രണത്തിന്റെ പ്രതിരൂപമായി മനുഷ്യകുലത്തെ എന്നും ഭയപ്പെടുത്തിയിരുന്ന കാൻസർ മറ്റേതൊരു രോഗത്തേയും പോലെ തന്നെ മനുഷ്യന് മുൻപിൽ കീഴടങ്ങുകയാണ്. രോഗം സാവധാനം നിയന്ത്രണവിധേയമാകുന്ന തരത്തിലേക്ക് മാറുകയാണെന്നാണ് ഈ രംഗത്തെ പ്രമുഖ വിദഗ്ദ്ധർ പറയുന്നത്. അടുത്ത പതിറ്റാണ്ടാകുമ്പോഴേക്കും ചില തരം കാൻസറുകളെ അതിജീവിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്നും കാൻസർ രോഗ വിദഗ്ദ്ധർ പറയുന്നു.

കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആധുനിക സാങ്കേതിക വിദ്യ തയ്യാറെടുക്കുകയാണെന്ന് ഇൻസ്റ്റിറ്റിയുട്റ്റ് ഓഫ് കാൻസർ റിസർച്ചിലെയും റോയൽ മാഴ്സ്ഡൻ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലേയും വിഗധർ പറയുന്നു. പല രോഗികളുടെയും രോഗം പൂർണ്ണമായി ഭേദമാക്കുവാനും മറ്റു പലർക്കും കൂടുതൽ കാലം ജീവിക്കാനും ഇത് വഴിയൊരുക്കുമെന്നും അവർ പറയുന്നു.

നിലവിലെ റേഡിയോ തെറാപ്പി പോലുള്ള ചികിത്സകൾക്കൊപ്പം ജനിതക മാറ്റം വരുത്തിയ വൈറസുകളെ രോഗിയുടെ ശരീരത്തിൽ പ്രവേശിപ്പിച്ച് അർബുദം ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സ കൂടി ഉൾപ്പെടുത്തിയതാണ് പുതിയ ചികിത്സാ സമ്പ്രദായം. ഒരു രോഗിയുടെ ശരീരത്തിൽ തുടരാൻ ട്യുമറുകൾ ആശ്രയിക്കുന്ന ആവാസ വ്യവസ്ഥ പൂർണ്ണമായും നശിപ്പിച്ചുകൊണ്ടുള്ള ചികിത്സ വഴി കാൻസർ ഭേദമാക്കാൻ കഴിയുമെന്നും അവർ പറയുന്നു.

കാൻസർ റിസർച്ച് യു കെയിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം 1970 കളിൽ ബ്രെസ്റ്റ് കാൻസർ, പ്രോസ്ട്രേറ്റ് കാൻസർ എന്നിവ ബാധിച്ചവരിൽ യഥാക്രമം 40 ശതമാനം, 25 ശതമാനം പേർ മാത്രമായിരുന്നു രക്ഷപ്പെട്ടിരുന്നത് എന്നായിരുന്നു. എന്നാൽ, ഇന്ന് കാൻസർ ബാധിച്ചിട്ടും 10 വർഷം വരെ ജീവിക്കുന്നവരുടെ എണ്ണം ഇരട്ടിച്ചിട്ടുണ്ട്. ചില തരം കാൻസറുകളിൽ അത് മൂന്നിരട്ടി ആയിട്ടുമുണ്ട്.

ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കാനായതിന് ഏതെങ്കിലും ഒരു കാരണം എടുത്തു പറയാൻ കഴിയില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒന്നിലേറെ ഘടകങ്ങളുടെ സമന്വയമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. രോഗം ചികിത്സിച്ചു ഭേദമാക്കാൻ കൂടുതൽ ഫലപ്രദമായ ചികിത്സകൾ കണ്ടെത്താനായി, കൂടുതൽ മെച്ചപ്പെട്ട പരിശോധന സംവിധാനങ്ങൾ ഉണ്ടായി, പൊതുജനങ്ങളിൽ ഈ രോഗത്തെ കുറിച്ച് കൂടുതൽ അവബോധം വളർത്താനായി എന്നതൊക്കെ ഈ ഘടകങ്ങളിൽ ചിലതാണ്.

അതേസമയം, മറ്റു ചില തരം കാൻസറുകളിൽ രക്ഷപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും കുറവാണ്. പാൻക്രിയാറ്റിക് കാൻസർ ബാധിച്ചവരിൽ, 1970 കളിൽ രക്ഷപ്പെട്ടിരുന്നത് കേവലം 1 ശതമാനം പേർ മാത്രമായിരുന്നെങ്കിൽ ഇന്നത് കേവലം 5 ശതമാനം മാത്രമായിട്ടാണ് വർദ്ധിച്ചിട്ടുള്ളത്.