- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യത്തിന് കടുംചായ കുടിച്ചോളൂ; നിങ്ങളുടെ ബുദ്ധിക്കും ആരോഗ്യത്തിനും ഉത്തമം; രണ്ടോ അതിലധികമോ കപ്പ് ചായ കുടിക്കുന്നവർക്ക് 12 വർഷം വരെ ആയുസ്സ് അധികമായി ലഭിക്കും; ചായ പ്രേമികൾക്ക് ആവേശമായി ഒരു ഗവേഷണഫലം
രാവിലെ വർത്തമാനപ്പത്രത്തോടൊപ്പവും വൈകിട്ടത്തെ വെടിവട്ടത്തോടൊപ്പവും ചായ മലയാളിക്ക് എന്നും പ്രിയങ്കരനാണ്. ഇത് മാത്രമല്ല, ഇട സമയങ്ങളിലെ ചായയും പലർക്കും ഒഴിവാക്കാൻ ആകാത്തതാണ്. ചായകുടിക്കുന്ന സ്വഭാവത്തെ കുറിച്ച് വിഭിന്നാഭിപ്രായങ്ങളാണ് പലപ്പോഴും കേൾക്കാറുള്ളത്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദമുഖങ്ങൾ ഉയർന്നിട്ടുമുണ്ട്. എന്നാൽ, തൊട്ടടുത്ത എതിരാളിയായ കാപ്പിയേക്കാൾ ഒരു പണമിട മേൽക്കൈ ചായയ്ക്ക് നൽകുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ആരോഗ്യത്തോടെ കൂടുതൽ നാൾ ജീവിക്കാൻ ചായകുടി സഹായിക്കുമെന്നാണ് ഇപ്പോൾ ഒരു പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. യു കെയിൽ, അഞ്ച് ലക്ഷത്തോളം പേരിൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് ദിവസേന രണ്ടോ അതിലധികമോ കപ്പ് ചായ കുടിക്കുന്നവർ, ചായകുടിക്കാത്തവരേക്കാൾ ഏതെങ്കിലും രോഗം വന്ന് മരണമടയുന്നതിനുള്ള സാധ്യത 13 ശതമാനത്തോളം കുറവാണ് എന്നാണ്. വളരെ സമഗ്രമായ ഒരു പഠനമായിരുന്നു നടത്തിയതെന്നാണ് ഇതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ പറയുന്നത്.
ഹൃദയം, അന്നനാളം, തലച്ചോറ് എന്നീ ഭാഗങ്ങളുടെ ആരോഗ്യം പരിപാലിക്കാൻ സഹായിക്കുന്ന നിരവധി ആന്റിഓക്സിഡന്റുകൾ കട്ടൻ ചായയിൽ ഉണ്ട്. അതുപോലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് താഴ്ത്തുവാനും രക്തസമ്മർദ്ദം താഴ്ത്തുവാനും, രക്തത്തിലെ പഞ്ചസാരയിലെ അളവ് ക്രമീകരിക്കാനും ഈ ആന്റി ഓക്സിഡണ്ടുകൾ സഹായിക്കുന്നു. 5 ലക്ഷത്തോളം ബ്രിട്ടീഷുകാരെ പങ്കെടുപ്പിച്ച് യു എസ് നാഷണൽ ഇൻസ്റ്റിറ്റിയുട്ട്സ് ഓഫ് ഹെൽത്ത് ആണ് ഈ പഠനം നടത്തിയത്.
40 വയസ്സിനും 69 വയസ്സിനും ഇടയിലുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ 85 ശതമാനം പേരും സ്ഥിരമായി ചായ കുടിക്കുന്ന സ്വഭാവമുള്ളവരായിരുന്നു. അവരിൽ തൊണ്ണൂറു ശതമാനം പേരും പാൽ ഒഴിക്കാത്ത കടുംചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരുമായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ ഒരു ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ 2006 മുതൽ 2010 വരെയായിരുന്നു പഠനം നടന്നത്. പിന്നീട് ഒരു പതിറ്റാണ്ടോളം പഠനത്തിൽ പങ്കെടുത്തവരെ സസൂക്ഷ്മം നിരീക്ഷിച്ചു വന്നു.
ചായ കുടിക്കാത്തവരേക്കാൾ, ദിവസം രണ്ടോ അതിലധികമോ കപ്പ് ചായ കുടിക്കുന്നവരിൽ മരണ നിരക്ക് 9 മുതൽ 13 ശതമാനം വരെ കുറവാണെന്ന് ഈ നിരീക്ഷണത്തിൽ കണ്ടെത്തി. പാൽ ചായയാണോ കുടിക്കുന്നത് അതോ കട്ടൻ ചായയാണോ എന്ന വ്യത്യാസം ഇക്കാര്യത്തിൽ ഇല്ല. അതുപോലെ വ്യക്തികളുടെ ജനിതക ഘടനയും സ്വാധീനിച്ചില്ല. അന്നാൽസ് ഓഫ് ഇന്റർനാഷനൽ മെഡിസിൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത് ധാരാളം ചായ കുടിക്കുന്നത് ആരോഗ്യകരമായ ഒരു ഭക്ഷണ ക്രമത്തിന്റെ ഭാഗമാണെന്നാണ്.
മറുനാടന് മലയാളി ബ്യൂറോ