- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിന് തൊട്ടുമുൻപ് നമ്മൾ കടന്ന് പോകുന്നത് എന്തുതരം മാനസികാവസ്ഥയിൽ? മരണവക്കിലെത്തിയ 19 പേരെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് പറയുന്നത് മരണാവസ്ഥയെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ തന്നെ
മനുഷ്യ മനസ്സിനെ എന്നും അലട്ടുന്ന ഒന്നാണ് മരണത്തെ കുറിച്ചുള്ള ചിന്തകൾ. അതുകൊണ്ടു തന്നെ മരണത്തിന്റെ രഹസ്യം അറിയുന്നതിന് അവന് കൗതുകവും ഏറെയാണ്. മരണവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ അടുത്ത കാലത്ത് നടന്നിട്ടുണ്ട്. അത്തരത്തിലൊരു പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സാധാരണയായി നമ്മൾ വിശ്വസിക്കുന്നതിന് വിരുദ്ധമായി മരണത്തിന്റെ തീരത്തു നിന്നും തിരിച്ചെത്തിയവർ ഒരു വർഷം കഴിഞ്ഞാലും മാറ്റമില്ലാതെ തുടരും എന്നാണ് അതിൽ പറയുന്നത്.
ഈ പഠനത്തിന്റെ ഭാഗമായി ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ മരണത്തെ മുഖാമുഖം കണ്ട 19 പേരെയായിരുന്നു ഗവേഷകർ സസൂക്ഷ്മം നിരീക്ഷിച്ചത്. പിന്നീട് 12 മാസങ്ങൾക്ക് ശേഷം വീണ്ടും അവരിൽ തുടർ പഠനങ്ങൾ നടത്തുകയുണ്ടായി. യഥാർത്ഥത്തിൽ, ഈ പഠനത്തിന്റെ ഭാഗമായി ബെൽജിയത്തിലെ യൂണിവേഴ്സിറ്റി ഓഫ് ലീഗിലെ അഞ്ച് ഐ സി യുവുകളിലായി ചികിത്സയിലായിരുന്ന 126 രോഗികളെ ഇവർഒരാഴ്‌ച്ചയിലധികം കാലം നിരീക്ഷിച്ചിരുന്നു എന്ന് ജേർണൽ ഓഫ് ക്രിട്ടിക്കൽ കെയറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ശ്വാസ സംബന്ധിയായ രോഗങ്ങൾ, ഹൃദ്രോഗം, തുടങ്ങി വ്യത്യസ്ത കാരണങ്ങളാൽ അതിതീവ്ര ചികിത്സ തേടിയവരായിരുന്നു ഈ രോഗികൾ. ഇതിൽ ഭൂരിഭാഗവും ശസ്ത്രക്രിയക്ക് വിധേയരായവരോ വിധേയരാകാനുള്ളവരോ ആയിരുന്നു. അവരിൽ 15 ശതമാനം പേർ- 19 പേർ - മരണത്തെ മുഖാമുഖം കണ്ടതായി ഗവേഷകർ കണ്ടെത്തി. ഇവരെയാണ് തുടർ പഠനത്തിന് വിധേയരാക്കിയത്.
ഹോസ്പിറ്റലിൽ നിന്നും പുറത്തു വന്നശേഷം ഇവരുമായി മൂന്ന് മുതൽ ഏഴു ദിവസം വരെ അഭിമുഖങ്ങൾ നടത്തുകയുണ്ടായി. അതിൽ അവർക്കുണ്ടായ അനുഭവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും. തങ്ങൾ ആരെന്ന് മറന്നു പോവുക, തങ്ങളിൽ നിന്ന് സ്വയം വേർപ്പെട്ടതായി തോന്നുക തുടങ്ങിയ അനുഭവങ്ങളെ കുറിച്ച് കൂടാതെ ആത്മീയവും, മതപരവും, വിശ്വാസപരവുമായ ചോദ്യങ്ങളും അഭിമുഖങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
മരണത്തെ മുഖാമുഖം കണ്ടവരുമായി മുഖാമുഖം നടത്തിയപ്പോൾ ആദ്യമാദ്യം അവർ തങ്ങളിൽ നിന്നും തന്നെ വിട്ടു നിൽക്കുന്നത് പോലുള്ള ചില ലക്ഷണങ്ങൾ പ്രകടമാക്കി. സ്വയം തങ്ങളിൽ നിന്നും വിട്ടുമാറുന്നത് പോലെ പെരുമാറുക, വേദന അനുഭവപ്പെടാതിരിക്കുക, പലകാര്യങ്ങളിലും അനിശ്ചിതത്വം അനുഭവപ്പെടുക തുടങ്ങിയവയൊക്കെ അതിൽ ഉൾപ്പെട്ടിരുന്നു. മാത്രമല്ല, ആത്മീയ കാര്യങ്ങളിൽ ഇവർ കൂടുതൽ തത്പരരായി കാണപ്പെട്ടു.
ഒരുവർഷത്തിനു ശേഷം ഗവേഷകർ ഇവരെ വീണ്ടും സമീപിക്കുകയായിരുന്നു. അവരുടെ ജീവിത നിലവാരം അളക്കുകയായിരുന്നു ഉദ്ദേശം. മരണത്തെ മുഖാമുഖം കാണുന്ന അനുഭവം ജീവിതത്തെ മാറ്റിമറിക്കും എന്നൊക്കെ സങ്കൽപ്പിക്കാറുണ്ടെങ്കിലും അവരുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ട് അത്തരം മാറ്റങ്ങൾ ഒന്നും തന്നെ കാണാനായില്ലെന്നാണ് ഗവേഷകർ പറയുന്നത്.
മറുനാടന്‍ ഡെസ്‌ക്