റക്കം വരാത്ത രാത്രികൾ നിങ്ങളെ അലട്ടുന്നുണ്ടോ? കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരംവെളുക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കാറുള്ള വ്യക്തിയാണോ നിങ്ങൾ? നല്ലൊരു ഉറക്കം ലഭിക്കാൻ, മുറിയിൽ കൂരിരുട്ട് സൃഷ്ടിച്ചും, ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കാതിരുന്നും, ഊണിന് വളരെ മുൻപ് തന്നെ ഭക്ഷണം കഴിച്ചുമൊക്കെ ശ്രമിച്ചിട്ടുള്ള വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇത് നിങ്ങൾ തീർച്ചയായും വായിക്കണം. സുഖ നിദ്ര ലഭിക്കുവാൻ നല്ലൊരു മാർഗമിതാ.

ഉറക്കത്തിനായി പല വഴികൾ തേടുമ്പോഴും നാം അവഗണിക്കുന്ന ഒരു പ്രധാന കാര്യം മുറിയിലെ താപനിലയാണെന്ന് വിദഗ്ദ്ധർ പറയുന്നു. രാത്രികാലങ്ങളിൽ മുറിക്കകം തണുപ്പുള്ളതായി സൂക്ഷിച്ചാൽ സുഖ നിദ്ര ഉറപ്പാക്കാം എന്നാണ് പ്രശസ്ത ന്യുറോളജിസ്റ്റും സ്ലീപ് സ്പെഷ്യലിസ്റ്റുമായ ഡോ. ക്രിസ് വിന്റർ പറയുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ പലപ്പോഴും കാൽപാദങ്ങൾ പുതപ്പിൽ നിന്നും പുറത്തേക്ക് വന്നിരിക്കുന്നത് നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും.ശരീര താപനില ക്രമീകരിക്കുന്നതിനുള്ള ഒരു സ്വാഭാവിക നടപടിയാണിത് എന്നാണ് അദ്ദേഹം പറയുന്നത്.

എത്രയും പെട്ടെന്ന് സുഖ നിദ്രയിലേക്ക് വഴുതി വീഴാൻ മുറിയിലെ താപനില 16 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായി ക്രമീകരിക്കണം എന്നാണ് സ്ലീപ് ഫൗണ്ടേഷൻ നിർദ്ദേശിക്കുന്നത്. ഇത് അതിവേഗ നിദ്ര ലഭിക്കുന്നതിന് സഹായിക്കും എന്നു മാത്രമല്ല, ഗാഢ നിദ്ര പ്രദാനം ചെയ്യുകയും ചെയ്യും. തികഞ്ഞ ആരോഗ്യവാനായ ഒരാൾക്ക് ഒരു ദിവസം കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും നിദ്ര ലഭിക്കണം എന്നും വിദഗ്ദ്ധർ പറയുന്നു.

ഉറക്ക കുറവ്, സാവധാനം മറ്റു പല ഗുരുതര രോഗങ്ങൾക്കും കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൃദയം, വൃക്ക എന്നിവ സംബന്ധിച്ച രോഗങ്ങൾക്കും, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, വിഷാദരോഗം എന്നിവയ്ക്കും ഇത് കാരണമായേക്കും. മുറിയിലെ താപനില കുറച്ച് നിങ്ങൾക്ക് ഈ രോഗങ്ങളും ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും.

മുറിക്കകത്ത് അധികം ചൂടുണ്ടായിരുന്നാൽ അത് താപം നിയന്ത്രിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും തന്മൂലം ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ,മാത്രമല്ല, കിടപ്പുമുറിയിൽ ചൂട് കുറഞ്ഞിരുന്നാൽ, അത് ശരീരത്തിലെ ബ്രൗൺ ഫാറ്റ് എന്നറിയപ്പെടുന്ന ബ്രൗൺ അഡിപോസ് കലകളെ വർദ്ധിപ്പിക്കും. അതുവഴി ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിക്കും. തണുത്ത കാലാവസ്ഥയിൽ മാത്രം സജീവമാകുന്നതരം കൊഴുപ്പാണ് ബ്രൗൺ ഫാറ്റ്. ഇതിന്റെ പ്രവർത്തനമാണ് തണുത്ത കാലാവസ്ഥയിൽ ശരീരത്തെ ചൂടാക്കി നിർത്തുന്നത്.

മാത്രമല്ല, ഉറക്കവുമായി നേരിട്ട് ബന്ധമുള്ള മെലാടോണിൻ എന്ന ഹോർമോൺ തണുത്ത കാലാവസ്ഥയിൽ ധാരാളമായി ഉദ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ 16 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയിൽ താപനില മുറിക്കുള്ളിൽ നിലനിർത്തണം എന്നാണ് സ്ലീപ് ഫൗണ്ടെഷൻ നിർദ്ദേശിക്കുന്നത്.