിദഗ്ദ്ധർ പറയുന്നു.
മറുനാടന്‍ ഡെസ്‌ക്