- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീജസങ്കലനം നടത്താതെ ഭ്രൂണത്തെ സൃഷ്ടിച്ച് ശാസ്ത്രജ്ഞർ; ഗർഭപാത്രം പോലുമില്ലാതെ ഒരു ഗർഭധാരണം; പ്രിഗ്‌നൻസി ടെസ്റ്റിൽ പോസിറ്റീവ് ഫലവും; ശാസ്ത്രം ജയിക്കുമ്പോൾ മനുഷ്യൻ തോൽക്കുമോ ?
ബീജമോ, അണ്ഡമോ എന്തിനധികം ഗർഭപാത്രം പോലുമില്ലാതെ ശാസ്ത്രജ്ഞർ മനുഷ്യ ഭ്രൂണത്തിനോട് ഏറെ സമാനതകൾ പുലർത്തുന്ന ഭ്രൂണം സൃഷ്ടിച്ചിരിക്കുന്നു. സാധാരണ പ്രിഗ്‌നൻസി പരിശോധനകളിൽ പോസിറ്റീവ് ഫലം നൽകാൻ സ്ത്രീകൾ ഉദ്പാദിപ്പിക്കുന്നത്ര ഹോർമോണുകളും ഈ ഭ്രൂണം ഉദ്പാദിപ്പിച്ചിട്ടുണ്ട്. അതായത്, ലബോറട്ടറി പരിശോധനകളിൽ ഇത് പോസിറ്റീവ് ഫലം നൽകുമെന്ന് ഉറപ്പ്.
ഇസ്രയേലിലെ വീസ്മാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് സയൻസിലെ ഗവേഷകരാണ്, ലാബിൽ വികസിപ്പിച്ച സ്റ്റെം കോശങ്ങളിൽ നിന്നും മനുഷ്യ ഭ്രൂണത്തിന്റെ മാതൃക സൃഷ്ടിച്ചത്. നേരത്തേ മറ്റൊരു പരീക്ഷണത്തിൽ ഇവിടെ സമാനമായ രീതിയിൽ എലിയുടെ ഭ്രൂണവും ഉദ്പാദിപ്പിച്ചിരുന്നു. യഥാർത്ഥ മനുഷ്യ ഭ്രൂണങ്ങളിൽ പരീക്ഷണം നടത്താതെ, ഭ്രൂണ വളർച്ചയുടെ ആദ്യകാലങ്ങളിൽ എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച്ച് വിശദമായി പഠിക്കാൻ ഈ പുതിയ കണ്ടുപിടിത്തം സഹായിക്കും എന്നാണ് ഗവേഷകർ കരുതുന്നത്.
ഈ ഭ്രൂണം ഒരു മനുഷ്യനല്ല, ഗർഭപാത്രത്തിൽ നിക്ഷേപിക്കാത്തതിനാൽ ഇതിന് വളർന്ന് മനുഷ്യനാകാൻ കഴിയുകയുമില്ല. 9 മുതൽ 12 ആഴ്‌ച്ചകൾക്ക് ശേഷം പ്രധാന അവയവ വ്യവസ്ഥകളെല്ലാം വികസിച്ചു വരുമ്പോഴാണ് ഒരു ഭ്രൂണത്തെ ശിശുവിന്റെ ആദ്യരൂപമായി പരിഗണിക്കുന്നത്. 14 ദിവസം പ്രായമായ ഒരു മനുഷ്യ ഭ്രൂണത്തിന് സാധാരണയായി ഉള്ള ഘടനാവിശേഷങ്ങൾ എല്ലാം തന്നെ ഉള്ളതാണ് ഈ കൃത്രിമ ഭ്രൂണവും.
ഗർഭങ്ങൾ സാധാരണയായി അലസി പോകുന്നതും, അതുപോലെ ജന്മ വൈകല്യങ്ങൾ ഉണ്ടാകുന്നതും സാധാരണയായി ഈ കാലയളവിലാണ്. എന്നാൽ അതിനെ കുറിച്ച് ഏറെയൊന്നും മനസ്സിലാക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് ആയിട്ടില്ല. നാടകീയ പരിണാമങ്ങൾ നടക്കുന്നത് ഗർഭകാലത്തിന്റെ ആദ്യ മാസത്തിലാണ് എന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജേക്കബ് ഹന്ന പറയുന്നത്. പിന്നീടുള്ള മാസങ്ങൾ വളർച്ചയുടെ ഘട്ടങ്ങളാണ്.
ഈ ആദ്യമാസ കാലത്തെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് തുലോം പരിമിതമാണ്. മനുഷ്യ ഭ്രൂണത്തിൽ പരീക്ഷണങ്ങൾ നടത്തുന്നതിൽ നൈതികതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇത്. കൃത്രിമ ഭ്രൂണത്തിന്റെ കാര്യത്തിൽ നൈതികത ഒരു വിഷയമാകില്ല എന്നതിനാൽ, പരീക്ഷണങ്ങളുമായി മുൻപോട്ട് പോകാൻ കഴിയും. ഒരു യഥാർത്ഥ മനുഷ്യ ഭ്രൂണത്തിന്റെ വികാസം ഈ കൃത്രിമ ഭ്രൂണം അതേപടി അനുകരിക്കും.
ഒരു ഭ്രൂണത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന കോശങ്ങളുടെ അസാന്നിദ്ധ്യത്താൽ ഇതുവരെ സൃഷ്ടിച്ച ഭൂണ മാതൃകകൾ ഒന്നും തന്നെ കൃത്യതയുള്ളതായിരുന്നില്ല. മാത്രമല്ല, അവയൊന്നും തന്നെ 14 ദിവസങ്ങൾക്കപ്പുറം വളർന്നതുമില്ല. ബീജവും അണ്ഡവും ഉപയോഗിക്കാതെ, സ്റ്റെം കോശങ്ങളുടെ ഘടന വ്യത്യാസം വരുത്തിയാണ് ഇസ്രയേലി ശാസ്ത്രജ്ഞർ ഈ കൃത്രിമ ഭ്രൂണത്തെ സൃഷ്ടിച്ചത്.
മനുഷ്യ ശരീരത്തിൽ മാറ്റി വയ്ക്കുന്നതിനുള്ള വിവിധ അവയവങ്ങൾ കൃത്രിമമായി നിർമ്മിക്കുന്നതിനും ഈ ഭ്രൂണ മാതൃക സഹായകരമാകുമെന്നാണ് പ്രൊഫസർ ഹന്ന അവകാശപ്പെടുന്നത്. ഇന്നലെ നേച്ചർ എന്ന ജേർണലിലായിരുന്നു ഇത് സംബന്ധിച്ച വാർത്ത വന്നത്.
മറുനാടന് മലയാളി ബ്യൂറോ