പെറ്റമ്മയുടെ ഗർഭപാത്രവും പൊക്കിൾക്കൊടിബന്ധവുമെല്ലാം പരിപാവങ്ങളായ സങ്കൽപങ്ങളാണ് എക്കാലത്തും. ഒരു കുഞ്ഞിന് ജീവൻ നൽകുക എന്നത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അനുഗ്രഹമായി കരുതുന്ന ഒരു സംസ്‌കാരവുമാണ് നമ്മുടേത്. എന്നാൽ, അതെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ വെറും ഭൂതകാല സ്മരണകൾ മാത്രമാവുകയാണ്. റോബോട്ടിന്റെ സഹായത്തോടെ ഗർഭപാത്രം മാറ്റിസ്ഥാപിച്ച സ്ത്രീ ഇപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.

സ്വീഡനിലാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലെ മറ്റൊരു നാഴികക്കല്ലായി മാറുന്ന ഈ സംഭവം നടന്നത്. ബന്ധുവായ ഒരു സ്ത്രീയായിരുന്നു ഇവർക്ക് ഗർഭപാത്രം ദാനം ചെയ്തത്. ഇവരുടെ ശരീരത്തിൽ ഗർഭപാത്രം വച്ചു പിടിപ്പിച്ചശേഷം കൃത്രിമ ബീജസങ്കലനം നടത്തിയ അണ്ഡം ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ വി എഫ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിൽ നിക്ഷേപിക്കുകയായിരുന്നു. ഈ പ്രക്രിയയ്ക്കായി റോബോട്ടുകളെ ഉപയോഗിച്ചു എന്നതാണ് ഇതിനെ കൂടുതൽ വാർത്താ പ്രാധാന്യമുള്ളതാക്കുന്നത്.

കാൻസർ പോലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ഗർഭപാത്രം നഷ്ടപ്പെട്ടതോ പ്രവർത്തനക്ഷമമല്ലാത്തതോ ആയ ആയിരക്കണക്കിന് സ്ത്രീകൾക്ക് പ്രത്യാശ നൽകുകയാണ് ഈ സംഭവം. ഗർഭപാത്രം മാറ്റിവയ്ക്കൽ നടപടികളിൽ ഇതിനോടകം തന്നെ നിരവധി നേട്ടങ്ങൾ കൈവരിച്ച, സ്വീഡനിലെ യൂണിവേഴ്സിറ്റി ഓഫ് ഗോഥെൻബർഗിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇടുപ്പിൽ ചെറിയൊരു സുഷിരമുണ്ടാക്കി അതിലൂടെയായിരുന്നു ഗർഭപാത്രം ഈ സ്ത്രീയുടെ ശരീരത്തിൽ ഘടിപ്പിച്ചത്. പിന്നീട് അത് രക്തക്കുഴലുകളുമായും യോനിയുമായും ബന്ധിപ്പിച്ചു. അടിവയറിൽ ഉണ്ടാക്കിയ ചെറു സുഷിരങ്ങളിലൂടെ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ച റോബോട്ടിക് കൈയുകളും ക്യാമറകളും ശരീരത്തിനുള്ളിലേക്ക് ഇറക്കിയായിരുന്നു ശസ്ത്രക്രിയാ വിദഗ്ദ്ധർ ഇത് നിർവഹിച്ചത്. ഇത്തരം ശസ്ത്രക്രിയയിൽ ഇതാദ്യമായാണ് റോബോട്ടിക് കൈയുകൾ ഉപയോഗിക്കുന്നത്.

3 ഡി ഇമേജുകൾ കാണാൻ കഴിയുന്ന കൺസോളിലെ ജോയ്സ്റ്റിക്കുകൾ ഉപയോഗിച്ചായിരുന്നു റോബോട്ടിക് കയ്യുകളെ നിയന്ത്രിച്ചിരുന്നത്. സാധാരണ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളെ പോലെ ശരീരം അധികം കീറിമുറിക്കേണ്ട ആവശ്യമില്ലാത്തതാണ് റോബോട്ടിക് കൈയുകളുടെ സഹായത്തോടെയുള്ള ഈ ശസ്ത്രക്രിയ. അതുപോലെ രക്തസ്രാവം ഒഴിവാക്കുവാനും അണുബാധ തടയാനും ഇത് സഹായിക്കും. മാത്രമല്ല്, രോഗിക്ക് അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങീയെത്താനാകും എന്നൊരു മെച്ചം കൂടി ഈ ശസ്ത്രക്രിയയ്ക്കുണ്ട്.

2021-ൽ യൂണിവേഴ്സിറ്റി ഓഫ് സാൾഗ്രേൻസ്‌ക ഹോസ്പിറ്റലിൽ ആയിരുന്നു ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അണ്ടന്നത്. പത്ത് മാസത്തിനു ശേഷം ഐ വി എഫ് വഴി ബീജസങ്കലനം നടത്തിയുണ്ടാക്കിയ ഭ്രൂണം അതിൽ സ്ഥാപിച്ചു. ഏതാനും ആഴ്‌ച്ചകൾക്ക് ശേഷം ഗർഭ പരിശോധന നടത്തി. 2023 മെയ് മാസം ഒടുവിൽ സിസേറിയൻ ശസ്ത്രക്രിയ വഴിയായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിച്ചു.