ബ്രിട്ടീഷ് സമൂഹത്തിലെ ഉന്നത ശ്രേണികളിൽ പെട്ടവർക്കിടയിൽ സന്ധിവാതം പടർന്നു പിടിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തു വരുന്നു. പെട്ടെന്നുണ്ടാകുന്നതും, അതീവ കഠിനവുമായ സന്ധിവേദനക്ക് കാരണമാകുന്ന ഒരു തരത്തിൽ പെട്ട ഈ ആർത്രിറ്റിസ് രോഗം അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കമുള്ള രോഗമാണ്. ഈജിപ്തിലെ ഫറവോന്മാരുടെ കാലത്തോളം പഴക്കമുണ്ട് ഈ രോഗത്തിന്.ബ്രിട്ടനിൽ ഹെന്റി എട്ടാമൻ, ജോർജ്ജ് നാലാമൻ, ആൻ രാജ്ഞി തുടങ്ങിയ ഭരണാധികാരികളെയെല്ലാം ഈ രോഗം ബാധിച്ചതായി രേഖകൾ പറയുന്നു.

മാംസാഹാരവും മദ്യവും അമിതമായി ഉപയോഗിക്കന്നതിനാൽ വന്നുപെടുന്ന ഈ രോഗം അറിയപ്പെടുന്നത് രാജാക്കന്മാരുടെ രോഗം എന്നാണ്. അടുത്ത കാലത്തായി ഈ രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നതായി കണക്കുകൾ പറയുന്നു. 2021/22 കാലഘട്ടങ്ങളിൽ 2,34,000 പേരെയാണ് സന്ധിവാതം മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ആർത്രിറ്റിസ് യു കെയുടെ കണക്കുകൾ പ്രകാരം യു കെയിൽ 1.5 മില്യൺ ആളുകളാണ് ഈ രോഗം മൂലം കഷ്ടപ്പെടുന്നത്.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് അധികം പേരും വെറുതെ ഇരിക്കുകയും സ്നാക്സും ജങ്ക്ഫുഡുകളും ധാരാളമായി കഴിക്കുകയും ചെയ്തതിനാലാകാം പെട്ടെന്നുള്ള ഈ വർദ്ധന എന്നാണ് ഈ രംഗത്തെ വിദധർ പറയുന്നത്. സാധാരണയായി കാൽമുട്ടുകളിൽ അതിയായ വേദന അനുഭവപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. വിരളമായിട്ടാനെങ്കിലും കാൽപാദത്തിന്റെ സന്ധിയിലും, കൈയിലും മണിബന്ധത്തിലും, കൈ മുട്ടുകളിലും ഈ വേദന അനുഭവപ്പെടാം.

ശരീരത്തിൽ യൂറിക് ആസിഡിന്റെ അംശം കൂടുന്നതാണ് ഇതിന് പ്രധാന കാരണം. അതുവഴി ഇത് സന്ധികൾക്ക് ചുറ്റുമായി സോഡിയം യൂറേറ്റ് പരലുകൾ നിക്ഷേപിക്കപ്പെടാൻ ഇടയാക്കുന്നു. ഇതാണ് വേദനക്കും അസ്‌ക്തകതയ്ക്കും കാരണമാകുന്നത്. മാട്ടിറച്ചിയിൽ കാണപ്പെടുന്ന പ്രോട്ടീനുകളും പ്യുരിൻ അടങ്ങിയ മത്സ്യങ്ങളും ദഹിപ്പിക്കപ്പെടുമ്പോൾ മാലിന്യമായി യൂറിക് ആസിഡ് ഉദ്പാദിപ്പിക്കപ്പെടുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അതാണ് സന്ധിവാതത്തിലേക്ക് നയിക്കുന്നത്. അതിനുപുറമെ ചില ജനിതക ഘടകങ്ങൾക്കും ഇതിൽ മുഖ്യ പങ്കുണ്ട്.

സ്ട്രെപ് എ യ്ക്ക് വാക്സിൻ കണ്ടെത്തിയെന്ന് സൂചന

അനേകം കുരുന്നുകളുടെ മരണത്തിന് കാരണമായ സ്ട്രെപ് എ യെ പ്രതിരോധിക്കുന്നതിനുള്ള ആധുനിക ശാസ്ത്രത്തിന്റെ ശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങി എന്ന സൂചനകൾ പുറത്തു വരുന്നു. ഈ മാരക രോഗത്തിനു കാരണമായ സ്ട്രെപ് എ ബാക്ടീരിയയെ ശരീരം എങ്ങനെ പ്രതിരോധിക്കുന്നു എന്ന് മനസ്സിലാക്കുന്നതിൽ ശാസ്ത്രലോകം നിർണ്ണായകമായ നാഴികക്കല്ല് പിന്നിട്ടതോടെ ഇതിന് വാക്സിൻ ഉടനെ വന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.

സാധാരണയായി വളരെ നിസ്സാരമായ അണുബാധക്ക് മാത്രമാണ് സ്ട്രെപ് എ കാരണമാവുക . തൊണ്ടവേദന, സ്‌കാർലറ്റ് പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന ഈ ബാക്ടീരിയ വളരെ അപൂർവ്വമായി മരണകാരനമായേക്കാവുന്ന രോഗങ്ങള്ക്കും കാരണമാകാറുണ്ട്. കഴിഞ്ഞ മാസങ്ങളിൽ യു കെയിൽ 24 കുരുന്നുകളാണ് സ്ട്രെപ് എ ക്ക് കീഴടങ്ങി മരണം വരിച്ചത്.

സ്വീഡനിലെ ലുണ്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇപ്പോൾ, മനുഷ്യ ശരീരം ഈ ബാക്ടീരിയയെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിൽ വിജയിച്ചിരിക്കുന്നത്. സ്ട്രെപ് എ ബാധിക്കുമ്പോൾ ശരീരത്തിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ മാപ്പ് ചെയ്യപ്പെട്ടതോടെയാണ് വാക്സിൻ കണ്ടെത്തുമെന്ന പ്രതീക്ഷ ശക്തമായിരിക്കുന്നത്.