- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനെർജി ഡ്രിങ്കുകൾ ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്; എലികളിൽ പരീക്ഷിച്ച് വിജയം കണ്ടത് ഇനി മനുഷ്യനിൽ പരീക്ഷിക്കാൻ ഉറച്ച് ശാസ്ത്രലോകം; ഊർജ്ജ ദായകർ ആയുസ്സും നീട്ടിത്തരുമ്പോൾ
ഒട്ടുമിക്ക എനർജി ഡ്രിങ്കുകളിലും ചില ഭക്ഷണ പദാർത്ഥങ്ങളിലും കണ്ടു വരുന്ന ഒരു പദാർത്ഥമാണ് ടോറിൻ. എലികളിൽ നടത്തിയ പരീക്ഷണത്തിൽ, ഇത് അവയുടെ ആയുസ്സ് വർദ്ധിപ്പിച്ചതായി കണ്ടെത്തിയെന്ന് റിപ്പോർട്ട്. മാത്രമല്ല, പ്രായമാകുന്ന പ്രക്രിയ മന്ദീഭവിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. മനുഷ്യ ശരീരത്തിലെ കോശങ്ങളെ പ്രവർത്തനോന്മുഖമാക്കുന്ന ഈ രാസവസ്തുവിന് ഒരു മൃതസഞ്ജീവനിയായും പ്രവർത്തിക്കാൻ കഴിഞ്ഞേക്കും എന്നാണ് അവർ പറയുന്നത്. അതുവഴി ആയുസ്സ് നീട്ടാനും ആകും.
സാധാരണയായി മനുഷ്യ ശരീരത്തിൽ സ്വാഭാവിക സാന്നിദ്ധ്യമുള്ള ഈ രാസവസ്തു, ഇറച്ചി, മീൻ പോലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിലും കണ്ടു വരുന്നുണ്ട്. പ്രായമേറുന്നതോടെ ശരീരത്തിലെ ടോറിന്റെ അളവിൽ 80 ശതമാനം വരെ കുറവുണ്ടാകുന്നു എന്നാണ് ന്യുയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ, ഈ രാസവസ്തു എലികളിൽ പ്രയോഗിച്ചപ്പോൾ, പ്രായമായ പല എലികൾക്കും യൗവ്വനം വലിയൊരു പരിധിവരെ തിരികെ നേടാനായി എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
മനുഷ്യരിൽ ഇത് സമാനമായ രീതിയിൽ പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. വിജയ് യാദവ് പറയുന്നത്. എന്നാൽ, ചില മൃഗങ്ങളിൽ ഇത് പ്രയോജനം ചെയ്തു. മനുഷ്യരിൽ ഇതിന്റെ പ്രവർത്തനം മനസ്സിലാക്കുവാൻ വ്യാപകമായ പരീക്ഷണം തന്നെ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ദിവസേന നിശ്ചിത അളവിൽ ടോറിൻ കലർന്ന പൂരിതാഹരങ്ങൾ കഴിച്ച് മനുഷ്യർക്ക് കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടോ എന്ന് പഠിക്കുന്നതാണ് ഈ പരീക്ഷണം.
എലികളിൽ അവയുടെ യൗവ്വന കാലയളവ് 10 മുതൽ 12 ശതമാനം വരെയും ആയുസ്സ് 18 മുതൽ 25 ശതമാനം വരെയും വർദ്ധിപ്പിക്കാൻ ടോറിൻ സഹായിക്കുന്നതായി കണ്ടെത്തി. സമാനമായ ഫലം കുരങ്ങുകളിൽ പരീക്ഷിച്ചപ്പോഴും ലഭിച്ചു. റെഡ് ബുൾ പോലുള്ള എനർജി ഡ്രിങ്കുകളിൽ ഈ രാസ പദാർത്ഥം അടങ്ങിയിട്ടുണ്ട്. എന്നാൽ, ഇത് മനുഷ്യർക്ക് ഏതെങ്കിലും വിധത്തിൽ ഉപകാരപ്രദമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ