- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന്റെ ഏത് വകഭേദത്തെയും തടയാൻ കെൽപ്പുള്ള ആന്റിബോഡികൾ കണ്ടെത്തി ശാസ്ത്രജ്ഞർ; യൂണിവേഴ്സൽ കൊറോണ വൈറസ് വാക്സിൻ എന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലെക്ക് ഒരു ചുവടു കൂടി മുൻപോട്ട്; ശാസ്ത്രം കോവിഡിനെ പൂർണ്ണമായി പരാജയപ്പെടുത്തുമോ ?
കോവിഡ് എന്ന മഹാമാരി വിതച്ച വിപത്തിൽ നിന്നും ഇനിയും ലോകം പൂർണ്ണമായും മുക്തി നേടിയിട്ടില്ല. ലോകത്തെ മുഴുവൻ ആറു മാസക്കാലത്തോളം നിശ്ചലമാക്കിയ ആ പ്രതിസന്ധിയുടെ ബാക്കിപത്രം എന്നതു പോലെ പല രാജ്യങ്ങളിലും ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. മറ്റ് പല രോഗങ്ങളിൽ നിന്നും വിഭിന്നമായി, ഇടക്കിടെ ജനിതകമാറ്റം സംഭവിക്കുന്ന വൈറസുകളായിരുന്നു രോഗ പ്രതിരോധത്തിൽ വലിയ തടസ്സമായി നിന്നത്. ഇപ്പോഴിതാ, എല്ലാ തരം വകഭേദങ്ങളേയും പ്രതിരോധിക്കാൻ കെല്പുള്ള ആന്റിബോഡികൾ കണ്ടെത്തിയിരിക്കുന്നു എന്ന സന്തോഷ വാർത്ത പുറത്തു വരുന്നു.
കോവിഡിന്റെ പൂർവ്വികനായിരുന്ന, 2002 ലെ സാർസ് വൈറസ് ബാധയേറ്റ് സുഖം പ്രാപിച്ച രോഗികളുടെ രക്തത്തിൽ നിന്നാണ് ശാസ്ത്രജ്ഞർ പുതിയ ആറു ആന്റിബോഡികൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ രോഗികൾക്ക് കോവിഡ് വാക്സിൻ ലഭിക്കുകയും ചെയ്തിരുന്നു. ഈ ആന്റിബോഡികളിൽ ഏറ്റവും ശക്തമായ ഇ 7, പുതുതായി ഉദയം കൊണ്ട സാർസ് -കോവ്-2 വകഭേദങ്ങളായ ഓമിക്രോൺ, എക്സ് ബി ബി. 1.16 എന്നിവയേയും പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സിംഗപ്പൂരിലെ ഡ്യുക്ക്- എൻ യു എസ് മെഡിക്കൽ സ്‌കൂളിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാർ നടത്തിയ ഗവേഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത്. കോശങ്ങളെ ബാധിക്കുന്നതിനും രോഗം ഉണ്ടാക്കുന്നതിനുമായി വൈറസുകൾക്ക് ആവശ്യമായ ഷേപ്പ്-ഷിഫ്റ്റിങ് എന്ന പ്രക്രിയയെ ഇ 7 തടയുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിൽ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതിനിടയിലാണ് ഈ കണ്ടെത്തൽ.
അമേരിക്കയിൽ ആകമാനമായ കോവിഡ് ബാധിച്ച് ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് 10 ശതമാനം വർദ്ധനവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇപ്പോഴത്തെ തരംഗം മുൻ തരംഗങ്ങളെ അപേക്ഷിച്ച് ദുർബലമാണെന്നാണ് യു എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ വിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല, കോവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണവും അടുത്ത ഏതാനും മാസങ്ങളായി കുത്തനെ ഇടിയുകയുമാണ്.
ഇതിനിടയിലാണ് സിംഗപ്പൂർ, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളി നിന്നുള്ള ശസ്ത്രജ്ഞന്മാരുടെ സംഘം വിവിധ കോവിഡ് വകഭേദങ്ങളെ തടയാൻ ശക്തിയുള്ള ആറ് ആന്റിബോഡികൾ കണ്ടെത്തിയത്. ആദ്യത്തെ കൊറോണാ വൈറസ്, സാർസ് - കോവ് 2, ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, വിവിധ ഓമിക്രോൺ വകഭേദങ്ങൾ എന്നിവയെ എല്ലാം ഈ ആന്റിബോഡികൾ വിജയകരമായി പ്രതിരോധിച്ചു എന്നാണ് അവർ അവകാശപ്പെടുന്നത്.
ഒരു അനന്യ സാധാരണമായ രോഗപ്രതിരോധ ശേഷിയുള്ള ശ്വേത രക്താണുവിനെ ക്ലോൺ ചെയ്ത് നിർമ്മിച്ചവയാണ് ഈ മോണോക്ലോണൽ ആന്റിബോഡികൾ.
മറുനാടന് മലയാളി ബ്യൂറോ