- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസറിനും വാക്സിൻ എത്തുമോ ? മൊഡേണ വികസിപ്പിച്ച വാക്സിനും ഇമ്മ്യുണോ തെറാപ്പിയും ചേർന്നാൽ ത്വക്ക് കാൻസർ തടയാമെന്ന് റിപ്പോർട്ട്; അമേരിക്കൻ ശാസ്ത്ര സംഘം അനുമതിക്കുള്ള അവസാന തയ്യാറെടുപ്പിലേക്ക്
മൊഡേണ വികസിപ്പിച്ച ഒരു കാൻസർ വാക്സിന് ബ്രെക്ക്ത്രൂ തെറാപി പദവി നൽകിയിരിക്കുകയാണ് അമേരിക്കൻ ആരോഗ്യ വകുപ്പ്. ഇതോടെ ഇതിന് അന്തിമാനുമതി ലഭിക്കുന്നതിനുള്ള പ്രക്രിയകൾ അതിവേഗത്തിലാവും. ത്വക്കിൽ കാൻസർ ബാധിച്ചവരെ ഈ വാക്സിനും മറ്റൊരു ഇമ്മ്യുണോതെറാപി മരുന്നും ഒരുമിച്ച് നൽകി ചികിത്സിച്ചപ്പോൾ, രോഗം വീണ്ടും വരുന്നതിനോ മരണത്തിനോ ഉള്ള സാധ്യത 44 കുറഞ്ഞതായി കണ്ടെത്തി.
ഈ ശുഭസൂചകമായ ഫലമാണ് ഇതിന് അനുമതി നൽകുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനെ (എഫ് ഡി എ) പ്രേരിപ്പിച്ചത്. അമേരിക്കയിൽ മാത്രം പത്ത് ലക്ഷത്തിലധികംപേർ, ത്വക്ക് കാൻസറിന്റെ ഏറ്റവും ഗുരുതരമായ രൂപമായ മെലനൊമ ബാധിച്ചവരായി ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതിൽ 4 ശതമാനത്തോളം പേർ ഇപ്പോൾ അവസാന ഘട്ടത്തിലുമാണ്. മൊഡേണയുടെ വാക്സിനും മെർക്കിന്റെ ഇമ്മ്യുണോതെറാപി മരുന്നയ കീട്രുഡയും ചേർത്തുള്ള ചികിത്സയായിരുന്നു പരീക്ഷിച്ചത്.
ഇപ്പോൾ എഫ് ഡി എ ബ്രീക്ക്ത്രൂ ടാഗ് നൽകിയതിനാൽ, ഇതിന്റെ കൂടുതൽ വികസന പ്രക്രിയകളിൽ എഫ് ഡി എ നിരന്തര ഇടപെടലുകൾ നടത്തുകയും നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യും. പെട്ടെന്നുള്ള അനുമതിക്കും മുൻഗണന നൽകിയുള്ള വിലയിരുത്തലിനും ഇത് കാരണമാവുകയും ചെയ്യും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മൊഡെണ അനുമതിക്കായി അപേക്ഷിച്ചാൽ, സാധാരണ ഗതിയിൽ 10 മാസം കാത്തിരിക്കേണ്ടിടത്ത് 6 മാസം കൊണ്ട് അനുമതി ലഭിച്ചേക്കും.
ഒട്ടു മിക്ക മരുന്നുകൾക്കും വാക്സിനുകൾക്കും മൂന്ന് ട്രയലുകൾക്ക് ശേഷം മാത്രേമെ അനുമതി നൽകുകയുള്ളു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ, ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഒന്നോ രണ്ടോ ട്രയലുകൾക്ക് ശേഷവും അനുമതി നൽകാറുണ്ട്. പുതിയ വാക്സിൻ പൂർണ്ണമായും എം ആർ എൻ എ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാണ്. രോഗിയുടെ ട്യുമറിൽ നിന്നുള്ള ജനിതക കോഡ് ഉപയോഗിച്ചാണ് കാൻസറിനെ പ്രതിരോധിക്കാൻ ശരീരത്തെ പരിശീലിപ്പിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ട്യുമർ തിരിച്ചു വരാതിരിക്കാനായിട്ടാണ് ഈ വാക്സിൻ നൽകുക. മാത്രമല്ല, ഓരോ രോഗിയുടെയും വിവിധ ഘടകങ്ങളെ ആസ്പദമാക്കി തികച്ചും വ്യത്യസ്തങ്ങളായ വാക്സിനുകളായിരിക്കും നൽകുക.
മറുനാടന്‍ ഡെസ്‌ക്