- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1970 കൾ മുതൽ ജനിച്ചവരെ കാത്തിരിക്കുന്നത് ഒരു അദ്ഭുത വാർത്ത; പുരുഷന്മാർക്ക് 141 വയസ്സുവരെയും സ്ത്രീകൾക്ക് 131 വയസ്സുവരെയും ജീവിക്കാൻ കഴിഞ്ഞേക്കും; ആധുനിക മനുഷ്യന്റെ ആയുസ്സ് അദ്ഭുതകരമായി കൂടുമ്പോൾ
ശാശ്വത സത്യമാണെന്നറിഞ്ഞിട്ടും നമ്മളെല്ലാം വെറുക്കുകയും ഭയക്കുകയും ചെയ്യുന്ന ഒന്നാണ് മരണം. ജീവിച്ചു കൊതി തീരാത്തവർക്കായി ഇത് ഒരു സന്തോഷ വാർത്ത. ഇന്ന് ജീവിച്ചിരിക്കുന്നവർക്ക് ഒരുപക്ഷെ 140 വയസ്സുവരെ ജീവിക്കാൻ കഴിഞ്ഞേക്കുമെന്ന് ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നു.
പല വിദഗ്ധരും വിശ്വസിക്കുന്നത് മനുഷ്യന്റെ ആയുസ്സ് അതിന്റെ പാരമ്യതയിൽ എത്തിക്കഴിഞ്ഞു എന്നാൺ. തുടർച്ചയായി പുകവലിച്ചു കൊണ്ടിരുന്ന, 122 വയസ്സുവരെ ജീവിച്ച ജീൻ കാമെന്റ് എന്ന ഫ്രഞ്ച് വനിതയുടെ റെക്കോർഡ് ആയുസ്സിന്റെ കാര്യത്തിൽ ആർക്കും തകർക്കാൻ കഴിയില്ലെന്നും അവർ കരുതിയിരുന്നു. എന്നാൽ, ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നത് നമ്മൾ ഇപ്പോഴും പരമാവധി ആയുസ്സിൽ നിന്നും ഏറെ അകലെയാണെന്നാണ്.
യു കെയിൽ 1940 ൽ ജനിച്ച ചിലർ ഒരുപക്ഷെ 125 വയസ്സുവരെ ജീവിക്കാൻ അൻപത് ശതമാനം സാധ്യതയുണ്ടത്രെ. അതായത് ഇന്ന് എൺപതുകളിൽ ഉള്ള ചിലർ ഒരുപക്ഷെ 2065 വരെ ജീവിച്ചിരുന്നേക്കാം. 1880 കൾ മുതൽ യു കെയിൽ ജനിച്ചവരുടെ ആയുസ്സുകൾ താരതമ്യം ചെയ്ത് വിശകലനം ചെയ്തുകൊണ്ടായിരുന്നു പഠനം. ഇത് തീർച്ചയായും ഭാവിയിൽ എന്തു സംഭവിക്കും എന്നതിലേക്ക് പുതിയ വാതിലുകൾ തുറക്കുകയായിരുന്നു.
അതുപ്രകാരം 1970 കളിൽ ജനിച്ച പുരുഷൻ 141 വയസ്സുവരെയും സ്ത്രീ 131 വയസ്സുവരെയും ജീവിക്കും എന്നാണ് പറയുന്നത്. എന്നാൽ, ഇത് സ്ഥിതിവിവരക്കണക്കുകൾ മാത്രം ആശ്രയിച്ചുള്ള ഒരു പഠനമാണ്. മനുഷ്യന്റെ ജീവിത ശൈലി, കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇല്ലാതിരുന്ന രോഗങ്ങൾ എന്നിങ്ങനെ പലതും യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ ആയുസ്സ് നിർണ്ണയിക്കുന്നതിൽ ഏറെ പങ്കു വഹിക്കുന്നവയാണ് എന്ന് മറ്റു ചില വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
ഈ പഠനം അനുസരിച്ച് 1940 ൽ ജനിച്ച ഒരു പുരുഷന് 125 വയസ്സ് വരെയും സ്ത്രീക്ക് 124.5 വയസ്സ് വരെയും ജീവിക്കാനാകും. ഇതുവരെ ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് മുൻപ് പറഞ്ഞ ഫ്രഞ്ച് വനിത കാമന്റ് തന്നെയാണ് 122 വർഷവും 164 ദിവസവുമായിരുന്നു അവർ ജീവിച്ചിരുന്നത്. കഴിഞ്ഞ 25 വർഷത്തിലധികമായി ആരും ആ റെക്കോർഡ് തകർത്തട്ടില്ല.
അതേസമയം ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രവചിക്കുന്നത് 2070 ൽ ജനിച്ച ഒരു പുരുഷൻ 85 വയസ്സ് വരെ ജീവിക്കുമ്പോൾ സ്ത്രീക്ക് ആയുസ്സ് 88 ആയിരിക്കും എന്നാണ്. എന്നാൽ, ജനന മരണങ്ങളുമായി ബന്ധപ്പെട്ട ഏറെ വിവരശേഖരണമുള്ള സ്വീഡനിൽ 1900 ൽ ജനിച്ച വ്യക്തിയുടെയും 1780 ജനിച്ച വ്യക്തിയുടെയും ശരാശരി ആയുസ്സുകൾ തമ്മിൽ വലിയ വ്യത്യാസമില്ലെന്നതാണ് മറ്റൊരു വൈരുദ്ധ്യം.
അതേസമയം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മനുഷ്യകുലം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിൽ കൈവരിച്ച പുരോഗതി മനുഷ്യന്റെ ആയുർദൈർഘ്യം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട് എന്ന് തന്നെയാണ് പൊതുവെ വിലയിരുത്തുന്നത്. ആധുനിക മരുന്നുകൾ, മെച്ചപ്പെട്ട പോഷകാഹാരങ്ങൾ എന്നിവയൊക്കെ ഇതിന് സഹായകരമായിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ ഗവേഷകരായിരുന്നു ഇപ്പോൾ ആയുസ്സ് സംബന്ധിച്ച പഠനം നടത്തിയത്.
മറുനാടന് ഡെസ്ക്