രൾ കരിച്ചു കളയല്ലേ എന്നത് നാട്ടിൽ മദ്യപാനികൾക്ക് സ്ഥിരമായി ലഭിക്കാറുള്ള സൗജന്യ ഉപദേശമാണ്. കരൾ രോഗങ്ങൾ മദ്യപാനം മൂലമുണ്ടാകുന്നതാണ് എന്ന ഒരു പൊതു ധാരണയാണ് ഇതിന് കാരണം. മദ്യപാനം കരളിന് ഏറെ ദൂഷ്യം ചെയ്യും എന്ന വസ്തുതയുള്ളപ്പോൾ പോലും, മദ്യപിക്കാതെയും കരളിന് രോഗങ്ങൾ ഉണ്ടായേക്കാം എന്നാണ് ചില അനുഭവങ്ങൾ പറയുന്നത്. അത്തരത്തിലൊരു രോഗമാണ് എൻ എ എഫ് എൽ ഡി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന രോഗം.

കരളിനകത്തോ, അതിന് ചുറ്റുമായോ കൊഴുപ്പ് കോശങ്ങൾ രൂപം കൊള്ളുന്നത് വഴിയാണ് ഫാറ്റി ലിവർ എന്നു കൂടി അറിയപ്പെടുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന രോഗം ഉണ്ടാകുന്നത്. ഇത് കരളിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ്. ഈ രോഗത്തിന് മദ്യപാനവുമായി നേരിട്ടൊരു ബന്ധവുമില്ല, ഇത് ബന്ധപ്പെട്ടിരിക്കുന്നത് അമിത വണ്ണവുമായിട്ടാണ്. ആധുനിക ജീവിത ശൈലി പിന്തുടരുന്ന ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനൊപ്പം ഫാറ്റി ലിവർ രോഗികളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്.

അനൗദ്യോഗിക കണക്കുകൾ പ്രകാരം ലോകത്ത് പ്രായപൂർത്തിയായവരിൽ അഞ്ചിലൊരാൾക്ക് വീതം ഈ രോഗമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അമിതവണ്ണമുള്ളവരിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നതെങ്കിലും, മെലിഞ്ഞ ശരീര പ്രകൃതിയുള്ളവരിലും ഇത് ദൃശ്യമാകാറുണ്ട്. ഇത് ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ, ഭക്ഷണ ശീലം ക്രമീകരിച്ചും, ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയും ഭേദമാക്കാവുന്ന ഒന്നാണ്. എന്നാൽ, സാധാരണയായി ആദ്യ ഘട്ടത്തിൽ കണ്ടെത്താനാകാറില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

അഞ്ചിൽ നാല് കേസുകളും കാര്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവയായിരിക്കും എന്നതാണ് ഇതിന് കാരണം. കരളിനകത്ത് ഒരു ടൈംബോബ് ഇരിക്കുന്നത് നാം അറിയാതെ പോകും. ജനിതക കാരണങ്ങൾ കൂടി ഈ രോഗത്തിന് ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ശരീരപിണ്ഡ സൂചിക 23 എന്നത് മറ്റിടങ്ങളിൽ സുരക്ഷിതമായ ഒന്നാണ്. എന്നാൽ ഈ ശരീര പിണ്ഡ സൂചികയുള്ള ദക്ഷിണേഷ്യൻ വംശജരിൽ ഫാറ്റി ലിവർ കാണപ്പെടുന്നു എന്നതാണ് ഇത്തരമൊരു അനുമാനത്തിന് ഒരു കാരണം.

പഞ്ചസാരയുടെ അമിതമായ ഉപയോഗമായിരിക്കാം ഇതിന് കാരണം എന്നും വിലയിരുത്തുന്നുണ്ട്. പ്രതിവർഷം ബ്രിട്ടനിൽ മാത്രം 10,000 പേരോളമാണ് കരൾ രോഗങ്ങൾ മൂലം മരണമടയുന്നതെന്ന് ബ്രിട്ടീഷ് ലിവർ ട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് പമേല ഹീലേ പറയുന്നു. കരൾ രോഗങ്ങൾ പബ്ലിക് ഹെൽത്ത് എമർജൻസിയായി പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

കുട്ടികളിൽ പോലും കരൾ രോഗങ്ങൾക്ക് ആരംഭം കുറിക്കുന്ന ഒന്നാണ് ഫാറ്റി ലിവർ എന്ന് അവർ പറയുന്നു. കഴിഞ്ഞ 20 വർഷങ്ങൾകൊണ്ട് ഇത് ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.