ദിവസേന രണ്ട് ലിറ്റർ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തി ശുദ്ധിയാക്കുവാനും, ഊർജ്ജം പ്രദാനം ചെയ്യുന്നതിനും, ക്ഷീണം ഒഴിവാക്കുന്നതിനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്. അതേസമയം, അധികമായാൽ അമൃതും വിഷമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമിതമായി വെള്ളം കുടിക്കുന്നത് പ്രതികൂല ഫലം നൽകുമെന്ന് ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നു.

മരണമടഞ്ഞ് അമ്പത് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഡോക്ടർമാർ പറയുന്നത് കുങ്ങ് ഫു ചക്രവർത്തി ബ്രൂസ് ലീയുടെ ദുരൂഹമായ മരണത്തിന് കാരണമായത് അമിതമായി വെള്ളം കുടിച്ചതാകാം എന്നാണ്. 1973-ൽ ഹോങ്കോംഗിൽ വച്ചാണ് കുങ്ങ് ഫു ചക്രവർത്തിയും ഹോളിവുഡ് താരവുമായ ബ്രൂസ് ലീ തന്റെ 32-ാം വയസ്സിൽ മരണമടയുന്നത്. ഓട്ടോപ്സിയിൽ മരണകാരണമായി തെളിഞ്ഞത് മസ്തിഷ്‌ക്കത്തിലെ വീക്കമായിരുന്നു. വേദന സംഹാരികൾ കഴിക്കുന്നതിനാലാണ് അത് ഉണ്ടായതെന്നായിരുന്നു ഡോക്ടർമാർ വിലയിരുത്തിയത്.

കൊലപാതകം, ഹൃദയസ്തംഭനം തുടങ്ങിയ പല കാരണങ്ങളും അന്ന് ബ്രൂസ് ലീയുടെ മരണകാരണമായി പറഞ്ഞു കേട്ടിരുന്നു. എന്നാൽ, ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് അമിതമായ ജലോപയോഗം കൊണ്ട് അദ്ദേഹത്തിന് ഹൈപോനാടേമിയ എന്ന രോഗാവസ്ഥ ഉണ്ടായിരിക്കാം എന്നാണ്. ശരീരത്തിൽ ജലത്തിന്റെ സാന്നിദ്ധ്യം അമിതമായ അളവിൽ ഉണ്ടാകുമ്പോഴാണ് ഈ രോഗാവസ്ഥ ഉടലെടുക്കുക. അതുവഴി മസ്തിഷ്‌കത്തിനു വീക്കം സംഭവിക്കും.

കലാരംഗത്തെ പ്രതിഭാസമായിരുന്ന ആൻഡി വാർഹോൾ 1987-ൽ തന്റെ 58-ാം വയസ്സിൽ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം മരണമടഞ്ഞത് ഹൈപോനട്രേമിയ മൂലമാണെന്ന് തെളിഞ്ഞത് 30 വർഷങ്ങൾക്ക് ശേഷമായിരുന്നു. 1995 നവംബർ 16 ന് എസ്സെക്സിലെ ലേ സാറാ ബെറ്റ്സ് എന്ന 18 കാരി മരനമടഞ്ഞത് ഒരു എക്സ്ടസി ടാബ്ലറ്റ് കഴിച്ചതിനു ശേഷം ഏഴ് ലിറ്റർ വെള്ളം കുടിച്ചതോടെയായിരുന്നു. ഒന്നര മണിക്കൂർ കൊണ്ടായിരുന്നു അതിൽ ഭൂരിഭാഗം വെള്ളവും അവർ കുടിച്ചു തീർത്തത്. തുടർന്ന് ബോധ രഹിതയായ അവർ അഞ്ചാം ദിവസം മരണത്തെ പുൽകി.

ലണ്ടൻ മാരത്തൺ പൂർത്തിയാക്കിയ ശേഷം 2007 ൽ മരണമടഞ്ഞ ഡേവിഡ് റോജേഴ്സ് എന്ന ഫിറ്റ്നസ്സ് ട്രെയിനർ, ഇംഗ്ലീഷ് നടൻ ആന്റണി ആൻഡ്രൂസ് തുടങ്ങി മറ്റു പലരും ഈ രോഗാവസ്ഥക്ക് കീഴടങ്ങി മരണത്തെ പുൽകിയിരുന്നു. ആന്റണി ആൻഡ്രൂസ് ഓരോ ദിവസവും എട്ട് ലിറ്റർ വരെ വെള്ളം കുടിക്കുമായിരുന്നത്രെ. ശരീരം നിർജ്ജലീകരിക്കപ്പെടാൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, അധികമായാൽ അമൃതും വിഷമാണെന്നോർക്കുക.