നുഷ്യനെ വിസ്മൃതിയിലേക്ക് നയിച്ച് ജീവിതം നരകതുല്യമാക്കുന്ന ഡിമെൻഷ്യയെന്ന മാരക രോഗത്തെ ചെറുക്കാൻ പുതിയ തന്ത്രങ്ങൾ വെളിപ്പെടുത്തുകയാണ് ഒരു പഠനം. രാവിലെ പ്രാതലിനൊപ്പം ഒരു ഗ്ലാസ് ചായ പതിവാക്കുക. ഉച്ചഭക്ഷണത്തോടൊപ്പം ഇലക്കറികൾ ഉൾപ്പടെയുള്ള പച്ചക്കറികളുടെ സലാഡ് ശീലമാക്കുക. പിന്നെ അത്താഴത്തിന് ഒരു ഗ്ലാസ് റെഡ് വൈനും പതിവാക്കുക. ഡിമെൻഷ്യ വരുവാനുള്ള സധ്യത ഇങ്ങനെ വളരെയേറെ കുറയ്ക്കാൻ കഴിയും എന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്.

നിരവധി ആരോഗ്യ നേട്ടങ്ങൾക്ക് കാരണമായ ആന്റിഓക്സിഡന്റ് ഫ്ളാവനോൾ എന്ന സസ്യ സംയുക്തം ഓർമ്മ ശക്തി കുറയുന്നത് മന്ദഗതിയിലാക്കും എന്നാണ് ഗവേഷകർ പറയുന്നത്. 81 വയസ്സു കഴിഞ്ഞ ഡിമെൻഷ്യ ബാധിക്കാത്ത 961 പേരിൽ ഷിക്കാഗോയിലെ റഷ് മെഡിക്കൽ സെന്ററിലെ ശാസ്ത്രജ്ഞർ നടത്തിയ, ഏഴു വർഷം നീണ്ട പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ചില നിശ്ചിത ഭക്ഷ്യ വിഭവങ്ങൾ എത്ര തവണ കഴിക്കുമെന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യാവലി ഇവർ എല്ലാ വർഷവും പൂരിപ്പിച്ച് നൽകണമായിരുന്നു. അതുപോലെ എല്ലാ വർഷവും ജ്ഞാന- ഓർമ്മ പരിശോധനകളും നടത്തിയിരുന്നു. വാക്കുകളുടെ പട്ടിക നൽകി അവ ഓർമ്മിച്ച് പറയുക. സംഖ്യകൾ ക്രമത്തിൽ ക്രമീകരിക്കുക തുടങ്ങിയവയെല്ലാം പരിശോധനകളിൽ ഉൾപ്പെട്ടിരുന്നു. അവരുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരുന്ന ഫ്ളാവനോളിന്റെ അളവിന്റെ അടിസ്ഥാനത്തിൽ അവരെ അഞ്ച് ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തിരുന്നു.

പഠനത്തിൽ പങ്കെടുക്കുന്ന ഒരു ശരാശരി വ്യക്തി പ്രതിദിനം 10 മില്ലിഗ്രാം ഫ്ളാവനോളായിരുന്നു കഴിച്ചിരുന്നത്. അതിൽ ഏറ്റവും കുറഞ്ഞ ഫ്ളാവനോൾ ഉപയോഗിക്കുന്നവർ പ്രതിദിനം 5 മില്ലിഗ്രാമും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവർ പ്രതിദിനം 15 മില്ലിഗ്രാമും കഴിച്ചിരുന്നു. ഇത് മൂന്നോ നാലോ ചായ കുടിക്കുന്നതിന് സമാനമായ അളവാണ്. ഓർമ്മ ശക്തി കുറയുന്നത് വിലയിരുത്തുവാനായി 19 വ്യ്ത്യസ്ത പരിശോധനകൾ അടങ്ങിയ ഒരു ഗ്ലോബൽ സ്‌കോർ സിസ്റ്റവും ഗവേഷകർ ഉപയോഗിച്ചിരുന്നു.

കൂടിയ അളവിൽ ഫ്ളാവനോൾ കഴിച്ചവരിൽ ഓർമ്മശക്തി കുറയുന്നത് മറ്റുള്ളവരിൽ സംഭവിച്ചതിനേക്കാൽ 32 ശതമാനം കുറവായിരുന്നു എന്ന് പഠനത്തിൽ തെളിഞ്ഞു. മാത്രമല്ല, ക്യാബേജ്, ബീൻസ്, തേയില, ചീര, ബ്രോക്കൊലി എന്നിവയിൽ നിന്നും ഫ്ളേവനോൾ ലഭിച്ചവർക്ക് ഓർമ്മശക്തി കുറയുന്നത് കൂടുതൽ മന്ദഗതിയിലാണെന്നും തെളിഞ്ഞു. അതുപോലെ, ആപ്പിൾ, തേയില, വൈൻ, ഓറഞ്ച് എന്നിവ കഴിച്ചവർക്കും ഏറെ പ്രയൊജനം ലഭിച്ചു.