പ്രണയം ഒരു ശാസ്ത്രമാണ്. അകപ്പൊരുളുകൾ അറിഞ്ഞ് പ്രവർത്തിച്ചാൽ ഒരിക്കലും പിഴക്കാത്ത ശാസ്ത്രം. ഇത് പറയുന്നത് മറ്റാരുമല്ല, പ്രണയത്തിന്റെ ഐൻസ്റ്റീൻ എന്നറിയപ്പെടുന്ന ഡോ . ജോൺ ഗോട്ട്മാനും പത്നി ഡോൽ ജൂലിയുമാണ്. മനഃശാസ്ത്രജ്ഞരും ഗ്രന്ഥകർത്താക്കളുമായ ഇരുവരും ചേർന്ന് 40,000 ൽ അധികം ഇണകളെ സസൂക്ഷ്മം നിരീക്ഷിച്ച് ഇപ്പോൾ പ്രണയം തകരാതിരിക്കാനുള്ള വഴികൾ കണ്ടെത്തിയിരിക്കുകയാണ്.

അമ്പതു വർഷത്തെ ദാമ്പത്യം പൂർത്തിയാക്കിയ ഇരുവരും നീണ്ടകാലത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് പ്രണയമെന്ന ശാസ്ത്രത്തിലെ അന്തർലീനമായ പ്രപഞ്ച സത്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ദാമ്പത്യം ഒരിക്കലും തകരാതിരിക്കുവാൻ, പ്രണയത്തിന്റെ മാധുര്യം നഷ്ടപ്പെടാതിരിക്കുവാനുള്ള ഏഴു ദിന കർമ്മ പരിപാടി ഇവർ അവതരിപ്പിക്കുകയാണ്.

കർമ്മ പരിപാടി ആരംഭിക്കുന്നത് തിങ്കളാഴ്‌ച്ചയാണ്. ബിഡ്സ് ഫോർ കണക്ഷൻ എന്നതാണ് ആദ്യ ഘട്ടത്തിന്റെ പേര്. ഒരുഅന്യ വ്യക്തി മറ്റൊരു വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള ആദ്യ ശ്രമമാണിത്. അത് ശാരീരികമായോ, വാക്കുകൽ കൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും സൂചനകൾ വഴിയോ ആകാം. ഒരു വ്യക്തി നിങ്ങളെ സമീപിക്കുമ്പോൾ അയാളുടെ അല്ലെങ്കിൽ അവളുടേ മുഖത്ത് നോക്കി സ്നേഹത്തോടെ സംസാരിക്കുന്നതാണ് ഈ ഘട്ടത്തിൽ പോസിറ്റീവ് ആയത്.

ഇതിനുള്ള പരിശീലനത്തിന്റെ ഭാഗമായി നിങ്ങൾ പങ്കാളിയുടെ കണ്ണുകളിൽ നോക്കുക, പുഞ്ചിരി സമ്മാനിക്കുക. ഏതെങ്കിലും സഹായം നേരിട്ട് ചോദിക്കുക. ഗുഡ് മോർണിംഗും ഗുഡ് നൈറ്റും പറയുക തുടങ്ങിയ കാര്യങ്ങൾ ഒക്കെ ചെയ്യാം. അതുപോലെ നിങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആക്കുകയും ചെയ്യാം.

രണ്ടാം ഘട്ടമായ ചൊവ്വാഴ്‌ച്ച പരസ്പരം കൂടുതൽ അറിയുവാൻ ശ്രമിക്കുക എന്നതാണ് മുഖ്യമായിട്ടുള്ളത്. ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ എന്നിവ പരസ്പരം മനസ്സിലാക്കുക. അതിന് ഏറ്റവും നല്ല വഴി പരസ്പരം ചോദ്യങ്ങൾ ചോദിക്കുക എന്നതു തന്നെയാണ്. ഉദാഹരണത്തിന് നിങ്ങളുടെ ജീവിതത്തിൽ ഇതുവരെ പൂർത്തീകരിക്കാനാകാത്ത ആഗ്രഹം എന്താണ്, നിങ്ങളുടെ കുടുംബത്തിന്റെ ഏത് വശമാണ് നമ്മുടെ കുട്ടികൾക്ക് പാരമ്പര്യമായി ലഭിക്കണം എന്ന് ആഗ്രഹിക്കുന്നത്, കഴിഞ്ഞ വർഷം നിങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചുവോ തുടങ്ങിയ ചോദ്യങ്ങൾ ഇതിന് സഹായിക്കും.

പരസ്പരമുള്ള ബഹുമാനം പ്രദർശിപ്പിക്കുക എന്നതാണ് ബുധനാഴ്‌ച്ചയിലെ മൂന്നാം ഘട്ടം. അതിന് ഏറ്റവും ഉത്തമമായ മാർഗം നന്ദി പറയുക എന്നതാണ്. അതിനുള്ള ഏറ്റവും നല്ല തന്ത്രം, ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും പട്ടിക പെടുത്തുക എന്നതാണ്. പചകം, വീടു വൃത്തിയാക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടണം. പിന്നീട് ഈ നല്ല കാര്യങ്ങൾക്ക് നന്ദി പറയുക. ഇത് തീർച്ചയായും പങ്കാളിയെ സ്വാധീനിക്കും. നിങ്ങൾ പങ്കാളിയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതായി പങ്കാളി മനസ്സിലാക്കും.

വ്യാഴാഴ്‌ച്ചയിലെ നാലാം ഘട്ടത്തിൽ പങ്കാളിയുടെ നല്ല വശങ്ങൾ എടുത്തു കാട്ടുന്ന തരത്തിലുള്ള അഭിനന്ദനങ്ങൾ നൽകുക. ഇന്നത്തെ ദിവസത്തിൽ നിങ്ങൾ പങ്കാളിയോടൊപ്പമുള്ള സമയത്തെല്ലാം നിങ്ങളുടെ പങ്കാളി അവരുടെ നല്ല വശങ്ങൾ എങ്ങനെ പ്രദർശിപ്പിക്കുന്നു എന്നത് ശ്രദ്ധിക്കുക. പിന്നീട് വ്യക്തമായ രീതിയിൽ തന്നെ അഭിനന്ദനം അറിയിക്കുക.

പങ്കാളിയുടെ ആവശ്യം എന്തെന്ന് മനസ്സിലാക്കുക എന്നതാണ് വെള്ളിയാഴ്‌ച്ചയിലെ അഞ്ചാം ഘട്ടത്തിൽ പ്രധാനമായത്. അതിനായി ആദ്യം നിങ്ങൾ പങ്കാളിയിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കുക. ഒരുപക്ഷെ കൂടുതൽ സമയം പങ്കാളിയുമൊത്ത് ചെലവഴിക്കാനായിരിക്കും നിങ്ങൾ ആഗ്രഹിക്കുക. അതുപോലെ പങ്കാളിയും അത് ആഗ്രഹിക്കുന്നുണ്ടോ എന്ന് അറിയുക.

ചിലപ്പോൾ ഗാർഹിക ജോലികളിൽ സഹായമാകും പങ്കാളി നിങ്ങളിൽ നിന്നും ആഗ്രഹിക്കുക. അതല്ലെങ്കിൽ തൊഴിലിടത്തെ ഏതെങ്കിലും പ്രശ്നങ്ങളിൽ സഹായം ആവശ്യമായി വരും. ഇത് മനസ്സിലാക്കി കൃത്യമായി ആശയ സംവേദനം നടത്തണം. ഉദാഹരണത്തിന് നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് പങ്കാളി ആഗ്രഹിക്കുന്നതെങ്കിൽ, ഇന്ന് ഫോണും വേണ്ട ടി വിയും വേണ്ട, രാത്രി മുഴുവൻ നമ്മൾ മാത്രം മതി എന്നതുപോലുള്ള വാക്കുകൾ പങ്കാളിയിൽ കൃത്യമായ സ്വാധീനം ഉണ്ടാക്കും.

ശാരീരിക സമ്പർക്കം വളർത്തുക എന്നതാണ് ശനിയാഴ്‌ച്ചയിലെ ആറാമത്തെ ഘട്ടം. ചുംബനങ്ങൾ, ആലിംഗനങ്ങൾ, കൈകളിൽ മുറുകെ പിറ്റിക്കൽ തുടങ്ങിയ ബാഹ്യമായ സ്പർശന മാതൃകകൾ ഇക്കാര്യത്തിൽ അവലംബിക്കാവുന്നതാണ്. അതുപോലെ കുറഞ്ഞ മർദ്ദം ഉപയോഗിച്ചുള്ള മസാജുകളും, ഇക്കിളിപ്പെടുത്തുന്ന സ്പർശനങ്ങളും ഏറെ ഗുണം ചെയ്യും.. അതിനായി നിങ്ങൾ തുനിയുമ്പോൾ പക്ഷെ തടസ്സങ്ങളും ശല്യങ്ങളും ഉണ്ടാകരുത്. ഫോൺ കഴിയുന്നത്ര അകലത്തിൽ വെയ്ക്കുക.

ഏഴാമത്തെ ദിവസമായ ഞായറാഴ്‌ച്ച വിവാഹബന്ധത്തിനുള്ളിൽ നമ്മൾ അനുഭവിക്കുന്ന ഏകാന്തതയെ കുറിച്ച് തുറന്നു പറയേണ്ട അവസരമാണ്. അത് ഒരു നെഗറ്റീവ് സമീപനമായി തോന്നാമെങ്കിലും, ജീവിതത്തിലെ ഒരു യാഥാർത്ഥ്യം തന്നെയാണ്. ഇത്തരത്തിൽ ഏഴു ദിവസത്തെ പ്രണയ ചര്യകൾ മുടങ്ങാതെ നടപ്പിലാക്കിയാൽ വിവാഹബന്ധം ഒരിക്കലും തകരുകയില്ല എന്നാണ് ഡോക്ടർ ദമ്പതികൾ പറയുന്നത്.