മേരിക്കയിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നത് എട്ട് ശീലങ്ങൾ കൃത്യമായി പിന്തുടർന്നാൽ ആയുസ്സ് പതിറ്റാണ്ടുകളോളം നീട്ടാം എന്നാണ്. ആരോഗ്യകരമായ ജീവിത ശൈലിയിൽ, പുകവലിക്കാതിരിക്കുക, ആരോഗ്യകരമായ ഭക്ഷണ ക്രമം പിന്തുടരുക, നന്നായി ഉറങ്ങുക, സമ്മർദ്ദങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

അതുകൂടാതെ ശാരീരികമായി സജീവമായിരിക്കുക, പോസിറ്റീവ് ആയ സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുക, പതിവായി മദ്യം ഉപയോഗിക്കാതിരിക്കുക, മയക്കു മരുന്നിന് അടിമയാകാതിരിക്കുക എതുടങ്ങിയവയും ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുള്ള എട്ട് കാര്യങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഏകദേശം 40 വയസ്സിൽ ഈ രീതികൾ പാലിച്ചു ജീവിക്കാൻ തുടങ്ങുന്ന ഒരു സ്ത്രീക്ക്, അതില്ലാത്ത സ്ത്രീകളേക്കാൾ ശരാശരി 21 വയസ്സ് കൂടുതൽ ജീവിക്കാൻ കഴിയുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പുരുഷന്മാരാണെങ്കിൽ 24 വർഷം വരെ കൂടുതൽ ജീവിക്കാനാകും.

അമേരിക്കയിലെ 7,20,000 മുൻസൈനികരിൽ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തൽ ഉണ്ടായത്., ഇതിൽ പങ്കാളികളായവരോട് അവരുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട ഒരു ചോദ്യാവലി പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അവരുടെ മെഡിക്കൽ റെക്കോർഡുകൾ സസൂക്ഷ്മം വിശകലനം ചെയ്യുകയുമുണ്ടായി.കാൾ ഇല്ലിനോയ്‌സ് കോളേജ് ഓഫ് മെഡിസിനിലെ ഡോ. യുവാൻ മാീ ഗുയേനിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്.

പൊതു ആരോഗ്യത്തിനും വ്യക്തിഗത ക്ഷേമത്തിനും ആരോഗ്യകരമായ ഒരു ജീവിത ശൈലി ജീവിതത്തിൽ പകർത്തേണ്ടത് അത്യാവശ്യമാണെന്ന് തങ്ങളുടെ പഠനത്തിൽ തെളിഞ്ഞതായി ഡോ. യുവാൻ പറഞ്ഞു. ഏത്രയും പെട്ടെന്ന് അത്തരത്തിലുള്ള ഒരു ജീവിത ശൈലി സ്വീകരിച്ചാൽ അത് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ, 40 കളിലോ, 50 കളിലോ, 60 കളിലോ ആണെങ്കിൽ പോലും, ഈ ജീവിത ക്രമങ്ങളിൽ ഏതെങ്കിലുമൊക്കെ ജീവിതത്തിൽ പകർത്തിയാൽ തീർച്ചയായും പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

പുക വലിക്കാതിരിക്കുക, മയക്ക് മരുന്നിന് അടിമയാകാതിരിക്കുക, ശാരീരികമായി സജീവമാകുക എന്നിവയ്ക്കാണ് മനുഷ്യന്റെ ആരോഗ്യത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്താൻ കഴിയുക എന്നും പഠനത്തിൽ കണ്ടെത്തി. മരണ സാധ്യത ഏകദേശം 46 ശതമാനത്തോളമാണ് ശാരീരികമായി സജീവമായാൽ കുറയുന്നത്. പുകവലിക്കാതിരുന്നാൽ 29 ശതമാനവും, മയക്ക് മരുന്ന് ഉപയോഗമില്ലെങ്കിൽ 38 ശതമാനവും കുറയും.

സമ്മർദ്ദങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യുക. ആരോഗ്യകരമായ ഭക്ഷണക്രമം പരിപാലിക്കുക, സ്ഥിരമായി മദ്യപിക്കാതിരിക്കുക തുടങ്ങിയവ മരണ സാധ്യത 20 ശതമാനത്തോളം കുറയ്ക്കുമ്പോൾ പോീസിറ്റീവ് ആയ സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുക വഴി മരണ സാധ്യത 5 ശതമാനം കുറയ്ക്കാൻ കഴിയും.