- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോമൂത്രത്തിൽ വൃക്ക തകരാർ വരെ ഉണ്ടാക്കാവുന്ന 14 ഇനം ബാക്ടീരിയകൾ; ഒരുകാരണവശാലും കന്നുകാലികളുടെ മൂത്രം മനുഷ്യർ കുടിക്കരുത്; യുപിയിലെ വെറ്റിനറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ ഫലം പുറത്ത്; പോത്തിന്റെയും എരുമയുടെയും മൂത്രം പശുവിന്റേതിനേക്കാൾ താരതമ്യേന മെച്ചമെന്നും ഫലം
ബറേലി: ഗോ മൂത്രം നേരിട്ട് മനുഷ്യർക്ക് കുടിക്കാൻ പറ്റിയതല്ലെന്ന് ഗവേഷണഫലം. യുപിയിലെ ബറേലി കേന്ദ്രമായ ഐസിഎആർ ഇന്ത്യൻ വെറ്റിനറി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടാണ് ( ഐവിആർഐ) ഗോമൂത്രത്തിൽ മനുഷ്യർക്ക് ഹാനികരമായ ബാക്ടീരിയ ഉണ്ടാകാമെന്ന് കണ്ടെത്തിയത്.
ഭോജ് രാജ് സിങ് എന്ന ഗവേഷകനും, മൂന്ന് പിഎച്ഡി വിദ്യാർത്ഥികളും ചേർന്നാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്ര സാമ്പിളുകളിൽ 14 തരം ഹാനികരമായ ഇ-കോളി അടക്കം വയറ്റിൽ അണുബാധ ഉണ്ടാക്കാവുന്ന ബാക്ടീരിയകൾ കണ്ടെത്തി.ഗവേഷണത്തിലെ കണ്ടെത്തലുകൾ, റിസർച്ച് ഗേറ്റ് എന്ന ഓൺലൈൻ റിസർച്ച് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐസിഎആർ വെറ്റിനറി ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ സാംക്രമിക രോഗ വകുപ്പ് തലവനാണ് ഭോജ് രാജ് സിങ്. പശുവിന്റെയും, കാളയുടെയും മനുഷ്യരുടെയും 73 മൂത്ര സാമ്പിളുകളാണ് പഠനവിധേയമാക്കിയത്. ബാക്ടീരിയ വിരുദ്ധ പ്രവർത്തനം മാനദണ്ഡമാക്കിയാൽ, പോത്തിന്റെയും എരുമയുടെയും മൂത്രമാണ് പശുക്കളുടെ മൂത്രത്തേക്കാൾ മെച്ചം. എന്തായാലും, ഒരു കാരണവശാലും കന്നുകാലികളുടെ മൂത്രം കുടിക്കരുത് എന്നുതന്നെയാണ് സിങ് പറയുന്നത്.
മൂന്നുതരത്തിലുള്ള പശുക്കളുടെ,( സാഹിവാൾ, തർപാർക്കർ, വിന്ദാവനി) എന്നിവയുടെയും പോത്തുകളുടെയും, മനുഷ്യരുടെയും മൂത്ര സാമ്പിളുകളാണ് ശേഖരിച്ചത്. 2022 ജൂണിനും നവംബറിനും മധ്യേയായിരുന്നു പഠനം. ഗോമൂത്രം കുടിച്ചാൽ പനിക്കും വയറിളക്കത്തിനും കാരണമാകുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയുണ്ടാകും. ഗോമൂത്രം അണുവിമുക്തമാണെന്ന പൊതുധാരണ ശരിയല്ല. ഒരുകാരണവശാലും ഗോമൂത്രം മനുഷ്യർക്ക് കുടിക്കാൻ വേണ്ടി ശുപാർശ ചെയ്യാനാവില്ല. ശുദ്ധീകരിച്ച ഗോമൂത്രത്തിൽ ഹാനികരമായ ബാക്ടീരിയ ഇല്ലെന്ന് ചില ആളുകൾ വാദിക്കുന്നുണ്ട്. അക്കാര്യത്തിൽ കൂടുതൽ ഗവേഷണം നടത്തിക്കൊണ്ടരിക്കുകയാണെന്ന് ഭോജ് രാ്ജ് സിങ് പറഞ്ഞു.
ഫുഡ് സേഫ്്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാതെ, പല വിതരണക്കാരും, വ്യാപകമായ രീതിയിൽ ഗോമൂത്രം വിറ്റുവരുന്നുണ്ട്. അതേസമയം, ശുദ്ധീകരിച്ച ഗോമൂത്രം, മനുഷ്യരുടെ പ്രതിരോധ ശേഷി കൂട്ടുകയും, കാൻസറിനും കോവിഡിനും എതിരെ ഫലപ്രദമാണെന്നും ഐവിആർഐ മുൻ ഡയറക്ടറായ ആർ എസ് ചൗഹാൻ പറഞ്ഞു. താൻ 25 വർഷമായി ഗോമൂത്രത്തിൽ ഗവേഷണം ചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്തായാലും ഇക്കാര്യം സ്ഥിരീകരിക്കാൻ ആധികാരമായ പഠനങ്ങൾ ആവശ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ