- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീജമോ അണ്ഡമോ ഇല്ലാതെ ഭ്രൂണം സൃഷ്ടിച്ച് അമേരിക്കയിലേയും ബ്രിട്ടനിലേയും ശാസ്ത്രജ്ഞർ; ഗർഭധാരണവുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങൾക്കെല്ലാം പരിഹാരവുമായി ശാസ്ത്രലോകം; ആണും പെണ്ണുമില്ലാതെ ജീവൻ സൃഷ്ടിക്കുന്നത് അപകടകരമെന്ന് ആശങ്കപ്പെട്ട് ലോകം
ലണ്ടൻ: ശരീരവും മനസ്സും ഒരുപോലെ പ്രണയാതുരമായി ഉണ്ടാകുന്ന സംയോഗത്തിനൊടുവിലാണ് പുതു ജീവന്റെ പിറവിയുണ്ടാകുന്നത് എന്ന സങ്കൽപമെല്ലാം ഇല്ലാതെയാവുകയാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ കുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്ന് നേരത്തെ തെളിയിച്ച ആധുനിക ശാസ്ത്രം ഇപ്പോഴിതാ ആണും പെണ്ണുമില്ലെങ്കിലും ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയുമെന്ന് തെളിയിക്കുന്നു. നൈതികവും നിയമപരവുമായ ചോദ്യങ്ങൾ ഒരുപാട് ബാക്കി നിൽക്കുമ്പോഴും, അണ്ഡവും ബീജവുമില്ലാതെ കൃത്രിമ മനുഷ്യ ഭ്രൂണത്തിന് ജന്മം നൽകിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.
ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജിയും ചേർന്ന ഒരു സംയുക്ത സംരംഭത്തിലാണ് ശാസ്ത്രം ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നത്. മനുഷ്യ വികാസത്തിന്റെ ആദിമഘട്ടത്തിലുള്ള ഭ്രൂണങ്ങളോട് സമാനമായ ഒന്നാണിത്. മസ്തിഷ്‌കമോ മിടിക്കുന്ന ഹൃദയമോ ഇതിനില്ല എന്നാൽ, മറുപിള്ളയായും, ഭ്രൂണമധ്യമായുമൊക്കെ വികസിക്കാവുന്ന കോശങ്ങൾ ഇതിലുണ്ട്.
ഗർഭം അലസിപ്പോകുന്നതിനുള്ള ജീവശാസ്ത്രപരമായ കാരണങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശാൻ ഈ കണ്ടുപിടുത്തത്തിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. മാത്രമല്ല, വിരളമായ ജനിതക വൈകല്യങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്കും ഈ കണ്ടുപിടുത്തം സഹായകരമാകും. കൃത്രിമ ഭ്രൂണങ്ങൾ പക്ഷെ ബ്രിട്ടൻ ഉൾപ്പടെ പല രാജ്യങ്ങളിലും നിയമ പരിധിയിൽ പെടുന്നതല്ല. അതുകൊണ്ട് തന്നെ മനുഷ്യ ഭ്രൂണം ലബോറട്ടറികളിൽ പരീക്ഷണ വസ്തുവാക്കുന്നത് സംബന്ധിച്ച് നിരവധി നിയമ പ്രശ്നങ്ങൾ ഉണ്ടായേക്കാം. മാത്രമല്ല, ഇത്തരമൊരു പരീക്ഷണത്തിന്റെ നൈതികതയും ചോദ്യം ചെയ്യപ്പെട്ടേക്കാം.
നിലവിലെ നിയമങ്ങൾ പ്രകാരം പരമാവധി 14 ദിവസം വരെ മാത്രമാണ് ഭ്രൂണങ്ങളെ ലാബിനുള്ളിൽ വികസിപ്പിക്കാൻ അനുവാദമുള്ളു. അതുകഴിഞ്ഞാൽ പിന്നെ ഗർഭകാല സ്‌കാനുകളിലൂടെയും മറ്റും വേണം പഠനം തുടരാൻ അതേസമയം ഭ്രൂണ വളർച്ചയുടെ സുപ്രധാന ഘട്ടമായ 14 മുതൽ 28 ദിവസം വരെയുള്ള കാലയളവിലെ പരിണാമങ്ങൾ പഠിക്കുന്നതിനായിട്ടായിരുന്നു ഇപ്പോൾ കൃത്രിമ ഭ്രൂണം സൃഷ്ടിച്ചത്.
ബോസ്റ്റണിൽ നടന്ന ഇന്റർനാഷണൽ സൊസൈറ്റി ഫോർ സ്റ്റെം സെൽ റിസർച്ചിന്റെ വാർഷിക സമ്മേളനത്തിൽ, യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ ഫെല്ലോ ആയ പ്രൊഫസർ മഗ്ദലെന സെർണിക്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എംബ്രിയോണിക് സ്റ്റെം കോശങ്ങളുടെ റീ പ്രോഗ്രാമിംഗിലൂടെ മനുഷ്യ ഭ്രൂണത്തിന് സമാനമായ മാതൃകകൾ സൃഷ്ടിക്കാൻ കഴിയും എന്നാണ് അവർ പറഞ്ഞത്. പൂർണ്ണമായും സ്റ്റെം കോശങ്ങളിൽ നിന്നാണ് അതിനെ വികസിപ്പിച്ചെടുക്കുന്നതെന്നും, ബീജമോ അണ്ഡമോ ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കൃത്രിമ ഭ്രൂണങ്ങൾ ഒരു പരിധിക്ക് അപ്പുറം വളരുമോ എന്ന കാര്യത്തിൽ വ്യക്തത ഇനിയും കൈവന്നിട്ടില്ല. എന്നാൽ, അത്തരമൊരു ഭ്രൂണം ഒരു മനുഷ്യ ഗർഭത്തിൽ നിക്ഷേപിക്കുന്നത് നിലവിലുള്ള നിയമങ്ങൾ പ്രകാരം കുറ്റകരമാണ്. മാത്രമല്ല, മെഡിക്കൽ കാര്യങ്ങൾക്കായി അടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള ഒരു ഭ്രൂണം ഉപയോഗിക്കാൻ കഴിയുമെന്നതിനും പ്രതീക്ഷയില്ല.
മറുനാടന് ഡെസ്ക്